പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നവരാത്രി പൂജ-ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 14 മുതൽ നവംബർ 14 വരെ ബംഗളൂരു, മൈസൂരു, ചെന്നൈ എന്നീ നഗരങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കും തിരിച്ചും അധിക ബസുകൾ സർവീസ് നടത്തും.
യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള ഓൺലൈൻ റിസർവേഷൻ സൗകര്യവും ആരംഭിച്ചിട്ടുണ്ട്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്, മലപ്പുറം, തൃശൂർ, നിലമ്പൂർ, പൊന്നാനി, എറണാകുളം, ചങ്ങനാശേരി, പാലാ, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, കോട്ടയം, അടൂർ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസുകൾ ക്രമീകരിച്ചിട്ടുള്ളത്.
ഇതിനുപുറമെ മൈസൂരുവിൽ നിന്ന് കണ്ണൂർ, മധുര എന്നിവിടങ്ങളിലേക്കും സർവീസുകൾ ഉണ്ടാകും. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും യാത്രാസൗകര്യമുണ്ട്. എറണാകുളത്തേക്കുള്ളത് മൾട്ടി ആക്സിൽ എസി ബസുകളാണ്.
കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് തിരികെ അന്യസംസ്ഥാനങ്ങളിലേക്കും പ്രത്യേക സർവീസുകൾ സജ്ജമാക്കിയിട്ടുണ്ട്. കോഴിക്കോട്, നിലമ്പൂർ, പൊന്നാനി, മലപ്പുറം, തൃശൂർ, എറണാകുളം, ചങ്ങനാശേരി, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, കോട്ടയം, അടൂർ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് ബംഗളൂരുവിലേക്ക് ബസുകൾ ഓടും.
പാലാ, കണ്ണൂർ എന്നീ ഡിപ്പോകളിൽ നിന്ന് മൈസൂരുവിലേക്കും, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് ചെന്നൈയിലേക്കുമാണ് സർവീസുകൾ ലഭ്യമാവുക. ചെന്നൈയിലേക്കുള്ള എറണാകുളം സർവീസും മൾട്ടി ആക്സിൽ എസി ബസിലാണ്. ഇതിൽ ചില റൂട്ടുകളിൽ ബസുകൾ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക. വരുംദിവസങ്ങളിലെ തിരക്കനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ നിരത്തിലിറക്കാനും കെഎസ്ആർടിസിക്ക് പദ്ധതിയുണ്ട്.
Tags : KSRTC announces special interstate services Pooja-Diwali holidays