അമരീന്ദർ സിംഗും രാഹുൽ ഗാന്ധിയും
രാഷ്ട്രീയത്തിൽ ഒന്നും ഒന്നും രണ്ട് അല്ല എന്നൊരു ചൊല്ലുണ്ട്. ഈ ചൊല്ലിനെ അർഥവത്താക്കുന്ന നിരവധി സംഭവവികാസങ്ങൾ നാം കണ്ടിട്ടുമുണ്ട്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ രാഷ്ട്രീയ പാർട്ടികൾ നിർണായക നീക്കങ്ങളുമായി കളത്തിലിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട അധികാരം ഏതുവിധേനയും തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. അതിനിടെയാണ് മുതിർന്ന ബിജെപി നേതാവും മുൻ കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ് സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശനച്ചടങ്ങിൽ പങ്കെടുത്തത്. ഇതോടെ അമരീന്ദർ സിംഗ് വീണ്ടും കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങളും ശക്തമായിരിക്കുകയാണ്.
അഭ്യൂഹങ്ങൾക്ക് ചൂടുപകർന്ന് രാഹുലിന്റെ പരാമർശം
കോൺഗ്രസ് പാർട്ടിയുമായി ഭിന്നതയുണ്ടെങ്കിലും ഗാന്ധി കുടുംബവുമായി ക്യാപ്റ്റൻ നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഗാന്ധി കുടുംബവും അമരീന്ദർ സിംഗും തമ്മിലുള്ള ദീർഘകാലത്തെ വ്യക്തിപരമായ അടുപ്പത്തിന് അടിവരയിട്ടുകൊണ്ടാണ് പുസ്തക പ്രകാശന ചടങ്ങിൽ രാഹുൽ ഗാന്ധി സംസാരിച്ചത്. തന്റെ മാതാപിതാക്കളായ രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും തമ്മിലുണ്ടായ പഴയൊരു തമാശരൂപേണയുള്ള ഓർമ്മ രാഹുൽ ചടങ്ങിൽ പങ്കുവെച്ചു.
നേരത്തെ ബിജെപിയിലെ തന്റെ ഇഷ്ട നേതാവ് അങ്കിൾ അമരീന്ദർ ആണെന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചിരുന്നു. ഇതിനുപുറമെ പഞ്ചാബ് കോൺഗ്രസിന്റെ ചുമതലയുള്ള സച്ചിൻ പൈലറ്റിന്റെ പ്രസ്താവനയും അമരീന്ദർ സിംഗിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞ അമരീന്ദർ സിംഗ് തന്റേത് തികച്ചും വ്യക്തിപരമായ സന്ദർശനം മാത്രമാണെന്ന് വ്യക്തമാക്കി. തന്റെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങുകളിൽ സോണിയാ ഗാന്ധി പങ്കെടുത്തിട്ടുണ്ടെന്നും മര്യാദയുടെ ഭാഗമായാണ് താൻ എത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
സിദ്ദുവുമായുള്ള പോര്; കോൺഗ്രസ് വിട്ട് പുറത്തേക്ക്
2021ലാണ് അമരീന്ദർ സിംഗ് കോൺഗ്രസുമായി വഴിപിരിഞ്ഞത്. 2017ൽ പഞ്ചാബിൽ കോൺഗ്രസിനെ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ച അദ്ദേഹം രണ്ടാം തവണയും മുഖ്യമന്ത്രിയായി. എന്നാൽ ഭരണത്തിന്റെ അവസാന വർഷങ്ങളിൽ സംസ്ഥാന കോൺഗ്രസിലുണ്ടായ രൂക്ഷമായ ആഭ്യന്തര കലഹങ്ങളാണ് അദ്ദേഹത്തിന്റെ പുറത്തുപോകലിലേക്ക് നയിച്ചത്. അന്നത്തെ പഞ്ചാബ് പിസിസി അധ്യക്ഷനായിരുന്ന നവജ്യോത് സിംഗ് സിദ്ദുവുമായുള്ള പരസ്യമായ അധികാരത്തർക്കം പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു.
തർക്കം രൂക്ഷമായതോടെ ഹൈക്കമാൻഡ് ഇടപെടുകയും 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. പകരം ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കി. അപമാനിച്ചാണ് തന്നെ പുറത്താക്കിയതെന്ന് ആരോപിച്ച അമരീന്ദർ കോൺഗ്രസ് വിട്ട് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. എന്നാൽ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ദയനീയമായി പരാജയപ്പെട്ടു. തുടർന്ന് തന്റെ പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കുകയായിരുന്നു.
ക്യാപ്റ്റൻ ബിജെപിയിൽ തൃപ്തനല്ലെ?
ബിജെപിയിൽ ചേർന്നെങ്കിലും പാർട്ടിയിൽ പൂർണ തൃപ്തനല്ലെന്ന സൂചനകൾ അമരീന്ദർ സിംഗ് അടുത്തിടെ നൽകിയിരുന്നു. ബിജെപി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്ക് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. പഞ്ചാബ് രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ടിന്റെ പ്രവർത്തനപരിചയമുണ്ടായിട്ടും സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ തീരുമാനങ്ങളിൽ ബിജെപി നേതൃത്വം തന്നോട് അഭിപ്രായം തേടുന്നില്ലെന്നായിരുന്നു അമരീന്ദറിന്റെ ഒരു വിമർശനം.
ഒരു വർഷം പോലും രാഷ്ട്രീയ പ്രവർത്തനപരിചയമില്ലാത്ത നേതാക്കളാണ് പല കാര്യങ്ങളും തീരുമാനിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. കേവൽ സിംഗ് ധില്ലനെ പഞ്ചാബ് ബിജെപി അധ്യക്ഷനായി നിയമിച്ച നടപടിയിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബിജെപിയുടെ കേന്ദ്രീകൃത പ്രവർത്തനശൈലിയെ കോൺഗ്രസിലെ ജനാധിപത്യപരമായ കൂടിയാലോചനകളുമായി താരതമ്യം ചെയ്തും അദ്ദേഹം വിമർശനമുന്നയിച്ചിരുന്നു.
അമരീന്ദർ മടങ്ങിയെത്തിയാൽ കോൺഗ്രസിന് നേട്ടമാകുമോ?
അമരീന്ദർ സിംഗിന്റെ മടങ്ങിവരവ് കോൺഗ്രസിന് ഗുണകരമാകുമോ എന്ന കാര്യത്തിൽ രാഷ്ട്രീയ നിരീക്ഷകർക്കിടയിലും നേതാക്കൾക്കിടയിലും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. പഞ്ചാബ് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തും വ്യക്തിപ്രഭാവവുമുള്ള നേതാവാണ് അമരീന്ദർ. അദ്ദേഹത്തിന്റെ മടക്കം പാർട്ടിക്ക് കരുത്തുപകരുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് ഉൾപ്പെടെയുള്ളവരുടെ വിലയിരുത്തൽ. പഞ്ചാബിലെ സിഖ്, കാർഷിക വോട്ടർമാർക്കിടയിൽ അമരീന്ദറിനുള്ള പരമ്പരാഗത സ്വാധീനം ആം ആദ്മി പാർട്ടി, ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിന് ഗുണകരമായേക്കാം.
അതേസമയം അമരീന്ദറിനെപ്പോലൊരു മുതിർന്ന സിഖ് നേതാവ് പാർട്ടി വിട്ടുപോകുന്നത് പഞ്ചാബിൽ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് തിരിച്ചടിയാകാനും സാധ്യതയുണ്ട്. എന്നാൽ അമരീന്ദറിന്റെ തിരിച്ചുവരവ് കോൺഗ്രസിനുള്ളിൽ പുതിയ അധികാരത്തർക്കങ്ങൾക്ക് വഴിവെച്ചേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നു. ചരൺജിത് സിംഗ് ചന്നി, പ്രതാപ് സിംഗ് ബജ്വ, അമരീന്ദർ സിംഗ് രാജ വാറിംഗ് തുടങ്ങിയ സംസ്ഥാനത്തെ പ്രമുഖ നേതാക്കൾക്കിടയിൽ അദ്ദേഹത്തിന്റെ മടക്കം പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും കാരണമായേക്കാം. കൂടാതെ ഇടയ്ക്കിടെ പാർട്ടി മാറുന്ന നേതാവെന്ന തരത്തിലുള്ള ദുഷ്പേര് അദ്ദേഹത്തിന് നേരിടേണ്ടിവന്നേക്കാം. അതുകൊണ്ടുതന്നെ അമരീന്ദറിന്റെ മടക്കം കോൺഗ്രസിന് ഒരേസമയം നേട്ടത്തിന്റെയും വെല്ലുവിളിയുടെയും സാധ്യതകളാണ് തുറക്കുന്നത്.
നാലംഗ സമിതിയുമായി കോൺഗ്രസ്
മറ്റ് പാർട്ടിയിലെ അസംതൃപ്തരെ ഉൾപ്പെടുത്തി സംഘടനാ അടിത്തറ ശക്തിപ്പെടുത്താനുള്ള നീക്കമാണ് കോൺഗ്രസ് ഇപ്പോൾ നടത്തുന്നത്. ഇതിനായി നാല് അംഗ കോർ കമ്മിറ്റിയെ രൂപീകരിച്ചു. മറ്റ് രാഷ്ട്രീയ പാർട്ടികളിൽനിന്ന് കോൺഗ്രസിലേക്ക് എത്തുന്ന നേതാക്കളെ സ്വീകരിക്കുന്നതിനും പാർട്ടി പ്രവേശന നടപടികൾ ഏകോപിപ്പിക്കുകയുമാണ് ഇവരുടെ ചുമതല. കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ എംഎൽഎയുമായ വിജയ് ഇന്ദർ സിംഗ്ല, കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവും എംഎൽഎയുമായ അരുണ ചൗധരി, മുൻ എംഎൽഎ കുശാൽദീപ് സിംഗ് ധില്ലൺ, എംഎൽഎ ഹർദേവ് സിംഗ് ലാഡി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
മറ്റ് പാർട്ടികളിൽനിന്ന് എത്തുന്ന നേതാക്കളുടെ പ്രവേശന നടപടികൾ പരിശോധിക്കുകയും പ്രാദേശിക നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുകയുമാണ് സമിതിയുടെ പ്രധാന ചുമതല. 117 അംഗ പഞ്ചാബ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ നീക്കങ്ങൾ സജീവമാക്കുകയാണ് കോൺഗ്രസ്. പ്രാദേശിക സ്വാധീനമുള്ള നേതാക്കളെ പാർട്ടിയിലെത്തിക്കുന്നതിനൊപ്പം നിലവിലുള്ള സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്താനും നേതൃത്വം ലക്ഷ്യമിടുന്നു.
Tags : Punjab election PunjabCongress Election Congress Amarinder Singh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews