കീർത്തന
കോഴിക്കോട്: പങ്കാളിയുടെ കുത്തേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അഞ്ചുതവണയാണ് കീർത്തനയ്ക്ക് കുത്തേറ്റത്. ഇതിൽ കഴുത്തിലേറ്റ മുറിവ് ആഴത്തിലുള്ളതാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ശനിയാഴ്ച വടകര പൊലിസ് സ്റ്റേഷൻ വളപ്പിൽവച്ചാണ് കീർത്തനയെ പങ്കാളിയായ ജിനീഷ് കുത്തിപ്പരിക്കേൽപ്പിച്ചത്. എംഡിഎംഎ കേസിലെ ജാമ്യവ്യവസ്ഥകളുടെ ഭാഗമായി പൊലിസ് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ കീർത്തനയെ പൊലിസ് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ജിനീഷിനെ കസ്റ്റഡിയിലെടുത്തിരുന്നു.
മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ജിനീഷിന്റെ മൊഴി. ബിആർസി അധ്യാപികയായ കീർത്തനയും ജിനീഷും രണ്ടുവർഷമായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇരുവരും തമ്മിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. കീർത്തനയുടെ ചില സൗഹൃദങ്ങളിൽ ജിനീഷിന് എതിർപ്പുണ്ടായിരുന്നുവെന്നാണ് മൊഴിയിൽ പറയുന്നത്.
ഇതിനിടെ ചില ഇൻസ്റ്റഗ്രാം പോസ്റ്റുകളും സുഹൃത്തുക്കളിൽ നിന്നുണ്ടായതായി പറയുന്ന ഭീഷണികളും ജിനീഷിനെ പ്രകോപിപ്പിച്ചെന്നും പൊലിസ് പറയുന്നു. തുടർന്നാണ് കീർത്തനയെ ആക്രമിക്കാൻ തീരുമാനിച്ചതെന്നാണ് ജിനീഷ് മൊഴി നൽകിയിരിക്കുന്നത്. ആക്രമണത്തിനായി ഒരാഴ്ച മുമ്പ് കത്തി വാങ്ങിയിരുന്നുവെന്നും മൊഴിയിലുണ്ട്. സംഭവത്തിൽ പൊലിസ് അന്വേഷണം തുടരുകയാണ്.
Tags : mdma case keerthana stabbed condition serious Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash