National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടന്ന പാർലമെന്റ് മാർച്ചിനെ പ്രതിരോധിക്കാൻ ആശയവിനിമയത്തിനും യാത്രാസംവിധാനത്തിനുമുള്ള മാർഗങ്ങൾ വിച്ഛേദിച്ച് ഡൽഹി പോലീസ്.
പതിനായിരത്തിലധികം പേർ പങ്കെടുത്ത മാർച്ച് അക്രമാസക്തമാകാതിരിക്കാൻ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മാർച്ചിന് അനുമതിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കടുത്ത നടപടികൾ.
സിജെപിയുടെ പ്രതിഷേധവേദിയായ ജന്തർ മന്തറിനു കിലോമീറ്ററുകൾക്കപ്പുറവും ഇന്റർനെറ്റ് വിച്ഛേദിച്ചും സമരഭൂമിക്കടുത്തുള്ള രാജീവ് ചൗക്ക്, പട്ടേൽ ചൗക്ക്, ജൻപഥ്, സെൻട്രൽ സെക്രട്ടേറിയറ്റ് എന്നീ മെട്രോ സ്റ്റേഷനുകൾ പൂട്ടിയുമാണ് മേഖലയിൽ പോലീസ് ക്രമസമാധാനം ഉറപ്പാക്കാനുള്ള വഴികൾ തേടിയത്.
ആയിരത്തിലധികം പോലീസുകാരെയാണു വിന്യസിച്ചിരുന്നത്. ജന്തർ മന്തറിനു ചുറ്റും ബാരിക്കേഡുകൾ ഉയർത്തിയും ഡൽഹിയുടെ പലയിടങ്ങളിൽനിന്നുമായി ഒഴുകിയെത്തിയ ജനങ്ങളെ തടഞ്ഞു.
പാർലമെന്റ് മാർച്ച് ആരംഭിച്ചതിനുശേഷം സമരക്കാർക്ക് ജന്തർ മന്തറിനു പുറത്തേക്കു കടക്കാൻ ഒരൊറ്റ വഴി മാത്രമാണ് അധികൃതർ ഒരുക്കിയത്. അതിനാൽത്തന്നെ ആൾക്കൂട്ടത്തിനിടയിൽ മണിക്കൂറുകളോളം ജലപാനം നടത്താത്തവർ പ്രതിഷേധസ്ഥലത്തുനിന്ന് മടങ്ങാൻ ഏറെ സാഹസപ്പെട്ടു.
ജന്തർ മന്തറിന്റെ മൂന്നു ഭാഗവും ബാരിക്കേഡുകളാൽ അടയ്ക്കപ്പെട്ടതിനാൽ തിക്കിലും തിരക്കിലും പെട്ടുള്ള ദുരന്തം ഒഴിവാക്കാനുള്ള ആവശ്യമായ തയാറെടുപ്പുകൾ പോലീസ് സ്വീകരിച്ചിരുന്നില്ല.
ന്യൂഡൽഹി: സിജെപിയുടെ പാർലമെന്റ് മാർച്ചിനിടെ മാധ്യമപ്രവർത്തകയ്ക്കുനേരേ കൈയേറ്റശ്രമം. ജന്തർ മന്തറിലെ സമരസ്ഥലത്തുനിന്ന് 400 മീറ്ററിലധികം മാറി രാജീവ് ചൗക്കിനടുത്താണ് ആൾക്കൂട്ടം ഇവരുടെ ചുറ്റും കൂടി ഗോദി മീഡിയ ഗോബാക്ക് മുദ്രാവാക്യം വിളിച്ച് ദേഹത്തേക്ക് വെള്ളമൊഴിച്ച് ഇവരുടെ കാറിനുനേരേ ആക്രമണം നടത്തിയത്.
District News
രാമപുരം: കുടുംബാരോഗ്യ കേന്ദ്രവും ആരോഗ്യ വകുപ്പും പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ആവശ്യമായ ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിച്ചിരുന്ന ഇറച്ചിക്കട അടപ്പിച്ചു. പരിശോധനയില്‍ സ്ഥാപനത്തില്‍ ആവശ്യമായ ശുചിത്വം പാലിക്കാത്തതും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങള്‍ നിലനിന്നിരുന്നതും കൂടാതെ നിയമാനുസൃതമായി ആവശ്യമായ ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും കണ്ടെത്തി. തുടര്‍ന്ന് ബന്ധപ്പെട്ട നിയമപ്രകാരം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്കി.
ഭക്ഷ്യവ്യാപാരസ്ഥാപനങ്ങള് ലൈസന്‍സും പൊതുജനാരോഗ്യ-ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണമെന്നും നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ തുടര്‍ന്നും സംയുക്ത പരിശോധനകളും നിയമനടപടികളും സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പരിശോധനയില്‍ രാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ് മാത്യു, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റോബിന് യേശുദാസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിബിന്‍ ശിവദാസ്, വിഇഒ കെ.എച്ച്. ജെസിന്, ആര്. ക്ലര്‍ക്ക് അഞ്ചു എന്നിവര്‍ പങ്കെടുത്തു.
Business
കൊച്ചി: കൂട്ടപ്പിരിച്ചുവിടലുമായി മറ്റൊരു കന്പനിയും. ടെക് സ്റ്റാർട്ടപ്പായ ടാൽറോപ്പാണ് കേരളത്തിലുടനീളമുള്ള ഓഫീസുകൾ അടച്ചുപൂട്ടിയത്.
300ലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമായി.യുഎസ് മെഡിക്കൽ കോഡിംഗ് സ്ഥാപനമായ കൊറോഹെൽത്ത് ഇൻഫോടെക് കേരളത്തിലെ രണ്ട് കേന്ദ്രങ്ങളിൽനിന്ന് 800ഓളം ജീവനക്കാരെ പിരിച്ചുവിട്ടത് വിവാദമായിരുന്നു.
ഇതിന് പിന്നാലെയാണ് കൊച്ചി ആസ്ഥാനമായുള്ള ഇക്കോസിസ്റ്റം ഡെവലപ്മെന്റ് കന്പനിയായ ടാൽറോപ്പ് സംസ്ഥാനത്തുടനീളമുള്ള 21 കന്പനികൾ അടച്ചുപൂട്ടിയത്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് കന്പനി അടച്ചുപൂട്ടിയതായി ടാൽറോപ്പ് പരസ്യപ്പെടുത്തിയത്.
കന്പനി നടപടിയിൽ ജീവനക്കാർ പ്രതിഷേധിച്ചു. എഐയാണ് ബിസിനസ് അടച്ചുപൂട്ടാൻ കാരണമായതെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം.
National
ചെന്നൈ: ലൈസൻസ് കാലാവധി ജൂൺ 30ഓടെ അവസാനിച്ച ബാറുകൾ അടച്ചുപൂട്ടാൻ ഉത്തരവിറക്കി തമിഴ്നാട് സർക്കാർ. ടാസ്മാക് മദ്യവിൽപ്പനശാലകളോട് ചേർന്ന് പ്രവർത്തിക്കുന്ന ബാറുകളാണ് അടച്ചുപൂട്ടിയിരിക്കുന്നത്. തമിഴ്നാട്ടിൽ ഏകദേശം 2320 ബാറുകളെയാണ് തീരുമാനം നേരിട്ട് ബാധിച്ചിരിക്കുന്നത്.
പുതിയ ടെൻഡറുകൾ ക്ഷണിച്ചായിരിക്കും ഇനി ബാറുകൾക്ക് ലൈസൻസ് നൽകുക. കഴിഞ്ഞ ദിവസം മദ്യനിരോധന - എക്സൈസ് വകുപ്പ് മന്ത്രി കെ. വിഘ്നേഷിന്റെ സാന്നിധ്യത്തിൽ ചേർന്ന ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. പുതിയ ടെൻഡർ അനുമതിയാകുന്നതു വരെ നിലവിലെ ബാറുകൾ താൽക്കാലികമായി അടയ്ക്കുന്നതിനാൽ സർക്കാരിന് പ്രതിമാസം 400 കോടി രൂപയുടെ വരെ വരുമാന നഷ്ടം ഉണ്ടായേക്കാമെന്നാണ് ടാസ്മാക് വൃത്തങ്ങൾ നൽകുന്ന സൂചന.
വരാനിരിക്കുന്ന പുതിയ ടെൻഡർ വ്യവസ്ഥകളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാനും തമിഴ്നാട് സർക്കാർ പദ്ധതിയിടുന്നുണ്ട്. 2024 ജനുവരിയിലാണ് നിലവിലെ ബാർ നടത്തിപ്പുകാർക്ക് ലൈസൻസ് അനുവദിച്ചിരുന്നത്. 2026 ജനുവരിയിൽ ഈ ലൈസൻസ് കാലാവധി അവസാനിക്കേണ്ടതായിരുന്നു. പക്ഷേ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സർക്കാർ ഇത് 2026 ജൂൺ വരെ നീട്ടിനൽകുകയായിരുന്നു. ഈ നീട്ടിനൽകിയ കാലാവധിയാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.
നിലവിൽ സംസ്ഥാനത്തുടനീളം 4048 ചില്ലറ മദ്യവിൽപന ശാലകളാണ് ടാസ്മാകിന് കീഴിൽ പ്രവർത്തിക്കുന്നത്. പ്രതിദിനം ശരാശരി 150 കോടി രൂപയുടെ മദ്യവിൽപ്പനയാണ് ഇവിടെ നടക്കുന്നത്. തമിഴ്നാട് സർക്കാരിന്റെ ഖജനാവിലേക്ക് വൻതോതിൽ പണമെത്തിക്കുന്ന പ്രധാന വരുമാന മാർഗമാണിത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രി വിജയ് 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകളാണ് അടച്ചുപൂട്ടിയത്. തമിഴ്നാട്ടിൽ നേരത്തെയുള്ള നിയമ പ്രകാരം സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും 50 മീറ്റർ പരിധിയിൽ മദ്യഷോപ്പുകൾ പാടില്ല. എന്നാൽ ദൂരപരിധി 500 മീറ്റർ ആയി ഉയർത്തിയിരിക്കുകയാണ് വിജയ്.
Kerala
കൊച്ചി: കാലവര്‍ഷം ശക്തിപ്പെട്ടതോടെ അങ്കമാലി എംസി റോഡില്‍ രൂപപ്പെട്ട കുഴികള്‍ അടച്ചു. മഴക്കാലത്ത് കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യ സംഭവമായി മാറിയിരുന്നു. കുഴിയില്‍ ചാടാതിരിക്കാന്‍ വെട്ടിക്കുന്ന വണ്ടികളും അപകടത്തില്‍ പെട്ടിരുന്നു.
അടിയന്തരമായി കുഴികള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ് പൊതുമരാമത്ത് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് റോഡിലെ കുഴികള്‍ പാച്ച് വര്‍ക്ക് നടത്തി അടയ്ക്കാന്‍ ആരംഭിച്ചത്. ഇന്നലെയും ഇന്നുമായാണ് കുഴികള്‍ അടച്ചത്.
District News
തൊടുപുഴ: നഗരസഭാ പ്രദേശത്തെ കശാപ്പുശാലകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചതോടെ തൊടുപുഴയില്‍ ബീഫ് ക്ഷാമം രൂക്ഷമായി. കശാപ്പു ചെയ്യാനുള്ള ഉരുക്കള്‍ക്ക് സമീപനാളിലുണ്ടായ വിലക്കയറ്റവും ലഭ്യതക്കുറവും മൂലം കശാപ്പുശാല ഉടമകള്‍ക്ക് ഭീമമായ നഷ്ടം വരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് വില്‍പ്പനശാലകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. കേരള ഹോട്ടല്‍സ് ആൻഡ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷനുകീഴിലാണ് കശാപ്പുശാല ഉടമകള്‍ പ്രവര്‍ത്തിച്ചുവരുന്നത്.
കഴിഞ്ഞ ദിവസം സംഘടന യോഗം ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. നഗരസഭാ പ്രദേശത്ത് 28 അറവുശാലകളാണുള്ളത്. ഇവരില്‍നിന്നു മാംസം വാങ്ങി വില്‍പ്പന നടത്തുന്ന 15 കോള്‍ഡ് സ്റ്റോറേജുകളുമുണ്ട്.
ആന്ധ്രയില്‍നിന്നുമാണ് കശാപ്പിനുള്ള ഉരുക്കളെ കൂടുതലായും കേരളത്തിലേക്ക് എത്തിക്കുന്നത്. റോഡ്മാര്‍ഗം കൊണ്ടുവരുമ്പോള്‍ പലയിടങ്ങളിലും ലോറി ജീവനക്കാരടക്കം ആക്രമിക്കപ്പെടുന്നതും വാഹനം തടയുന്നതും പതിവായതോടെ ഏജന്റുമാര്‍ ഇതില്‍നിന്നു പിന്മാറിയതും തിരിച്ചടിയായി.
ലോകരാജ്യങ്ങളില്‍ ബീഫ് കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിരവധി ബീഫ് കയറ്റുമതി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് വിലകുറച്ച് ഉരുക്കളെ ലഭിക്കണമെങ്കില്‍ കേരളത്തിലേക്ക് കൊണ്ടുപോകുന്നത് കുറയ്ക്കണം. ഇതിനായി ഒരു സംഘം ആളുകളെ രംഗത്തിറക്കി വാഹനങ്ങള്‍ തടയുകയും കള്ളക്കേസില്‍ കുടുക്കുകയുമാണ് ഇവരുടെ രീതി.
സംസ്ഥാനത്തേക്കുള്ള വരവ് കുറഞ്ഞതോടെ നേരത്തേ 100 കിലോയുള്ള ഉരു 45,000 രൂപയില്‍ താഴെ ലഭിക്കുമായിരുന്നെങ്കില്‍ നിലവില്‍ 65,000 രൂപയെങ്കിലും നല്‍കേണ്ട സാഹചര്യമാണുള്ളത്.
ഇവിടെ കൊണ്ടുവന്ന് കശാപ്പ് ചെയ്ത് കിലോയ്ക്ക് 480 രൂപയ്ക്കാണ് വില്‍പ്പന നടത്തിവരുന്നത്. ഒരു ഉരുവിനെ ഇപ്രകാരം കശാപ്പു ചെയ്ത് വില്ക്കുമ്പോള് 5,000 മുതല്‍ 10,000 രൂപവരെ നഷ്ടമുണ്ടാകുന്നതായാണ് അറവുശാലാ ഉടമകള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് കശാപ്പ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായതെന്നും ഇവര്‍ വ്യക്തമാക്കി.
അതേസമയം സര്‍ക്കാര്‍ ഇടപെട്ട് അന്യസംസ്ഥാനങ്ങളില്‍നിന്നു യഥേഷ്ടം ഉരുക്കളെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള സാഹചര്യം ഒരുക്കണമെന്നും അല്ലാത്തപക്ഷം പൂര്‍ണമായും സംസ്ഥാനത്തെ ബീഫ് വ്യാപാരം നിലയ്ക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ബീഫ് ലഭിക്കാതായതോടെ ഇറച്ചിക്കോഴിക്കും പന്നിമാംസത്തിനും വിലകൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബീഫിന് ക്ഷാമം നേരിട്ടുതുടങ്ങിയതോടെ ഹോട്ടലുകളിലെ പ്രധാന വിഭവമായ ഇവ ലഭിക്കാത്ത സ്ഥിതിയാണ്.
ആഘോഷവേളയിലെ സല്ക്കാരങ്ങളില്നിന്നു ബീഫ് വിഭവങ്ങള്‍ ഇല്ലാതാകുന്ന സാഹചര്യമാണുള്ളത്.
Kerala
കൊച്ചി: ബക്രീദ് പ്രമാണിച്ച് സപ്ലൈകോ വില്പനശാലകള്ക്ക് 28ന് അവധിയായിരിക്കുമെന്ന് സപ്ലൈകോ അറിയിച്ചു.
നാളെ മെഡിക്കല്‍ സ്റ്റോര്‍ ഒഴികെയുള്ള സപ്ലൈകോ വില്പന ശാലകള്‍ തുറന്നുപ്രവര്‍ത്തിക്കും.
ബക്രീദ് പ്രത്യേക കിറ്റിന്റെ വില്പനയും നാളെവരെ നീട്ടിയിട്ടുണ്ട്.
International
ദുബായ്: പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടി ദുബായ് ഭരണകൂടം. ഇതിൽ പ്രമുഖ ആശുപത്രിയും നിരവധി സ്കൂളുകളും ഉൾപ്പെടുന്നു.
54 വർഷമായി ജുമൈറയിൽ പ്രവർത്തിക്കുന്ന 220 കിടക്കകളുള്ള ആശുപത്രി പൂട്ടിയതിനെത്തുടർന്ന് മലയാളികളടക്കം 700 ഓളം പേർ തൊഴിൽരഹിതരായി. ഇറേനിയൻ റെഡ്ക്രസന്റ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണിത്.
ആശുപത്രി അടച്ചുപൂട്ടാൻ നിർദേശം നൽകിയ ഭരണകൂടം ജീവനക്കാരുടെ വീസകൾ റദ്ദാക്കുകയും താമസസ്ഥലത്തുനിന്ന് ഒഴിയാൻ നിർദേശം നൽകുകയും ചെയ്തിരുന്നു.
ആശുപത്രിക്കുപുറമെ ഇറേനിയൻ ബന്ധമുള്ള ഏഴോളം സ്കൂളുകളും ഒരു ക്ലബും അടച്ചുപൂട്ടിയിട്ടുണ്ട്. ഇവിടങ്ങളിൽ ജോലിചെയ്തിരുന്നവരും തൊഴിൽരഹിതരായി.ഇറേനിയൻ പൗരന്മാർക്കു യുഎഇ വീസനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 28ന് ഇറാനെതിരേ അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച ആക്രമണത്തിനു പിന്നാലെ ഗൾഫ് രാജ്യങ്ങൾക്കുനേരേ ഇറാൻ കനത്ത ആക്രമണമാണു നടത്തിയത്. ഇതിൽ യുഎഇയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കനത്ത നാശമാണുണ്ടായത്. എട്ടോളം പേർ മരിക്കുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു.
Kerala
തൃശൂര്‍: ചാലക്കുടി പാലം വീണ്ടും അടച്ചു. ചാലക്കുടി പുഴക്ക് കുറുകെയുള്ള പഴയ പാലമാണ് അടച്ചത്. ശനിയാഴ്ച രാവിലെ പത്തോടെയാണ് അടച്ചത്.
പാലത്തിന്റെ ബെയറിംഗ് മാറ്റുന്നതിനായാണ് പാലം അടച്ചിരിക്കുന്നത്. പ്രവൃത്തികള്‍ക്ക് 20 ദിവസത്തോളം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തൃശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സമാന്തര പാലത്തിലൂടെയാണ് കടത്തിവിടുന്നത്. ഇതുമൂലം രാവിലെ മുതല്‍ ദേശീയപാതയില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം വാഹനങ്ങള്‍ റോഡില്‍ കിടക്കേണ്ട അവസ്ഥയാണിപ്പോള്‍.
ശനിയാഴ്ച കൂടുതല്‍ വാഹനങ്ങളെത്തിയതോടെ ഗതാഗത തടസം അതിരൂക്ഷമായി. ദേശീയപാതയില്‍ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര കാണപ്പെട്ടു.
പാലത്തിന്റെ തെക്ക് ഭാഗത്ത് നിന്നാണ് ബെയറിങ് മാറ്റുന്ന പ്രവൃത്തികള്‍ ആരംഭിച്ചിരിക്കുന്നത്. പാലത്തിനടിയില്‍ നിന്നാണ് പ്രവൃത്തികള്‍ നടത്തുന്നത്. ഏഴ് സ്പാനുകളിലായുള്ള 42 ബെയറിങ്ങുകള്‍ മാറ്റും.
ജാക്കി ലിവര്‍ ഉപയോഗിച്ച് പാലം ഉയര്‍ത്തിയാണ് ബെയറിംഗ് ഘടിപ്പിക്കുന്നത്. ആവശ്യത്തിന് തൊഴിലാളികളുള്ളതിനാല്‍ സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷവാർ നഗരത്തിലുള്ള യുഎസ് കോൺസുലേറ്റ് ജനറൽ ആസ്ഥാനം ഘട്ടംഘട്ടമായി പൂട്ടുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ കണക്കിലെടുത്താണു നടപടി.
പെഷവാർ ഉൾപ്പെടുന്ന ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ കോൺസുലേറ്റ് സേവനങ്ങൾ ഇസ്ലാമാബാദിലെ യുഎസ് എംബസിയുടെ കീഴിലാക്കും. പെഷവാർ കോൺസുലേറ്റ് പൂട്ടുകയാണെങ്കിലും പാക്കിസ്ഥാനോടുള്ള അമേരിക്കൻ നയത്തിൽ മാറ്റമില്ലെന്ന് അറിയിപ്പിൽ കൂട്ടിച്ചേർത്തു.
യുഎസ്-ഇസ്രേലി ആക്രമണത്തിൽ ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടതിനു പിന്നാലെ പാക്കിസ്ഥാനിലെ യുഎസ് നയതന്ത്രകാര്യാലയങ്ങൾക്കു നേർക്ക് പ്രതിഷേധപ്രകടനങ്ങളുണ്ടായിരുന്നു. കറാച്ചിയിലെ യുഎസ് കോൺസുലേറ്റിനു സമീപം പ്രതിഷേധക്കാരും പാക് സുരക്ഷാ ഭടന്മാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒന്‍പതു പേർ കൊല്ലപ്പെട്ടു.
ഇതേത്തുടർന്ന് കറാച്ചിയിലെയും ലാഹോറിലെയും യുഎസ് കോൺസുലേറ്റ് ജീവനക്കാരും കുടുംബാംഗങ്ങളും പാക്കിസ്ഥാൻ വിടുകയുണ്ടായി.
Kerala
ഇരിങ്ങാലക്കുട: ജീരകസോഡയ്ക്കകത്തു ചത്ത പാമ്പിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് സോഡ നിര്‍മാണ കമ്പനി പൂട്ടി സീല്‍ ചെയ്തു.
വെള്ളാങ്ങല്ലൂര്‍ മനയ്ക്കലപ്പടിയിലെ ഇന്ത്യന്‍ ഫാസ്റ്റ് ഫുഡ് എന്ന തട്ടുകടയില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. വള്ളിവട്ടത്തെ റബര്‍ കമ്പനിയില്‍ സോളാര്ജോലിക്കായി എത്തിയ ആലുവ സ്വദേശികള്‍ വാങ്ങിയ ജീരകസോഡ കുപ്പിയിൽ ചത്ത പാമ്പിനെ കണ്ടെത്തിയത്.
ആരോഗ്യവിഭാഗത്തില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോണത്തുകുന്ന് ചിരട്ടക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന റിലാക്സ് എന്ന സോഡനിര്മാണ യൂണിറ്റില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയതിനെതുടര്‍ന്ന് യൂണിറ്റ് അടപ്പിച്ചു. മേഖലയിലെ കടകളിൽ ഇവര്‍ വിതരണം നടത്തിയ സോഡകളും തിരിച്ചെടുത്ത് നശിപ്പിച്ചു.
ആരോഗ്യവിഭാഗം ഓഫീസര്‍ എം. ബര്ഷാന, അസിസ്റ്റന്റ് ഓഫീസര്‍ രൂപേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. രാത്രിസമയത്തു കഴുകി വയ്ക്കുന്ന കുപ്പികളില്‍ രാവിലെയാണ് സോഡ നിറയ്ക്കുക. ഈ സമയം പാമ്പ് കുപ്പിക്കുള്ളില്‍ കയറിയതാണെന്നാണു നിഗമനം. സോഡ നിര്‍മാണ കമ്പനിയുടെ പിറകുവശം കാടു പിടിച്ചുകിടക്കുന്നതിനാല്‍ തണുപ്പുതേടി പാന്പ് കമ്പനിയിലേക്കു കയറിയതാകാനാണു സാധ്യതയെന്നു പറയുന്നു.
ഏഴു ദിവസത്തിനകം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി ആരോഗ്യവിഭാഗത്തിനു റിപ്പോര്‍ട്ട് നല്‍കണം. തുടര്‍ന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ കമ്പനിയില്‍ പരിശോധന നടത്തിയ ശേഷമേ സോഡ നിര്‍മാണ യൂണിറ്റ് തുറക്കാന്‍ സാധിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്തിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും വിവിധ ഹോട്ടലുകളിലും ബേക്കറി കടകളിലും പരിശോധന നടത്തി.
Kerala
കോട്ടയം: സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം വരുന്ന ഹോട്ടലുകളില്‍ നാല്പതിനായിരവും പാചക വാതക ക്ഷാമത്തെത്തുടര്‍ന്ന് അടച്ചതായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്. വീടുകളില്‍ നിന്നും യാത്രയ്ക്കും ജോലിക്കും പോകുന്നവര്‍ പട്ടിണിയാകുമെന്ന സാഹചര്യമാണ്.
പരീക്ഷക്കാലം എത്തിയതോടെ ഹോസ്റ്റലുകളും മെസുകളും അടയും. ലേബര്‍ ക്യാമ്പുകളില്‍ ഇന്ധനമില്ലാതെ ഇതരസംസ്ഥാന തൊഴിലാളികളും നാടുവിടേണ്ടിവരും. ആശുപത്രി കാന്റീനുകള്‍ പൂട്ടിയാല്‍ രോഗികളും കൂട്ടിരിപ്പുകാരും ക്ലേശിക്കും.
ഹോട്ടല്‍ മേഖലയില്‍ ശുചീകരണം, ഹൗസ് കീപ്പിംഗ് വിഭാഗങ്ങളിലേറെയും ഇതരസംസ്ഥാന തൊഴിലാളികളാണ്. ഹോട്ടലുകള്‍ പൂട്ടിയാല്‍ ഇവര്‍കൂടി മടങ്ങും. രാത്രികാല തട്ടുകളും വഴിയോര ചായക്കടകളും ബേക്കറി ചിപ്സ് സ്ഥാപനങ്ങളുമൊക്കെ അടയുകയാണ്. തട്ടുകടകള്‍ നിലച്ചതോടെ രാത്രിയാത്രക്കാരാണ് ഏറെ ദുരിതപ്പെടുന്നത്.
ഇരട്ടി വില നല്കിയാലും സിലിണ്ടര്‍ കിട്ടാനില്ലാത്ത സ്ഥിതിയാണെന്ന് ഹോട്ടലുടമകള്‍ പറഞ്ഞു. കരിഞ്ചന്തയില്‍ 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന് 4000 രൂപവരെയാണ് ഈടാക്കുന്നത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തിലെ ഹോട്ടല്‍ വ്യവസായ മേഖല പൂര്‍ണമായും സ്തംഭിക്കും. ഒപ്പം ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വരുമാനവും നിലയ്ക്കും.
വാതകക്ഷാമത്തിനൊപ്പം ഹോട്ടലുകളുടെ ചെലവും കൂടുകയാണ്. ഗ്യാസിനു പകരം ഇന്‍ഡക്ഷന്‍ കുക്കറുകള്‍, ഇന്‍ഡക്ഷന്‍ കോയിലുകള്‍, ഇലക്ട്രിക് കെറ്റിലുകള്‍ എന്നിവയുടെ ഉപയോഗം വര്‍ധിച്ചതോടെ വൈദ്യുതി ചാര്‍ജ് കുതിച്ചുയരുന്നു. ഇതും വലിയ സാമ്പത്തികനഷ്ടമാണ് ഹോട്ടലുടമകള്‍ക്ക് ഉണ്ടാക്കുന്നത്.
പ്രതിസന്ധി രൂക്ഷമായതോടെ ബിരിയാണി, അല്‍ഫാം, ചിക്കന്‍, ബീഫ്, മട്ടണ്‍ വിഭവങ്ങള്‍ക്ക് 10-20 രൂപ നിരക്ക് കൂട്ടി. സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ പുതിയ ഹോട്ടലുകളില്‍ വിറകടുപ്പിന് സംവിധാനമില്ല. വിറകടുപ്പ് ഉപയോഗിക്കുന്ന ചെറുകിട ഹോട്ടലുകളും ചായക്കടകളും മാത്രമാണ് ഒരുവിധം പ്രവര്‍ത്തിക്കുന്നത്.
ഇവ പാചകം ചെയ്യുന്നതിന് ഇന്ധനം അധികം വേണ്ടിവരുമെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. മിക്ക ഹോട്ടലുകളിലും ചൈനീസ് വിഭവങ്ങളും ഊണും പൂര്‍ണമായി നിറുത്തി.
ഐഒസി, ബിപിസിഎല്‍ എന്നീ പ്രധാന കമ്പനികള്‍ വാണജ്യ സിലിണ്ടറുകള്‍ നിറയ്ക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ഉച്ചഭക്ഷണം തയാറാക്കാന്‍ പല സ്കൂളുകളിലും ഒന്നോ രണ്ടോ ദിവസംകൂടി മാത്രം ഉപയോഗിക്കാനുള്ള പാചകവാതകമേ കരുതലുള്ളൂ. ഈ മാസംകൂടി മാത്രമേ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കേണ്ടതുള്ളൂ എന്നതാണ് ആശ്വാസം.
Kerala
ദുബായി: ഇറാന്റെ മിസൈലാക്രമണത്തെ തുടർന്ന് യുഎഇ വ്യോമപാത താത്കാലികമായി അടച്ചു. അബുദാബിയിലെ എണ്ണപാടം ലക്ഷ്യമിട്ടും ഡ്രോൺ ആക്രമണമുണ്ടായി. അതേസമയം പശ്ചിമേഷ്യയിൽ ആക്രമണം ശക്തമാക്കാനൊരുങ്ങുകയാണ് ഇറാൻ.
സമാധാന ചർച്ചകൾക്കായി ഈജിപ്ത് വിദേശകാര്യ മന്ത്രി ഗൾഫ് രാജ്യങ്ങളിലെത്തിയിട്ടുണ്ട്. അതിനിടെ ഇറാനൊപ്പം നിൽക്കുന്നുവെന്ന് റഷ്യ വീണ്ടും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ പരമാവധി ശേഷി വിനിയോഗിക്കാൻ തയാറാണെന്നും റഷ്യ പ്രഖ്യാപിച്ചു.
അതേസമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഒരു തരത്തിലുള്ള കീഴടങ്ങലിനും തയാറല്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ഇറാന്റെ മണ്ണിൽ ഭാവിയിൽ ആക്രമണം ഉണ്ടാവില്ലെന്ന ഉറപ്പില്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച പോലും സാധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Kerala
കൊച്ചി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ നിരവധി വിമാന സർവീസുകൾ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു റദ്ദാക്കിയിട്ടുണ്ടെങ്കലും പാചകവാതക ക്ഷാമം വിമാനത്താവളത്തെ ബാധിച്ചിട്ടില്ലെന്ന് സിയാൽ അറിയിച്ചു.
ഇന്ധനക്ഷാമവും പാചകവാതക ക്ഷാമവും വിമാനത്താവളത്തെ ബാധിച്ചിട്ടില്ലെന്ന് സിയാൽ പിആർഒ ജയൻ ‘ദീപിക ഓൺലൈനി’നോട് വ്യക്തമാക്കി. എന്നാൽ കൊച്ചിയിലെ മിക്ക ഹോട്ടലുകളും അടിച്ചുപൂട്ടലിന്റെ വക്കിലാണ്.
അതേസമയം, നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും 61 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഷാർജ, ദുബായ്, അബുദാബി, മസ്കറ്റ്, റാസൽഖൈമ, ഷാർജ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൊച്ചിയിൽ നിന്നും സർവീസ് നടത്തും. ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും കൊച്ചിയിൽ എത്തുന്നുണ്ട്. ദോഹയിൽ നിന്നുള്ള എട്ടു വിമാനങ്ങളും ദോഹയിലേക്കുള്ള ഏഴ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. നിലവിൽ ദോഹയിലേക്ക് സർവീസ് നടക്കുന്നില്ല.
കുവൈറ്റിൽ നിന്നുള്ള നാലു വിമാനങ്ങളും റദ്ദു ചെയ്തുവെങ്കിലും കൊച്ചിയിൽ നിന്നും കുവൈറ്റിലേക്ക് ഒരു വിമാനം യാത്ര തിരിച്ചിട്ടുണ്ട്.
International
ലണ്ടൻ: സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ റെയിൽവേ സ്റ്റേഷന് സമീപം വൻ തീപിടിത്തം. ഗ്ലാസ്ഗോ സെൻട്രൽ റെയിൽവേ സ്റ്റേഷൻ അടച്ചു.
ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് സ്റ്റേഷനു സമീപം യൂണിയൻ സ്ട്രീറ്റിലുള്ള, 1851ൽ നിർമിച്ച പൗരാണിക കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടം പൂർണമായും തകർന്നുവീണു. ആർക്കും പരിക്കില്ല.
International
ദുബായ്: ഇറാനിൽനിന്നുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ദുബായ് നഗരത്തിലെ പാർക്കുകളും റിസോർട്ടുകളും അടച്ചിടാൻ തീരുമാനം.
മുൻകരുതൽ നടപടിയെന്ന നിലയിലാണ് വിനോദകേന്ദ്രങ്ങൾ അടച്ചിടാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു.
സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുമെന്ന് ഗ്ലോബൽ വില്ലേജ്, ഐൻ ദുബായ്, ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ട്സ് എന്നിവർ അറിയിച്ചു.
International
അബുദാബി: പശ്ചിമേഷ്യയിലെ യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ ദുബായി ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. ഇന്ന് മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇറാന്റെ ഭാഗത്ത് നിന്നും തുടർച്ചയായ മിസൈൽ - ഡ്രോൺ ആക്രമണങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ കടുത്ത മുന്നറിയിപ്പുമായി നേരത്തെ യുഎഇ രംഗത്തെത്തിയിരുന്നു. ഇനിയും ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കുമെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം അൽ ഹാഷിമി മുന്നറിയിപ്പ് നൽകി.
ഗൾഫ് മേഖലയിലെ രാജ്യങ്ങളിലേ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇന്നലെ മുതൽ ഇറാൻ ആക്രമണം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് യുഎഇയുടെ കടുത്ത പ്രതികരണം.
International
ടെഹ്റൻ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടെ തന്ത്ര പ്രധാനമായ വ്യാപാര പാത ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിരോധിച്ച് ഇറാൻ. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ പ്രധാന ഇടനാഴിയാണ് ഇതോടെ നിശ്ചലമായിരിക്കുന്നത്.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിൽ വൻ വിലക്കയറ്റം സൃഷ്ടിക്കുന്ന തരത്തിൽ വൻ പ്രഹരമാണ് ഇറാൻ ഇതുവഴി ലക്ഷ്യമിടുന്നത്. ഹോർമുസ് കടലിടുക്ക് നിശ്ചലമായതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിലും കനത്ത പ്രതിസന്ധിയുണ്ടാകും.
ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ പകുതിയോളവും. പ്രതിദിനം ഏകദേശം 25 ലക്ഷം ബാരൽ എണ്ണയാണ് ഹോർമുസ് വഴി രാജ്യത്തെത്തുന്നത്. ഹോർമുസ് വഴിയുള്ള ഗതാഗതം തടസപ്പെട്ടതോടെ ക്രൂഡ് ഓയിൽ വിതരണത്തിൽ അനശ്ചിതത്വങ്ങൾ സൃഷ്ടിക്കപ്പെടാമെന്നാണ് വിലയിരുത്തലുകൾ.
ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നായി പ്രതിദിനം ഏകദേശം 2.6 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഹോര്‍മുസ് വഴി ഇന്ത്യയിലേക്കെത്തുന്നത്. ഹോർമുസ് വഴിയുള്ള നിയന്ത്രണം ഇന്ത്യക്കും ആഗോള എണ്ണ വിപണിക്കും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും.
2025ൽ ഹോർമുസ് കടലിടുക്ക് വഴി 2 ദശലക്ഷം ബാരല്‍ എത്തിയിരുന്ന സ്ഥാനത്ത് നിലവിൽ 2.6 ദശലക്ഷം ബാരലാണ് പ്രതിദിനം ഇന്ത്യയിലേക്കെത്തിയിരുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് കുറച്ചതാണ് ഹോർമുസ് വഴി അധിക എണ്ണ എത്തിക്കുന്നതിലേക്ക് നയിച്ചത്.
ഗൾഫ് മേഖലയിലെ പ്രതിസന്ധി മറികടക്കാൻ റഷ്യയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങുന്ന കാര്യം ഇന്ത്യ പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഉടൻ വർധിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
International
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുവൈറ്റ് തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ചു. വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നടപടി.
24 മണിക്കൂറും സാഹചര്യം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ തിരിച്ചടിയിൽ ഗൾഫ് രാജ്യങ്ങൾ നടുങ്ങി.
യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ സിവിലിയൻ കേന്ദ്രങ്ങളിൽ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
Kerala
തിരുവനന്തപുരം: മഹാമാരിയും പ്രകൃതിദുരന്തങ്ങളും നേരിട്ട സന്ദർഭത്തിൽ വിവിധ രാജ്യങ്ങൾ നൽകാനിരുന്ന ദുരിതാശ്വാസ സഹായം കേന്ദ്രസർക്കാരിന്റെ പിടിവാശി മൂലം നഷ്ടമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ചില രാജ്യത്തിലെ ഭരണാധികാരികൾ കേരളത്തിനു സഹായം നൽകാനായി മുന്നോട്ടു വന്നിരുന്നു. പക്ഷേ കേന്ദ്ര സർക്കാർ അത്തരം സഹായങ്ങൾ സ്വീകരിക്കില്ലായെന്നു കർക്കശ നിലപാട് എടുത്തതിന്റെ ഭാഗമായി അവ കേരളത്തിനു ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 5715.92 കോടി രൂപയും രണ്ടാം ഇടതുസർക്കാരിന്റെ കാലത്ത് ഇതുവരെ 2569.15 കോടി രൂപയും ചികിത്സാ സഹായം നൽകി.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉത്തരവായിട്ടും നൽകാതിരുന്ന 36.40 കോടി രൂപയുടെ കുടിശിക എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണു കൊടുത്തുതീർത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
ചെങ്ങന്നൂർ: കേന്ദ്രസർക്കാരിന്റെ സ്വകാര്യവത്കരണ നയങ്ങളുടെ ഭാഗമായി കേരളത്തിലെ തപാൽ ശൃംഖലയിൽ വൻ അഴിച്ചുപണി. സംസ്ഥാനത്തെ 300 പോസ്റ്റ് ഓഫീസുകൾ നിർത്തലാക്കാനോ ലയിപ്പിക്കാനോ ഉള്ള നീക്കം സജീവമായി. നിലവിൽ 36 ഓഫീസുകൾ പൂട്ടിക്കഴിഞ്ഞു. അടുത്ത ഘട്ടത്തിൽ 86 എണ്ണംകൂടി പൂട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കേരളത്തിലെ തപാൽ ഓഫീസുകളിൽ 80 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് പ്രവർത്തിക്കുന്നത്. കുറഞ്ഞ ചെലവിൽ സ്പീഡ് പോസ്റ്റ്, രജിസ്റ്റേഡ് തപാൽ, പാഴ്സൽ എന്നിവ ബുക്ക് ചെയ്യാനുള്ള സൗകര്യം ഇതോടെ ഇല്ലാതാകും. കൂടാതെ, ഗ്രാമീണർ ഏറെ ആശ്രയിക്കുന്ന സേവനങ്ങളെ ഇത് നേരിട്ടു ബാധിക്കും.
പോസ്റ്റൽ സേവിംഗ്സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും പിൻവലിക്കലുകളും ബുദ്ധിമുട്ടിലാകും. ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവർക്ക് തപാൽ വഴിയുള്ള സേവനം ലഭിക്കാൻ പ്രയാസമേറും. കഴിഞ്ഞ ഓഗസ്റ്റിൽ എടുത്ത തീരുമാനപ്രകാരം ഇതിനോടകംതന്നെ വിവിധ ഡിവിഷനുകളിൽ ഓഫീസുകൾ പൂട്ടിക്കഴിഞ്ഞു. ഒറ്റപ്പാലം-അഞ്ച്, കണ്ണൂർ-നാല്, പാലക്കാട്, കാസർഗോഡ്, ഇരിങ്ങാലക്കുട, ചങ്ങനാശേരി-മൂന്നു വീതം, തൃശൂർ, മഞ്ചേരി, തിരൂർ, വടകര, എറണാകുളം, തിരുവനന്തപുരം (നോർത്ത്/സൗത്ത്) - രണ്ടു വീതം, കൊല്ലം - ഒന്ന് എന്നിങ്ങനെയാണ് പോസ്റ്റ് ഓഫീസുകൾ പൂട്ടിയിരിക്കുന്നത്.
പോസ്റ്റൽ ആക്ട് ഭേദഗതി ചെയ്ത് കേന്ദ്രസർക്കാർ കൊണ്ടുവന്ന പുനർ ഏകീകരണ നയത്തിന്റെ ഭാഗമായാണ് ഈ നടപടി. നഗരങ്ങളിൽ രണ്ടു കിലോമീറ്റർ പരിധിയിലും ഗ്രാമങ്ങളിൽ അഞ്ചു കിലോമീറ്റർ പരിധിയിലും ഒന്നിലധികം ഓഫീസുകളുണ്ടെങ്കിൽ അവ മാറ്റുകയോ നിർത്തലാക്കുകയോ ചെയ്യണമെന്നാണ് കേന്ദ്രവാദം. തപാൽ ഓഫീസുകൾ ഇല്ലാത്തിടത്തേക്ക് സേവനമെത്തിക്കാനാണ് ഇതെന്നും സർക്കാർ അവകാശപ്പെടുന്നു.
എന്നാൽ, സേവനങ്ങൾ വെട്ടിക്കുറച്ച് ഈ മേഖലയെ പൂർണമായും സ്വകാര്യവത്കരിക്കാനുള്ള തന്ത്രമാണിതെന്ന് പരക്കെ ആക്ഷേപമുണ്ട്. വീടിനടുത്തുള്ള സേവനങ്ങൾ നഷ്ടപ്പെട്ട്, കിലോമീറ്ററുകൾ താണ്ടി പ്രധാന ഓഫീസുകളിൽ എത്തേണ്ടിവരുന്നത് ജനങ്ങൾക്ക് വലിയ സാമ്പത്തിക-സമയ നഷ്ടങ്ങളുണ്ടാക്കും.
District News
മഞ്ചേരി: മഞ്ചേരി പോസ്റ്റൽ ഡിവിഷനിലെ മുള്ളന്‍പാറ വാക്കേത്തൊടി ബ്രാഞ്ച് പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടുന്നതിനുള്ള നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വാർഡ് കൗണ്‍സിലർ പി.പി. അബ്ദുറഹ്മാൻ എന്ന ബാപ്പുട്ടിയുടെ നേതൃത്വത്തിൽ ഇ.ടി. മുഹമ്മദ് ബഷീർ എംപിക്ക് നിവേദനം നൽകി.
പതിറ്റാണ്ടുകളായി തദേശവാസികൾക്ക് തപാൽ സേവനം ലഭ്യമാക്കുന്നതിനായി പ്രവർത്തിച്ചുവരുന്ന സ്ഥാപനം ഇല്ലാതാക്കുന്നത് പൊതുജനങ്ങൾക്ക് ഏറെ പ്രയാസമുണ്ടാക്കും.
നിലവിൽ ഈ ഓഫീസിൽ സേവിംഗ്സ്, ആർഡി അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ എന്നിവ ഉൾപ്പെടെ ആയിരത്തിലധികം അക്കൗണ്ടുകളുണ്ട്. നിക്ഷേപ സമാഹരണത്തിന്റെയും ബിസിനസ് വർധനവിന്റെയും ഭാഗമായി ഈ സ്ഥാപനത്തിന്റെ വളർച്ചക്ക് നല്ല പിന്തുണയും സഹകരണവുമാണ് പൊതുജനങ്ങളിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും നിക്ഷേപകരിൽ ബഹുഭൂരിഭാഗവും സ്ത്രീകളും വയോധികരുമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
തുടർന്ന് വാക്കെതൊടി തപാൽ കാര്യാലയ പരിസരത്ത് പ്രതിഷേധ സംഗമവും നടന്നു. പടവണ്ണ സലീം, പനങ്ങാടൻ അബ്ദുള്ള, ഷാജഹാൻ കിതടിയിൽ, അലവി കല്ലായി, വി.എം. അലവിക്കുട്ടി എന്നിവർ നേതൃത്വം നൽകി.
International
വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ ലെയോ പതിനാലാമൻ മാർപാപ്പ അടച്ചതോടെ 2025 പ്രത്യാശയുടെ ജൂബിലി വർഷാചരണത്തിനു സമാപനമായി.
ദനഹാത്തിരുനാൾദിനംകൂടിയായിരുന്ന ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രാദേശികസമയം രാവിലെ 9.30ന് ആരംഭിച്ച ചടങ്ങിൽ ജൂബിലി വർഷത്തിന്റെ ഔദ്യോഗിക ഗാനാലാപനത്തിനും പ്രാർഥനകൾക്കും ശേഷം 9.41നാണ് ബസിലിക്കയുടെ വെങ്കല വാതിലുകൾ മാർപാപ്പ അടച്ചത്.
നിരവധി വിശ്വാസികൾ കടന്നുപോയ ഈ വിശുദ്ധ വാതിൽ അടയ്ക്കുന്നത് നന്ദി നിറഞ്ഞ ഹൃദയത്തോടെയാണെന്ന് മാർപാപ്പ പറഞ്ഞു. നമ്മൾ ക്ഷീണിതരും അടിച്ചമർത്തപ്പെട്ടവരും ആയിരിക്കുമ്പോഴെല്ലാം നമ്മെ സ്വാഗതം ചെയ്യാൻ നല്ല ഇടയൻ എപ്പോഴും തന്റെ ഹൃദയത്തിന്റെ വാതിൽ തുറന്നിട്ടിരിക്കും. ജൂബിലി സമാപിച്ചെങ്കിലും ദൈവത്തിന്റെ കരുണ വിശ്വാസികൾക്കായി എപ്പോഴും തുറന്നിരിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു. തുടർന്ന് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന നടന്നു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്ന് 2024 ഡിസംബര്‍ 24ന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ജൂബിലിവർഷാചരണം ഉദ്ഘാടനം ചെയ്തത്. ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും 2000-ാം വാർഷികാചരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച അസാധാരണ ജൂബിലിവർഷമായ 2033ലായിരിക്കും ഇനി വിശുദ്ധ വാതിലുകൾ തുറക്കപ്പെടുക.
വത്തിക്കാൻ സിറ്റി: പ്രത്യാശയുടെ ജൂബിലിവർഷം പ്രമാണിച്ച് തുറന്നിട്ട റോമിലെ നാല് മേജർ ബസിലിക്കകളിലെ വിശുദ്ധ വാതിലുകളിലൂടെ കടന്നത് 185 രാജ്യങ്ങളിൽനിന്നുള്ള 3.35 കോടി തീർഥാടകർ. ജൂബിലിവർഷത്തിന്റെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച സുവിശേഷവത്കരണത്തിനായുള്ള കാര്യാലയത്തിന്റെ പ്രോ-പ്രീഫെക്ട് ആർച്ച്ബിഷപ് റീനോ ഫിസിഷെല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജൂബിലിവർഷത്തിൽ 5000ത്തോളം സന്നദ്ധപ്രവർത്തകരും സോവറിൻ മിലിട്ടറി ഓർഡർ ഓഫ് മാൾട്ടയുടെ 2000 അംഗങ്ങളും ശുശ്രൂഷകളിൽ ഏർപ്പെട്ടുവെന്ന് ആർച്ച്ബിഷപ് ഫിസിഷെല്ല പത്രസമ്മേളനത്തിൽ അറിയിച്ചു.
തീർഥാടകരിൽ 62 ശതമാനവും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരായിരുന്നു. ഇതിൽത്തന്നെ ഇറ്റലിയാണു മുന്നിൽ. രണ്ടാംസ്ഥാനത്ത് വടക്കേ അമേരിക്കയിൽനിന്നുള്ള തീർഥാടകരായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
Kerala
തൃശൂർ: കല്ലൂരിൽ വീടിന്റെ പിൻഭാഗത്തെ വാതിൽ തുറന്ന് 13 പവൻ സ്വർണം കവർന്നു. പാലയ്ക്കൽപറമ്പ് സ്വദേശി കുന്നത്തുപറമ്പിൽ ദിവ്യയുടെ അടച്ചിട്ട വീട്ടിലാണ് മോഷണം നടന്നത്.
വീട്ടുകാർ ക്ഷേത്രത്തിൽ പോയ സമയത്തായിരുന്നു സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്. എന്നാൽ, അലമാരയിൽ സൂക്ഷിച്ചിരുന്ന 45,000 രൂപ കള്ളന്മാർ എടുത്തിട്ടില്ല.
വീടിന്റ പുറകുവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. ഇതുവഴി മോഷ്ടാക്കൾ അകത്തുകടന്നതായാണ് സൂചന. പുതുക്കാട് പോലീസ് സ്ഥലത്തെത്തി ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തി. മോഷ്ടാക്കളെ കണ്ടെത്താനായി വലവിരിച്ചതായി പോലീസ് അറിയിച്ചു.
Kerala
കാസർഗോഡ്: മഞ്ചേശ്വരത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഓഫീസ് അടച്ചുപൂട്ടി.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലേക്ക് യുഡിഎഫിന് ജയസാധ്യതയുള്ള മൂന്ന് സീറ്റുകളും മുസ്ലീം ലീഗിന് വിട്ടുകൊടുത്തതിനെ തുടർന്നാണ് പ്രതിഷേധം.
എന്തിനാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത് എന്ന് ചോദിച്ച് പ്രവർത്തകരും പ്രാദേശിക നേതാക്കളും ചേർന്ന് കോൺഗ്രസ് ഓഫീസ് അടച്ചുപൂട്ടുകയായിരുന്നു. ഹൊസങ്കടിയിൽ സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിച്ചിരുന്ന മഞ്ചേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസാണ് അടച്ചുപൂട്ടിയത്.
കോൺഗ്രസ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഹനീഫിന്റെ നേതൃത്വത്തിലാണ് ഓഫീസ് അടച്ചുപൂട്ടിയത്. ഓഫീസിന് മുന്നിലെ കോൺഗ്രസിന്റെ ബോർഡുകളും ഓഫീസിലെ ഫർണിച്ചറുകളും ഓഫീസിലുണ്ടായിരുന്ന നേതാക്കളുടെ ചിത്രങ്ങളും ഇവിടെ നിന്ന് മാറ്റി.