പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാർഡ് മെമ്പറായ സുനിൽ ചുവട്ടുപാടം വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നു.
പാലക്കാട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത് വിവാദത്തിലായ കോൺഗ്രസ് വാർഡ് മെമ്പർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാർഡ് മെമ്പറായ സുനിൽ ചുവട്ടുപാടമാണ് ഹൈക്കോടതി വിധിയെത്തുടർന്ന് നിയമപ്രകാരം വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മോഹൻദാസാണ് സത്യവാചകം ചൊല്ലിക്കെടുത്തത്. നേരത്തെ ഈശ്വരാനുഗ്രഹത്താൽ ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നു എന്നായിരുന്നു സുനിൽ പ്രതിജ്ഞ എടുത്തിരുന്നത്. ഭരണഘടനാപരമായ പദവികളിലേക്ക് വ്യക്തികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വാർഡ് മെമ്പർ കോടതിയെ സമീപിക്കുകയായിരുന്നു.
തിരുവനന്തപുരം കോർപറേഷനിൽ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത ബിജെപി കൗൺസിലർമാരുടെ പദവി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവിലാണ് സുനിലിന്റെയും സത്യപ്രതിജ്ഞ റദ്ദാക്കിയത്.
ഉത്തരവിന്റെ പകർപ്പ് ലഭിച്ച് നാലാഴ്ചയ്ക്കുള്ളിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്യണമെന്നും നിർദ്ദേശമുണ്ടായിരുന്നു. ഇതോടെയാണ് നിയമക്കുരുക്ക് ഒഴിവാക്കാൻ സുനിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്.
Tags : oath Sunil Chuvattupadam congress oommen chandy