കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന പരാതിയുമായി ബിജെപി. സംഭവത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി.ഗോപകുമാർ സംസ്ഥാന പൊലിസ് മേധാവിക്ക് പരാതി നൽകി.
സുരക്ഷാ വീഴ്ച വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ശനിയാഴ്ച കൊല്ലം ആശ്രാമം മൈതാനത്തു നിന്ന് വാഹനവ്യൂഹം പോകുമ്പോൾ അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചതാണ് വിവാദമായത്.
വിവിഐപി സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നും പരാതിയിൽ പറയുന്നു. വാഹനവ്യൂഹം കടന്നുപോയ വഴിയിൽ നിന്ന് ഏകദേശം 50 മീറ്റർ അകലത്തേക്ക് പ്രതിഷേധക്കാർക്ക് എത്താനായത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നാണ് ബിജെപിയുടെ ആരോപണം. പ്രതിഷേധ സംഘത്തിൽ കൊല്ലം കോർപറേഷൻ കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഉൾപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.
വിവിഐപിയുടെ സുരക്ഷാ വലയത്തിന് സമീപത്തേക്ക് ജനപ്രതിനിധികൾ ഉൾപ്പെട്ട സംഘത്തിന് എങ്ങനെ എത്താൻ കഴിഞ്ഞുവെന്നത് ഗൗരവമായി പരിശോധിക്കണമെന്ന് ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു. സംഭവത്തെ സാധാരണ പ്രതിഷേധമായി കണ്ട് നിസാരവത്കരിക്കരുത്.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. അതേസമയം സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Amit Shah Kollam Visit Security Breach Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash