1915-ൽ ഇറ്റലിയിലെ പാർമയിൽ ആരംഭിച്ച ഫാം. അവിടത്തെ വീടിന്റെ തട്ടിൻപുറത്തുനിന്ന് അനന്തരാവകാശിക്ക് ഒരു ചാക്ക് വിത്തുകിട്ടി. കാർഷികമേഖലയിൽ മികച്ച ജ്ഞാനമുള്ള ക്ലോഡിയോ ഗ്രോസി ചാക്കുകെട്ട് പരിശോധിച്ചു. ഉപയോഗശൂന്യമായ എന്തെങ്കിലുമായിരിക്കുമെന്നാണ് ഗ്രോസി കരുതിയത്. എന്നാൽ, മച്ചിനുമുകളിൽ ഗ്രോസിയുടെ മുത്തച്ഛൻ സൂക്ഷിച്ചിരുന്നത് അമൂല്യവിത്തിനങ്ങളായിരുന്നു!
പതിറ്റാണ്ടുകളോളം പ്രകാശംപോലുമേൽക്കാതെ കിടന്ന ധാന്യവിത്തുകൾ മുളയ്ക്കുമെന്ന് ഗ്രോസി സ്വപ്നത്തിൽപോലും കരുതിയില്ല. അദ്ദേഹം വിത്തുകൾ ചാണകക്കൂമ്പാരത്തിലേക്കും അതിന്റെ സമീപത്തേക്കുമെറിഞ്ഞു. അധികം വൈകാതെ, അവിടെ ഗോതമ്പുചെടികൾ മുളച്ചുവന്നു. അതിലൊന്നു ഗ്രോസിയെ അദ്ഭുതപ്പെടുത്തി. അസാധാരണ വലിപ്പമുള്ള, ഏതാണ്ട് ആറടിയിലേറെ വലിപ്പമുള്ള ഗോതമ്പുചെടി!
സാധാരണ ഗോതമ്പുകളിൽനിന്നു വ്യത്യസ്തമായി; നീളമേറിയ കതിരിനു ചുറ്റും ആറോളം ചെറിയ കതിരുകൾ, വിരലുകൾ ചേർന്നിരിക്കുന്നതുപോലെ! മഞ്ഞ, കറുപ്പ്, ചുവപ്പ്, വെള്ള, പച്ച തുടങ്ങി വ്യത്യസ്ത വർണങ്ങളിലുള്ള മനോഹരമായ ധാന്യമണികളായിരുന്നു ചെടികളിൽ വിളഞ്ഞത്. കാർഷിക രംഗത്തു വർഷങ്ങളുടെ പരിജ്ഞാനമുള്ള ഗ്രോസിയുടെ ആദ്യത്തെ അനുഭവമായിരുന്നു ഇത്.