പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകി. പൊതുഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർക്കാർ ഉത്തരവിറക്കിയത്. ഒരു നിയമസഭാ മണ്ഡലത്തിൽ പരമാവധി മൂന്ന് ബസുകൾ വരെ വാങ്ങാനാണ് അനുമതി.
ബസുകൾ അനുവദിക്കുന്ന മണ്ഡലങ്ങളിലെ യാത്രക്കാരുടെ ആവശ്യങ്ങൾക്കാണ് സർവീസുകളിൽ ആദ്യ പരിഗണന നൽകുക. തുടർന്ന് യാത്രാ ആവശ്യകത പരിഗണിച്ചായിരിക്കും ബസുകൾ വിന്യസിക്കുക. വാങ്ങുന്ന ബസുകളുടെ ഇരിപ്പിടശേഷി, ബോഡി തരം, ഇന്ധന വിഭാഗം തുടങ്ങിയ കാര്യങ്ങളിൽ എംഎൽഎമാർ സിഎംഡിയുമായി ചർച്ച നടത്തണം.
എംഎൽഎമാരിൽ നിന്ന് ഫണ്ട് ഉറപ്പാക്കുന്നതിനുള്ള നടപടികൾക്കും സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. നികുതിയും രജിസ്ട്രേഷൻ ചാർജും ഉൾപ്പെടെ ഒരു ബസിന് വരുന്ന ആകെ ചെലവ് വ്യക്തമാക്കുന്ന പട്ടിക 30നകം കെഎസ്ആർടിസി സിഎംഡി ജനപ്രതിനിധികൾക്ക് കൈമാറണം.
തുടർന്ന് ബസ് വാങ്ങുന്നതിനായി തങ്ങളുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള വിഹിതം അനുവദിച്ചുകൊണ്ടുള്ള നിർദേശം ഒക്ടോബർ 15നകം എംഎൽഎമാർ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് സമർപ്പിക്കണം. നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി പുതിയ ബസുകൾ നിരത്തിലിറക്കുകയാണ് ലക്ഷ്യം.
Tags : Ksrtc MlaFund Kerala Government PublicTransport Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash