പ്രതീകാത്മക ചിത്രം
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലിയോടനുബന്ധിച്ച് 8,000 രൂപ ധനസഹായം നല്‍കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന മുന്നറിയിപ്പുമായി ഗുജറാത്ത് പൊലിസ്. ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിനും ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്തുന്നതിനും കാരണമാകാമെന്നും പൊലിസ് അറിയിച്ചു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് സൈബര്‍ തട്ടിപ്പുകാര്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മൊബൈല്‍ നമ്പര്‍ ധനസഹായത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്ന വ്യാജ വെബ്സൈറ്റിലേക്കാണ് ഉപയോക്താക്കളെ എത്തിക്കുന്നത്. തുടര്‍ന്ന് സന്ദേശം അഞ്ച് വാട്സ്ആപ്പ് അല്ലെങ്കില്‍ ടെലിഗ്രാം ഗ്രൂപ്പുകളിലേക്കോ 20 സുഹൃത്തുക്കള്‍ക്കോ അയയ്ക്കാന്‍ ആവശ്യപ്പെടും. പിന്നീട് പണം ലഭിക്കുന്നതിനായി മൊബൈല്‍ നമ്പര്‍ നല്‍കാനും നിര്‍ദേശിക്കും.
അടുത്ത ഘട്ടത്തില്‍ എട്ട് അക്കങ്ങളുള്ള ഒരു കണക്ഷന് കോഡ് സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. ഈ കോഡ് വാട്സ്ആപ്പിലെ ‘ലിങ്കിഡ് ഡിവൈസ്’ ഓപ്ഷനില്‍ നല്‍കാനാണു നിര്‍ദേശം. ഇങ്ങനെ ചെയ്യുന്നതോടെ തട്ടിപ്പുകാര്‍ക്ക് ഇരയുടെ വാട്സ്ആപ്പ് അക്കൗണ്ട് മറ്റൊരു അനധികൃത ഉപകരണവുമായി ബന്ധിപ്പിച്ച് നിയന്ത്രണം നേടാന്‍ സാധിക്കും.
യഥാര്‍ഥ വാട്സ്ആപ്പ് നമ്പര്‍ ലഭിച്ചാല്‍ മാത്രമേ അക്കൗണ്ട് മറ്റൊരു ഉപകരണവുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ പൂര്ത്തിയാക്കാനാകൂ എന്നതിനാലാണ് തട്ടിപ്പുകാര്‍ ഇരകളുടെ യഥാര്‍ഥ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുന്നതെന്ന് സൈബര്‍ ക്രൈം ഡെപ്യൂട്ടി കമ്മീഷണര്‍ ലവീന സിന്‍ഹ പറഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ടു-സ്റ്റെപ്പ് വെരിഫിക്കേഷന് ആക്ടിവേറ്റ് ചെയ്യണമെന്ന് പൊലിസ് നിര്‍ദേശിച്ചു.
Tags : Crime Diwali GujaratPolice FakeMessage Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash