പ്രതീകാത്മക ചിത്രം - എഐ
മംഗളൂരു: പഴയ ചിക്കൻ വിഭവം നൽകിയതായി ഉപഭോക്താവ് പരാതി നൽകിയതിനെത്തുടർന്ന് മംഗളൂരുവിലെ കെഎഫ്സി ഔട്ട്ലറ്റ് അധികൃതർ പൂട്ടി. ഓൺലൈനായി ഓർഡർ ചെയ്ത ‘ചിക്കൻ പെരി പെരി ലെഗ്ഗ്’ പഴകിയതും അരുചിയുള്ളതുമാണെന്ന് ഒരു ഉപഭോക്താവ് പരാതിപ്പെടുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സിറ്റി സെന്ററിലെ ഔട്ട്ലറ്റിൽ മിന്നൽ പരിശോധന നടത്തുകയും അടുക്കള, സ്റ്റോർ റൂം, കോൾഡ് സ്റ്റോറേജ്, ഡീപ്പ് ഫ്രീസർ, ചിക്കൻ സ്റ്റോക്ക് എന്നിവ പരിശോധിക്കുകയും ചെയ്തു.
ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക. ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് കർണാടക ആരോഗ്യ മന്ത്രി യു.ടി. ഖാദർ വ്യക്തമാക്കി.
ധൈര്യപൂർവം പരാതി നൽകിയ ഉപഭോക്താവിനെ അഭിനന്ദിച്ച മന്ത്രി, മോശം ഭക്ഷണത്തെക്കുറിച്ചോ നിയമലംഘനങ്ങളെക്കുറിച്ചോ സംശയമുണ്ടെങ്കിൽ ഉപഭോക്താക്കൾ അധികൃതരെ വിവരമറിയിക്കണമെന്ന് അഭ്യർഥിച്ചു.
സംസ്ഥാനത്തുടനീളമുള്ള സ്ഥാപനങ്ങളിൽ പരിശോധന തുടരുമെന്നും തെറ്റുകൾ തിരുത്തി ശുചിത്വമുള്ളതും ആരോഗ്യകരവുമായ ഭക്ഷണം നൽകാൻ സ്ഥാപനങ്ങൾ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിലുടനീളം ഹോട്ടലുകൾ, ബഹുരാഷ്ട്ര ഫുഡ് ചെയിനുകൾ എന്നിവ കേന്ദ്രീകരിച്ചു നടത്തുന്ന ഭക്ഷ്യസുരക്ഷാ പരിശോധനയുടെ ഭാഗമായാണ് മംഗളൂരുവിലും പരിശോധന നടത്തിയത്.
കർണാടക ഭക്ഷ്യസുരക്ഷാ-ഔഷധ ഭരണവകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ വൻതോതിലുള്ള പരിശോധനകളാണു നടക്കുന്നത്.
Tags : KFCOutlet Mangalore closed Serving StaleChicken Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash