തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. എസ്പി ഷൗക്കത്തലി നേരിട്ടാണ് റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്. അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.
എം.ആർ. അജിത് കുമാറിനെതിരായ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖകളും റിപ്പോർട്ടിന്‍റെ ഭാഗമായി നൽകിയിട്ടുണ്ട്. എഡിജിപി എം.ആർ. അജിത് കുമാറിന്‍റെ കാലത്ത് കേസ് ഡയറി തിരുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു എസ്ഐടി അന്വേഷണം.
കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഓഫീസിൽ വച്ച് കേസ് ഡയറി തിരുത്തിയെന്നാണ് വെളിപ്പെടുത്തൽ.
എഡിജിപി അജിത് കുമാറിന്‍റെ അറിവോടെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തും ചേർന്ന് രേഖകള്‍ തിരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആദ്യ അന്വേഷണ സംഘം എസ്ഐടിക്ക് മൊഴി നൽകിയത്.
2023 ഡിസംബറിലാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപും ചേർന്ന് മർദിച്ചത്.
Tags : Congress assault case SIT DGP