പ്രതീകാത്മക ചിത്രം
ആലപ്പുഴ: സിപിഎം ആലപ്പുഴ വിശാല ജില്ലാ സമിതിയിൽ എസ്എൻഡിപി നേതൃത്വത്തെ വിമർശിച്ച് പിണറായി വിജയൻ. എസ്എൻഡിപി യോഗ നേതൃത്വം സംഘപരിവാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും എന്നാൽ എസ്എൻഡിപി അണികളിൽ ഭൂരിപക്ഷവും മതേതര മനസുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാ നേതൃത്വവും അണികളും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ പരാമർശം. അതേസമയം വെള്ളാപ്പള്ളി നടേശന്റെ പേര് നേരിട്ട് പറയാതെയായിരുന്നു വിമർശനം. തെരഞ്ഞെടുപ്പ് കാലത്ത് വെള്ളാപ്പള്ളിയുടെ പരാമർശം സിപിഎമ്മിനെതിരെ യുഡിഎഫ് ശക്തമായ പ്രചാരണായുധമാക്കിയിരുന്നു.
എസ്എൻഡിപി നേതൃത്വത്തെ വിമർശിക്കാൻ എൻഎസ്എസ് നേതൃത്വത്തെ താരതമ്യപ്പെടുത്തിക്കാട്ടിയതും ശ്രദ്ധേയമായി. എൻഎസ്എസ് നേതൃത്വം മതേതര നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ അണികളിൽ ഭൂരിപക്ഷവും വർഗീയ ചേരിയിൽ അണിനിരന്നുകഴിഞ്ഞെന്നും പിണറായി പറഞ്ഞു.
എസ്എൻഡിപി അണികളിലെ ഭൂരിപക്ഷത്തെ പാർട്ടിക്കൊപ്പം നിർത്താനുള്ള രാഷ്ട്രീയ സന്ദേശം കൂടിയാണ് ഈ പരാമർശങ്ങളിലൂടെ പിണറായി നൽകിയത്. അതേസമയം ഇടതുസർക്കാർ സാധാരണക്കാരിൽ നിന്ന് അകന്നുപോയതാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന വിമർശനവും ആദ്യദിവസത്തെ പ്രതിനിധി ചർച്ചയിൽ ഉയർന്നിരുന്നു. ജനങ്ങളുമായുള്ള ബന്ധത്തിലുണ്ടായ അകലം തിരിച്ചടിയായെന്നും ചില പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
എന്നാൽ പാർട്ടി നേതൃത്വത്തിനെതിരെ കാര്യമായ വിമർശനങ്ങൾ ഉയർന്നില്ല. ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളിൽ ഒരാൾ പോലും പിണറായി വിജയന്റെയോ എം.വി. ഗോവിന്ദന്റെയോ പേര് എടുത്തുപറഞ്ഞ് വിമർശനം ഉന്നയിച്ചില്ല. സംഘടനാ വീഴ്ചകളെക്കുറിച്ച് സംസാരിച്ചവരും എം.വി. ഗോവിന്ദനെ നേരിട്ട് വിമർശിച്ചില്ല.
Tags : pinarayi vijayan criticized sndpleadership Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash