കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്
പാറേല്‍ പള്ളി കൂദാശ ചെയ്യപ്പെടുകയും ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്യുന്ന മഹനീയ അവസരത്തില്‍, പരിശുദ്ധ അമ്മയില്‍ സഭ തന്റെ രഹസ്യത്തെ കണ്ടെത്തുന്നുവെന്നും അവളില്‍ ദൈവജനം തങ്ങളുടെ ഉറവിടവും മാതൃകയും ലക്ഷ്യവും കണ്ടെത്തുന്നുവെന്നും നമുക്ക് ഹൃദയത്തില്‍ കുറിക്കാമെന്ന ലെയോ പതിനാലാമന്‍ മാർപാപ്പയുടെ വാക്കുകളാണ് മനസിലേക്കു വരുന്നതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്. ഫാത്തിമയിലെ പരിശുദ്ധ അമ്മയുടെ തിരുനാള്‍ ദിവസമായ മേയ് 13നാണ് ലെയോ പതിനാലാമന്‍ മാർപാപ്പ ഇക്കാര്യം പറഞ്ഞതെന്നും മാര്‍ കൂവക്കാട് കൂട്ടിച്ചേർത്തു. പാറേല്‍ പള്ളിയുടെ മുന്‍ അസിസ്റ്റന്റ് വികാരിയും വത്തിക്കാന്റെ മതാന്തര സംവാദങ്ങൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫക്ടുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് ദീപികയോട് സംസാരിക്കുന്നു.
പാറേല്‍ പള്ളിയോടുള്ള ആത്മബന്ധം?
കുട്ടിക്കാലത്ത് വല്യമ്മച്ചി ശോശാമ്മയും വല്യപ്പച്ചന് തോമ്മാച്ചായനും പറഞ്ഞുതന്ന മരിയഭക്തിയും പാറേല്‍ മാതാവിനെക്കുറിച്ചു നല്കിയ അറിവുകളും മനസിലെ ഓര്‍മകളാണ്. പാറേല്‍ പള്ളി തിരുനാള്‍ മനസു നിറയുന്ന വലിയ ആഘോഷമായിരുന്നു. ക്രിസ്തുജ്യോതി സ്കൂളിലും എസ്ബി കോളജിലും പഠിക്കുന്ന കാലത്തും അവധിസമയങ്ങളില്‍ പാറേല്‍ പള്ളിയില്‍ പോയിരുന്നു. നാട്ടില്‍ എത്തുമ്പോള്‍ പാറേല്‍ പള്ളിയില്‍ പോകാനും പ്രാര്‍ഥിക്കാനും സമയം കണ്ടെത്തുന്നു.
ഇടവക ശുശ്രൂഷ ചെയ്ത ഏക പള്ളി?
ഇടവക വൈദികനാകാന്‍ ആഗ്രഹിച്ച് വൈദികനായി. പൗരോഹിത്യം സ്വീകരിച്ച് ആദ്യനിയമനം ലഭിച്ചത് പാറേല്‍ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായാണ്. നാല് മാസക്കാലം ശുശ്രൂഷയ്ക്ക് അവസരം ലഭിച്ചു. അതിനുശേഷം വത്തിക്കാനിലെ നയതന്ത്ര കാര്യാലയ ശുശ്രൂഷയിലേക്കു പോയി. പൗരോഹിത്യജീവിതത്തിലെ ആദ്യ ശുശ്രൂഷാവേദി എന്ന നിലയില്‍ എന്റെ ഹൃദയത്തില്‍ സവിശേഷമായ സ്ഥാനം പാറേല്‍ പള്ളിക്കുണ്ട്.
പാറേല്‍ പള്ളിയുടെ സവിശേഷത?
പരിശുദ്ധ അമ്മയുടെ അമലോത്ഭവത്തിന്റെ വിശുദ്ധ സ്മരണയില്‍ നിര്‍മിച്ചിരിക്കുന്ന ഈ പള്ളി ചങ്ങനാശേരി അതിരൂപതയ്ക്ക് മുഴുവനും ആത്മീയ ഊര്‍ജം പകരുന്ന ഇടമാണ്. ജാതിമതഭേദമെന്യേ അനേകായിരങ്ങള്‍ ഈ പള്ളിയിലേക്ക് വര്‍ഷം മുഴുവനും, പ്രത്യേകിച്ച് ഡിസംബറിലെ തിരുനാള്‍ അവസരത്തില്‍ കടന്നുവരുന്നത് മാതാവിനോടുള്ള സ്നേഹത്തിന്റെയും ഭക്തിയുടെയും തെളിവാണ്.
വത്തിക്കാന്‍ നല്കുന്ന അംഗീകാരം?
ദൈവം കനിഞ്ഞനുഗ്രഹിച്ച പാറേല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തെ മൈനര്‍ ബസിലിക്കയായി വത്തിക്കാനില്‍നിന്നു പ്രഖ്യാപിച്ചിരിക്കുന്നു. കേരള സഭയ്ക്കും ചങ്ങനാശേരി അതിരൂപതയ്ക്കും ലഭിക്കുന്ന വത്തിക്കാന്റെ അംഗീകാരമാണ്. ഇത് സന്തോഷത്തിന്റെയും കൃതജ്ഞതയുടെയും നിമിഷങ്ങളാണ്.
തീര്‍ഥാടനകേന്ദ്രം കൂദാശയും ബസിലിക്കാ പ്രഖ്യാപനവും?
ദൈവാലയ കൂദാശയിലും ബസിലിക്കാ പ്രഖ്യാപനത്തിലും നമുക്കും കുടുംബാംഗങ്ങള്‍ക്കും പങ്കെടുക്കാന്‍ കഴിയുന്നത് അനുഗ്രഹമാണ്. പരിശുദ്ധ അമ്മയുടെ മാതൃക നമ്മുടെ ജീവിതത്തില്‍ പകര്‍ത്തി ദൈവതിരുമനസിന് പൂര്‍ണഹൃദയത്തോടെ ആമേന്‍ പറയുന്ന മനോഭാവം നമ്മിലുണ്ടാകണം. ഈ തിരുക്കര്‍മങ്ങള്‍ നമ്മില്‍ ആത്മീയ മാറ്റത്തിനും ഇടവരുത്തണം.
മതാന്തര സംവാദവും പരിശുദ്ധ മറിയവും?
വത്തിക്കാന്റെ മതാന്തര സംവാദങ്ങളില്‍ പരിശുദ്ധ കന്യകാമാതാവ് പ്രധാന വിഷയമാണ്. ലോകത്തിലെ എല്ലാ മതങ്ങളും ഈശോയുടെ അമ്മയെന്ന നിലയില്‍ മാതൃഭക്തി അംഗീകരിക്കുന്നു. വത്തിക്കാന്റെ മതാന്തര സംവാദത്തിനുള്ള കാര്യാലയത്തിന്റെ പ്രീഫക്ടെന്ന നിലയില്‍ ഇക്കാര്യം എനിക്ക് ബോധ്യമാകുന്നുണ്ട്.
Tags : Parel Church devotion Mother overflowing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash