പ്രതീകാത്മക ചിത്രം
ചെന്നൈ: തമിഴ്നാട്ടിലെ ഗുഡുവാഞ്ചേരിയിൽ നിന്ന് ഉറങ്ങിക്കിടന്ന 12 വയസുകാരിക്കൊപ്പം കാർ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കുട്ടിയെ 230 കിലോമീറ്ററോളം അകലെ ശിർക്കാഴിയിൽ നിന്ന് പൊലിസ് രക്ഷപ്പെടുത്തി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
പെൺകുട്ടിയുടെ മാതാപിതാക്കൾ ഗുഡുവാഞ്ചേരിക്ക് സമീപമുള്ള വല്ലാഞ്ചേരിയിൽ ഹോട്ടലിന് മുന്നിൽ കാർ നിർത്തി ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് സംഭവം. കുട്ടി പിൻസീറ്റിൽ ഉറങ്ങുകയായിരുന്നതിനാൽ മാതാപിതാക്കൾ കാർ ലോക്ക് ചെയ്യാതെയായിരുന്നു പുറത്തിറങ്ങിയത്. ഇവർ തിരിച്ചെത്തിയപ്പോഴേക്കും കാറും കുട്ടിയും കാണാതാകുകയായിരുന്നു. തുടർന്ന് മാതാപിതാക്കളുടെ പരാതിയിൽ ഗുഡുവാഞ്ചേരി പൊലിസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച പുലർച്ചെ 4.30-ഓടെ മയിലാടുതുറൈ ജില്ലയിലെ ശിർക്കാഴി പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് കുട്ടി കാറിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഉറക്കമുണർന്ന കുട്ടി താൻ അപരിചിതനായ ഒരാൾക്കൊപ്പമാണ് എന്ന് മനസിലാക്കി. ചായ വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രതി പുറത്തിറങ്ങിയ തക്കം നോക്കി കുട്ടി ഓടിരക്ഷപ്പെടുകയും ബസ് സ്റ്റാൻഡിലുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരോട് വിവരം പറയുകയും ചെയ്തു. ഓട്ടോ ഡ്രൈവർമാർ ചേർന്ന് കുട്ടിയെ ശിർക്കാഴി ഓൾ വിമൻ പൊലിസ് സ്റ്റേഷനിൽ എത്തിക്കുകയും തുടർന്ന് മാതാപിതാക്കൾക്കൊപ്പം സുരക്ഷിതമായി വിട്ടയക്കുകയും ചെയ്തു.
കുട്ടി ഇറങ്ങിയതിനു ശേഷം കാറുമായി കടന്നുകളഞ്ഞ പ്രതിയെ പിന്നീട് പൊലിസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കാർ മോഷ്ടിക്കുക മാത്രമായിരുന്നോ പ്രതിയുടെ ലക്ഷ്യമെന്നും കുട്ടിയുമായി 230 കിലോമീറ്റർ സഞ്ചരിക്കാൻ ഉണ്ടായ സാഹചര്യം എന്താണെന്നും പൊലിസ് അന്വേഷിച്ചുവരിയാണ്. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.