അപകടത്തിന് പിന്നാലെയുള്ള ദൃശ്യം
തിരുവനന്തപുരം: ആറ്റിങ്ങൽ മൂന്നുമുക്കിൽ നിയന്ത്രണം വിട്ട ടോറസ് ലോറി ഹോട്ടലിലേക്ക് പാഞ്ഞുകയറി വൻ തീപിടിത്തം. പുലർച്ചെ രണ്ടോടെ ദേശീയപാതയിലായിരുന്നു അപകടം. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഹോട്ടലും ലോറിയുടെ ഡ്രൈവർ ക്യാബിനും പൂർണ്ണമായി കത്തിനശിച്ചു.
കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വീണ്ടെടുക്കാൻ ശ്രമിച്ച ഡ്രൈവർ വാഹനം പെട്ടെന്ന് വെട്ടിച്ചതാണ് റോഡരികിലുണ്ടായിരുന്ന 'സുന്ദർ' എന്ന ഹോട്ടലിലേക്ക് ലോറി ഇടിച്ചുകയറാൻ കാരണം.
ഇടിയുടെ ആഘാതത്തിൽ ഉഗ്രശബ്ദത്തോടെ തീ ആളിപ്പടരുകയായിരുന്നു. എന്നാൽ, അപകടസമയത്ത് ഹോട്ടലിലുണ്ടായിരുന്നവരും ലോറി ഡ്രൈവറും പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായി അണച്ചത്.
Tags : lorry crashed massive fire Deepika DeepikaNewspaper NewsUpdate DailyNews