തമിഴ് സംഗീതസംവിധായകനും ഗായകനുമായ 'തേനിസൈ തെൻട്രൽ' ദേവ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സൂര്യ ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിനിടയിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങൾക്കാണ് അദ്ദേഹം സംഗീതം പകർന്നിട്ടുള്ളത്.
1980-കളുടെ അവസാനത്തിലും 1990-കളിലും തമിഴ് സിനിമാ സംഗീത ലോകം അടക്കിഭരിച്ചിരുന്ന ഹിറ്റ്മേക്കറായിരുന്നു ദേവ. ചെന്നൈയുടെ തനതായ 'ഗാന' പാരമ്പര്യത്തിലെ ഈണങ്ങളെയും താളങ്ങളെയും മുഖ്യധാരാ സിനിമയിലേക്ക് വിജയകരമായി വഴിതിരിച്ചുവിട്ടത് അദ്ദേഹമാണ്.
അണ്ണാമലൈ', 'ബാഷ', 'ആസൈ', 'കാതൽ കോട്ടൈ', 'നേർക്കു നേർ', 'നിനൈത്തേൻ വന്തായെ', 'വാലി'', ഖുഷി' തുടങ്ങി നിരവധി സിനിമകൾക്ക് സംഗീതമൊരുക്കിയിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ 'കലൈമാമണി' പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 'ആസൈ' എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
തമിഴിന് പുറമെ മലയാളത്തിലും ഒട്ടനവധി മികച്ച ഗാനങ്ങൾ ദേവ സമ്മാനിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രം 'ദ് പ്രിൻസ്', മമ്മൂട്ടി ചിത്രം 'ഫാന്റം', 'കിംഗ് സോളമൻ' തുടങ്ങിയ മലയാള സിനിമകൾക്ക് സംഗീതമൊരുക്കിയിട്ടുണ്ട്.