പ്രതീകാത്മക ചിത്രം
കൊച്ചി: അനധികൃത പണപ്പിരിവും ക്രമക്കേടുമെന്ന പരാതിയിൽ കൊച്ചിയിലെ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും വീടുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന. ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ പച്ചാളം ഇരട്ടക്കുളങ്ങരയിലെ വീടുകളിലും തേവരയിലെ ഓഫീസിലും നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത പണവും ഡോളറും പിടിച്ചെടുത്തു.
കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും പിടിച്ചെടുത്തതായി വിജിലൻസ് അറിയിച്ചു. പിടിച്ചെടുത്ത വിദേശനാണ്യത്തിന് ഇന്ത്യൻ രൂപയിൽ ഏകദേശം 75,000 രൂപ മൂല്യമുണ്ടെന്നും വിജിലൻസ് വ്യക്തമാക്കി. ശനിയാഴ്ച രാവിലെ 7.45ഓടെ ആരംഭിച്ച പരിശോധന രാത്രി ഒമ്പതോടെയാണ് പൂർത്തിയായത്.
ഉദ്യോഗസ്ഥയ്ക്കെതിരെ നേരത്തെ തന്നെ വിജിലൻസിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽനിന്ന് വാറന്റ് വാങ്ങിയാണ് പരിശോധന നടത്തിയത്. കൊച്ചി നഗരത്തിലെ ചില ബാർ ഹോട്ടലുകളുമായി ബന്ധപ്പെട്ട ജിഎസ്ടി ഇടപാടുകളിൽ ഗുരുതര ക്രമക്കേടുകൾ നടക്കുന്നതായ വിവരങ്ങളും വിജിലൻസിന് ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. 2014 മുതൽ 2024 വരെയുള്ള പത്ത് വർഷത്തിനിടെ രണ്ടേമുക്കാൽ കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നുവെന്നാണ് വിവരം. ഈ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് വിശദമായ പരിശോധനയ്ക്കായി വിജിലൻസ് കോടതി വാറന്റ് അനുവദിച്ചത്.
Tags : GstDepartment Vigilance VigilanceRaid Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash