Leader Page
പുതിയ കേരള മുഖ്യമന്ത്രി വി.ഡി. സതീശന്റെ യുഡിഎഫ് സർക്കാർ ആ നിർണായകമായ തീരുമാനം എടുത്തുകഴിഞ്ഞിരിക്കുന്നു. സ്ഥാനമൊഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ഫ്ലാഗ്ഷിപ് പദ്ധതിയായിരുന്ന ‘സിൽവർലൈൻ’ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിച്ചിരിക്കുന്നു! രണ്ടാം പിണറായി സർക്കാരിന്റെ ആരംഭകാലത്ത് അവതരിപ്പിച്ച ഈ സ്വപ്നപദ്ധതി പ്രകാരം തിരുവനന്തപുരത്തുനിന്നു കാസർഗോഡ് വരെയുള്ള ദൂരം നാല് മണിക്കൂറിൽ ഓടിയെത്തുന്ന ഒരു ട്രെയിൻ സംവിധാനം 75,000 കോടി രൂപ മുടക്കി നിർമിക്കാനായിരുന്നു പ്ലാൻ.
പക്ഷേ, അഞ്ചുകൊല്ലംകൊണ്ട് പദ്ധതി പൂർത്തിയാകുന്പോഴേക്കും ഒന്നരലക്ഷം കോടി രൂപയെങ്കിലും ചെലവാകുമെന്ന് വിദഗ്ധാഭിപ്രായം. ഈ വൻതുക വായ്പയെടുത്ത് പദ്ധതി നടപ്പാക്കിയാൽ അതെങ്ങനെ കൊടുത്തുതീർക്കും? വൻമുതൽ മുടക്കി നിർമിക്കുന്ന സിൽവർലൈൻ ട്രെയിൻ നഷ്ടമില്ലാതെ ഓടണമെങ്കിൽ ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാനാവാത്ത അളവിൽ കൂടുതലായിരിക്കും. വൻതുക മുടക്കി യാത്രചെയ്യാൻ ആളുണ്ടാകുമോ? ട്രെയിൻ നിർത്തുന്നതു വെറും 12 സ്റ്റേഷനുകളിൽ മാത്രം!
സമുചിതമായ തീരുമാനം
സാന്പത്തികമായി നിലനില്പില്ലാത്ത ഈ പദ്ധതി കേരളത്തിൽ വലിയ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുമെന്ന് എല്ലാവർക്കും മനസിലായി. കൂടാതെ, പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്പോൾ 30,000 കുടുംബങ്ങളാണ് ഭവനരഹിതരായിത്തീരുന്നത്. പുതിയ പാതയുടെ മാർഗത്തിലുള്ള വീടുകളുടെ അടുക്കളയിൽ വരെ അതിക്രമിച്ചുകയറി മഞ്ഞക്കുറ്റികൾ നാട്ടിയ ഉദ്യോഗസ്ഥരുടെ മനോഭാവം പൊതുസമൂഹത്തിലാകമാനം വലിയ വെറുപ്പുളവാക്കിയിരുന്നു. പലയിടങ്ങളിലും ഈ പദ്ധതിക്കെതിരായി പ്രക്ഷോഭം നടന്നു. ചുരുക്കത്തിൽ, പൊതുതാത്പര്യത്തിനെതിരായ ഈ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ ഇപ്പോൾ തീരുമാനമെടുത്തത്, സമുചിതമായി എന്നുവേണം പറയാൻ.
പക്ഷേ, സിർവർലൈൻ പദ്ധതിയുടെ പ്രധാന ലക്ഷ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്, കേരളത്തിലെ ഗതാഗത മേഖല നേരിടുന്ന ഒരു വലിയ പ്രശ്നം പരിഹരിക്കാൻ അതിവേഗ റെയിൽ സംവിധാനത്തിനു മാത്രമേ കഴിയൂ എന്ന കാര്യമായിരുന്നു. ഇന്ന് കേരളത്തിലെ ഇടുങ്ങിയ റോഡുകളിലൂടെ മോട്ടോർ ബൈക്കുകളും സൈക്കിളും ഓട്ടോറിക്ഷയും കാറും ബസും ലോറിയും ഒന്നിച്ച് തിങ്ങിനിരങ്ങി നീങ്ങുന്പോൾ ധാരാളം റോഡപകടങ്ങൾ ഉണ്ടാകുന്നു. ആണ്ടുതോറും 5,000 പേരുടെ ജീവനെങ്കിലും ഈ റോഡപകടങ്ങൾ അപഹരിക്കുന്നു. കൂടാതെ, അധിക ഇന്ധനത്തിന്റെ ഉപയോഗം, അതുണ്ടാക്കുന്ന വിഷവാതകങ്ങളുടെ വ്യാപനം, വാഹനങ്ങളുടെ വർധിച്ച തേയ്മാനം, അന്തരീക്ഷ താപനം എന്നിങ്ങനെ നിരവധി പ്രശ്നങ്ങളും. ഈ സാഹചര്യത്തിൽ നമ്മുടെ റോഡ് ഗതാഗതത്തിന്റെ ഒരു നല്ല പങ്ക്, റോഡിൽനിന്നു റെയിലിലേക്ക് മാറ്റേണ്ടത് അത്യാവശ്യമായിത്തീരുന്നു. അപ്പോൾ, സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് സമ്മതിക്കുന്പോൾതന്നെ, കുറഞ്ഞ ചെലവിൽ, കാര്യക്ഷമമായി നടത്താവുന്ന ഒരു അതിവേഗ റെയിൽ സംവിധാനത്തിന്റെ പ്രാധാന്യം മറക്കാൻ പാടില്ല.
ഒരു പ്രായോഗിക പദ്ധതി
കേരളീയരുടെ യാത്രയുടെ ഒരു വലിയ ഭാഗം റോഡിൽനിന്നു റെയിലിലേക്കു മാറ്റുക, എന്ന നമ്മുടെ ലക്ഷ്യം നേടാനുള്ള ഒരു പ്രായോഗിക പദ്ധതി മുന്നോട്ടു വയ്ക്കട്ടെ! ഇന്ന്, ദിവസേന രാവിലെ വീടിനടുത്തുള്ള റെയിൽവേ സ്റ്റേഷനിലെത്തി അവിടെനിന്നു ട്രെയിനിൽ ബഹുദൂരം യാത്രചെയ്ത് ജോലിസ്ഥലത്തെത്തുന്നവർ ലക്ഷക്കണക്കിനുണ്ട്.
യാത്രാക്ലേശം അനുഭവിക്കുന്ന ഇവർ പരാതിപ്പെടുന്പോൾ റെയിൽവേ വകുപ്പിന്റെ പ്രഖ്യാപനമുണ്ടാകും ഇതാ ഒരു പുതിയ ‘വന്ദേഭാരത്’ ട്രെയിൻ! ഉയർന്ന നിരക്കിന്റെ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ കഴിയുന്ന വരേണ്യവർഗക്കാർക്ക് ‘വന്ദേഭാരത്’ സന്തോഷകരമാണെങ്കിലും സാധാരണക്കാരായ അനുദിന യാത്രക്കാർക്ക് ഈ ‘പോഷ്’ ട്രെയിൻ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്യുന്നത്. ‘വന്ദേഭാരത്’ കൃത്യസമയത്ത് പോകാനായി പാസഞ്ചർ ട്രെയിനുകൾ പിടിച്ചിടുന്നു. ഇവരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും കേരളത്തിലെ മുഴുവൻ യാത്രക്കാർക്കും സുഖകരവും ചെലവു കുറഞ്ഞതുമായ യാത്രാസൗകര്യം ഒരുക്കാനും കഴിയുന്ന പദ്ധതിയുടെ വിശദാംശങ്ങളിലേക്കു കടക്കട്ടെ!
നിലവിലുള്ള തിരുവനന്തപുരം-മംഗലാപുരം ലൈനിൽ ചില പരിഷ്കാരങ്ങൾ വരുത്തി, കേരളത്തിലൂടെ ഓടുന്ന മുഴുവൻ ട്രെയിനുകളും ഹൈസ്പീഡ് ട്രെയിനുകളാക്കിയെടുക്കാൻ കഴിയും. സിൽവർലൈൻ പദ്ധതിയുടെ പത്തിലൊന്നു മാത്രമായിരിക്കും ചെലവ്. പദ്ധതി പൂർത്തിയാക്കാൻ വേണ്ടത് രണ്ടുകൊല്ലം മാത്രം.
ഭാഗ്യവശാൽ തിരുവനന്തപുരം-മംഗലാപുരം റെയിൽ ലൈൻ മുഴുവനായി വൈദ്യുതീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കോട്ടയം വഴി പോകുന്ന ഈ ലൈനിന്റെ ഇരട്ടിപ്പ് പണിയും പണ്ടേ പൂർത്തിയായിക്കഴിഞ്ഞിരിക്കുന്നു. ഇനി വേണ്ടത് ഈ ലൈനിൽ നിലവിലുള്ള ‘ബ്ലോക്ക് സിഗ്നലിംഗ്’ സംവിധാനം ഉപേക്ഷിച്ച്, ആധുനിക രീതിയിലുള്ള ഇലക്ട്രോണിക് സിഗ്നലിംഗ് സംവിധാനം സ്ഥാപിക്കുകയാണ്. ഈ പുതിയ സിഗ്നൽ സിസ്റ്റം നിലവിൽ വരുന്നതോടെ ഒന്നിനു പിറകേ ഒന്നായി കൂടുതൽ ട്രെയിനുകൾ സുരക്ഷിതമായും വേഗത്തിലും അയയ്ക്കാൻ സാധിക്കും.
അതായത്, ഇലക്ട്രോണിക് സിഗ്നൽ സംവിധാനം കമ്മീഷൻ ചെയ്തുകഴിയുന്പോൾ ലൈനിന്റെ ‘കപ്പാസിറ്റി’ മൂന്നുമടങ്ങ് ഉയർത്താൻ കഴിയും. ഇലക്ട്രോണിക് സിഗ്നൽ സംവിധാനത്തിൽ ഒരു കിലോമീറ്ററിനു രണ്ടുകോടി രൂപ ചെലവാകും. അപ്പോൾ, 750 കിലോമീറ്റർ നീളമുള്ള തിരുവനന്തപുരം-മംഗലാപുരം റൂട്ടിൽ, സിഗ്നലിംഗ് നവീകരണത്തിനായി 1,500 കോടി ചെലവാകും.
അടുത്തതായി, 2,000 മീറ്റർ താഴെ വ്യാസ്യാർധമുള്ള വളവുകൾ നിവർത്തിയെടുത്താൽ ഉയർന്ന വേഗത്തിൽ വണ്ടി ഓടിക്കാൻ കഴിയും. അതുപോലെ, കയറ്റിറക്കമുള്ള ഭാഗങ്ങളും അല്പം ലഘൂകരിക്കാൻ കഴിയും. അതുപോലെതന്നെ മണ്ണിന് ഉറപ്പ് കുറവുള്ള ചില ഭാഗങ്ങളിൽ ലൈൻ, തൂണുകളിലേക്ക് മാറ്റേണ്ടിവന്നേക്കാം. ചിലയിടങ്ങളിൽ ലെവൽക്രോസിംഗ് മാറ്റി, ഓവർബ്രിഡ്ജ് കെട്ടേണ്ടിയുംവരും. ഇത്തരം ട്രാക്ക് നവീകരണ പദ്ധതികളെല്ലാം 15,000 കോടിക്കകത്ത് രണ്ടു കൊല്ലക്കാലത്തെ സമയമെടുത്ത് പൂർത്തിയാക്കാൻ കഴിയും.
ഇങ്ങനെ നവീകരിക്കപ്പെടുന്ന തിരുവനന്തപുരം-മംഗലാപുരം ലൈനിൽ 150 കിലോമീറ്റർ സ്പീഡിൽ ട്രെയിൻ ഓടും. ഓരോ അര മണിക്കൂറിലും തിരുവനന്തപുരത്തുനിന്നു മംഗലാപുരത്തിന് ഓരോ സ്റ്റേഷനിലും നിർത്തുന്ന ട്രെയിൻ പുറപ്പെടണം. ഈ ട്രെയിനുകൾ എല്ലാ സ്റ്റേഷനിലും നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത് ആറ് മണിക്കൂറിൽ മംഗലാപുരത്തെത്തും. അതുപോലെ, ഓരോ അര മണിക്കൂറിലും മംഗലാപുരത്തുനിന്നു തിരുവനന്തപുരത്തിനും ട്രെയിനുകൾ പുറപ്പെടണം. ഈ ട്രെയിനുകളിൽ ആറ് സാധാരണ വണ്ടികുളും ആറ് എസി വണ്ടുകളും ഉണ്ടായിരിക്കും. എസിയില്ലാത്ത വണ്ടികളിൽ സാധാരണ യാത്രാചാർജ് സാധാരണക്കാർക്ക് വഹിക്കാൻ പ്രയാസമുണ്ടാകില്ല.
ഈ ട്രെയിനുകൾ നമുക്ക് പരിചിതമായ മെമു ട്രെയിനുകൾ ആയിരിക്കും. അവ ഓടുന്നത്, മെയിൻ ലൈനിൽനിന്നു വൈദ്യുതിയെടുത്ത് ഓടുന്ന മോട്ടോർ സംവിധാനം ഉപയോഗിച്ചായിരിക്കും. ഈ ട്രെയിനുകൾക്ക് എൻജിൻ ഉണ്ടായിരിക്കുന്നതല്ല. ഇന്നു നമുക്ക് പരിചിതമായ ‘വന്ദേഭാരത്’ ട്രെയിനുകളും വാസ്തവത്തിൽ മെമു ട്രെയിനുകൾ തന്നെയാണ്. മോട്ടോർ ഉപയോഗിച്ച് ഓടുന്ന ട്രെയിനുകൾ സ്റ്റേഷനു സമീപമെത്തി നിർത്തുന്പോഴും അവിടെനിന്നു വീണ്ടും പുറപ്പെടുന്പോഴും സാധാരണ ട്രെയിനുകളേക്കാൾ കുറഞ്ഞസമയത്തിൽ നിർത്താതെ വീണ്ടും വേഗം നേടാനും കഴിയും. സ്റ്റേഷനുകളിൽ രണ്ടുമിനിറ്റ് നിർത്താൻ സമയനഷ്ടമില്ലാതെ നിയന്ത്രിക്കാൻ കഴിയും.
ഓരോ അര മണിക്കൂറിലും ഓരോ റെയിൽവേ സ്റ്റേഷനിലും നിർത്തുന്ന ‘മെമു’ ട്രെയിനുകൾ ഇരുദിശയിലേക്കും ഓടിത്തുടങ്ങുന്നതോടെ കേരളത്തിലെ മിക്ക ബസുകളും റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരെ എത്തിക്കുന്ന ഫീഡർ സർവീസുകളായിത്തീരും. അതോടെ, നമ്മുടെ റോഡുകൾ കുരുക്കൊഴിഞ്ഞ് ‘ഫ്രീ’ ആയിത്തീരും. അങ്ങനെ കേരളത്തിൽ ഒരു ഗതാഗത വിപ്ലവം നടക്കാൻ നമ്മുടെ ഹൈസ്പീഡ് മെമു ട്രെയിൻ ചുക്കാൻ പിടിക്കും.
Auto
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കാൾ ബെൻസ് ആദ്യത്തെ പെട്രോൾ ചാലിത വാഹനം നിർമിച്ചതോടെ ലോകം ഒരു പുതിയ യുഗത്തിലേക്കു കടന്നു കഴിഞ്ഞിരുന്നു . തുടർന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹെൻറി ഫോർഡ് അസംബ്ലി ലൈൻ സംവിധാനം അവതരിപ്പിച്ചതോടെ വാഹന നിർമാണം സാധാരണക്കാരന്റെ കൈകളിലെത്തി ചേർന്നു. കുതിരവണ്ടികൾ നിറഞ്ഞ തെരുവുകൾ ഒറ്റ തലമുറകൊണ്ട് മോട്ടോർ വാഹനങ്ങളാൽ നിറഞ്ഞു.
എന്നാൽ, ഇന്ന് ആ വ്യവസായം വീണ്ടുമൊരു നിർണായക വഴിത്തിരിവിലാണ്. കൃത്രിമ ബുദ്ധിയും 5G സാങ്കേതികവിദ്യയും ചേർന്ന് ഒരു വാഹനത്തെ വെറും യന്ത്രം എന്ന നിലയിൽനിന്നു ചിന്തിക്കാനും പ്രതികരിക്കുവാനും ശേഷി ഉള്ള ഉപകരണമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ 2026 ഓട്ടോമൊബൈൽ വ്യവസായത്തിന് ഏറെ പ്രാധാന്യമുള്ള ഒരു വർഷമാണ്. ഈ വ്യവസായത്തെ നിർവചിക്കുന്ന നിർണായക പ്രവണതകൾ ഇന്ന് ലോകശ്രദ്ധ നേടുകയാണ്. അവ ഓരോന്നും നമ്മുടെ ഭാവി സഞ്ചാര ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തുമെന്ന് പരിശോധിക്കാം.
ഇലക്ട്രിക്, ഹൈബ്രിഡ്
ഒരു കാലത്ത് ഭാവിയുടെ സ്വപ്നം മാത്രമായിരുന്ന ഇലക്ട്രിക് വാഹനങ്ങൾ ഇന്നു ലോകത്തിന്റെ പ്രധാന നഗരങ്ങളിലെ തെരുവുകളിൽ സാധാരണ കാഴ്ചയായി മാറിക്കഴിഞ്ഞു. പരിസ്ഥിതി മലിനീകരണത്തിനെതിരായ ആഗോള പോരാട്ടവും ഫോസിൽ ഇന്ധനങ്ങളോടുള്ള വർധിച്ചുവരുന്ന വിരക്തിയും ഈ വ്യവസായത്തിനു ശക്തമായ ഊർജം പകർന്നു. ടെസ്ലയുടെ വിപ്ലവകരമായ കടന്നുവരവോടെ ഇലക്ട്രിക് വാഹനം ഒരു ആഡംബര ഉത്പന്നം എന്ന നിലയിൽനിന്നു മാറി ബഹുജന വിപണിയിലേക്കു പ്രവേശിക്കാൻ തുടങ്ങി.
എന്നാൽ, സാധാരണക്കാരന് ഒരു ഇലക്ട്രിക് കാർ ഇന്നും ഒരു വലിയ സ്വപ്നമാണ്. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ ഓട്ടോമൊബൈൽ കമ്പനികൾ ഇപ്പോൾ ഹൈബ്രിഡ് മോഡലുകളിലേക്കു ശ്രദ്ധ തിരിക്കുകയാണ്. ഇലക്ട്രിക് മോട്ടോറും പരമ്പരാഗത എൻജിനും ഒരുമിച്ച് ഉപയോഗിക്കുന്ന ഹൈബ്രിഡ് വാഹനങ്ങൾ ചെലവ് കുറഞ്ഞതും പ്രായോഗികവുമായ ബദൽ മാർഗമായി ഉയർന്നുവരുന്നു.
ബാറ്ററിയിലെ മാറ്റങ്ങൾ
ഇതിനിടയിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റം ഉണ്ടാകുന്നത് ബാറ്ററി സാങ്കേതികവിദ്യയിലാണ്. ലിഥിയം അയൺ ബാറ്ററികളുടെ പരിമിതികൾ മറികടക്കാൻ ശാസ്ത്രലോകം ഇപ്പോൾ സോളിഡ് സ്റ്റേറ്റ് ബാറ്ററികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടുതൽ ഊർജ സാന്ദ്രത, മെച്ചപ്പെട്ട സുരക്ഷ, കുറഞ്ഞ ചെലവ് എന്നിവ ഈ അടുത്ത തലമുറ ബാറ്ററികളുടെ പ്രത്യേകതകളാണ്. ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി നിർമാതാവായ CATL ഇതിനകംതന്നെ സോഡിയം അയൺ ബാറ്ററി സാങ്കേതികവിദ്യ വ്യാപാരാടിസ്ഥാനത്തിൽ വിന്യസിക്കാൻ ആരംഭിച്ചിരിക്കുന്നു. ഒറ്റ ചാർജിൽ അഞ്ഞൂറ് കിലോമീറ്ററിലധികം സഞ്ചരിക്കാൻ ശേഷിയുള്ള ഈ ബാറ്ററി ഇലക്ട്രിക് വാഹന ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറുകയാണ്.
Kerala
തിരുവനന്തപുരം: ആരോഗ്യരംഗത്ത് ഇന്ത്യക്കു തന്നെ മാതൃകയായി "രാജസ്ഥാൻ മോഡൽ" മാറിയിരിക്കുകയാണെന്ന് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കണക്കുകൾ നിരത്തി സംസാരിച്ച അദ്ദേഹം, കോൺഗ്രസ് സർക്കാരിന്റെ ദീർഘവീക്ഷണമുള്ള നയങ്ങൾ എങ്ങനെയാണ് രാജസ്ഥാനെ ആരോഗ്യമേഖലയിൽ ഒന്നാമതെത്തിച്ചതെന്ന് വ്യക്തമാക്കി.
അതേസമയം മികച്ച ആരോഗ്യ സംവിധാനത്തിന് പേരുകേട്ട കേരളം നിലവിലെ ഇടതുപക്ഷ സർക്കാരിന്റെ ദുർഭരണത്താൽ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സർക്കാർ ആവിഷ്കരിച്ച ചിരഞ്ജീവി പദ്ധതി രാജസ്ഥാനിലെ ആരോഗ്യ മേഖലയെ മാറ്റിമറിച്ചു.
ഈ പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെ പണമില്ലാതെയുള്ള ചികിത്സയും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും നൽകുന്നുണ്ട്.
ഗുരുതരമായ രോഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ഈ പദ്ധതി മോചിപ്പിച്ചു. കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ സമാനമായ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ക്യാൻസർ, ഹൃദയ ശസ്ത്രക്രിയ, ന്യൂറോ സർജറി, വൃക്ക-കരൾ മാറ്റിവയ്ക്കൽ, ബോൺ മാരോ ട്രാൻസ്പ്ലാന്റ് തുടങ്ങിയ ചെലവേറിയ ചികിത്സകൾ ഈ പദ്ധതി പ്രകാരം പൂർണ്ണമായും സൗജന്യമായി നൽകുന്നു. സർക്കാർ ആശുപത്രികളിൽ മാത്രമല്ല, സ്വകാര്യ ആശുപത്രികളിലും ഈ സേവനം പണമില്ലാതെ ലഭ്യമാണ്. ഏകദേശം 5,000 കോടി രൂപയുടെ സൗജന്യ ചികിത്സ 50 ലക്ഷത്തോളം രോഗികൾക്ക് ഈ പദ്ധതി പ്രകാരം നൽകി കഴിഞ്ഞു.
രോഗി മറ്റൊരു സംസ്ഥാനത്താണ് ചികിത്സ തേടുന്നതെങ്കിൽ പോലും ചിരഞ്ജീവി ഇൻഷുറൻസ് പാക്കേജ് അനുസരിച്ചുള്ള തുക അവർക്ക് റീ ഇംബേഴ്സ് മെന്റായി ലഭിക്കും.
എംആർഐ, സിടി സ്കാൻ, എക്സ്-റേ ഉൾപ്പെടെയുള്ള എല്ലാ അത്യാവശ്യ പരിശോധനകളും പൂർണ്ണമായും സൗജന്യമാക്കിയിട്ടുണ്ടെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.
Auto
ഇന്ത്യൻ വാഹനവിപണിയിൽ മിഡ്-സൈസ് എസ്യുവി വിഭാഗത്തിൽ തരംഗം സൃഷ്ടിച്ച സെൽറ്റോസിന്റെ ഏറ്റവും പുതിയ പതിപ്പ് "സെൽറ്റോസ് 2026' കിയ അവതരിപ്പിച്ചു.
രൂപകൽപ്പനയിലും സാങ്കേതികവിദ്യയിലും സുരക്ഷാ സംവിധാനങ്ങളിലും ഗണ്യമായ മാറ്റങ്ങൾ വരുത്തിയാണ് വാഹനം ഇന്ത്യൻ നിരത്തിൽ എത്തുന്നത്. കാഴ്ചയിലും സ്പർശനത്തിലും പ്രീമിയം അനുഭവം നൽകുന്നതിലാണ് കിയ ഇത്തവണ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
കിയയുടെ ‘ടൈഗർ നോസ്’ ഗ്രില്ലിന് പുതിയ മോഡലിൽ കൂടുതൽ വലുപ്പവും മിഴിവും നൽകിയിട്ടുണ്ട്. ഗ്രില്ലിന് ചുറ്റുമുള്ള ഡാർക്ക് ക്രോം ഫിനിഷുകൾ പ്രീമിയം ഭാവം നൽകുന്നു.
പുനരവതരിപ്പിച്ച എൽഇഡി ഹെഡ്ലാന്പുകളും സ്റ്റൈലിഷ് ഡിആർഎല്ലുകളും മുൻവശത്തിനും കണക്റ്റുചെയ്ത രീതിയിലുള്ള പുതിയ എൽഇഡി ടെയിൽ ലാന്പുകൾ പിന്നിലും വാഹനത്തിന് ആധുനിക ഫിനിഷിംഗ് നൽകുന്നു. പുതിയ ഡിസൈനിലുള്ള 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ സെൽറ്റോസിന്റെ സ്പോർട്ടി ഭാവം വർദ്ധിപ്പിക്കുന്നുണ്ട്.
അകത്തളം
അകത്തളം സാങ്കേതികവിദ്യയിലും യാത്രാസുഖത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.വലിയ പനോരമിക് സണ്റൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, 8-സ്പീക്കർ ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, വയർലെസ് ഫോണ് ചാർജിംഗ് പാഡ്, യുവിഒ കണക്റ്റിവിറ്റി സൂട്ട്, എയർ പ്യൂരിഫയർ, പവർഡ് ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, ഹൈ ബീം അസിസ്റ്റ്, 360-ഡിഗ്രി കാമറ എന്നിവ യാത്ര കൂടുതൽ സുഖകരമാക്കും.
മികച്ച നിലവാരമുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള ഇന്റീരിയർ ഫിനിഷിംഗ് സെൽറ്റോസിന്റെ പ്രീമിയം നിലവാരം ഉയർത്തുന്നുണ്ട്.
സുരക്ഷ
സാങ്കേതികവിദ്യയിലും സുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ വാഹനത്തിലെ ഫീച്ചറുകൾ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ പതിപ്പിൽ അഡാസ് ലെവൽ 2 സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോർവേഡ് കൊളീഷൻ അവോയിഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് കൊളിഷൻ വാർണിംഗ്, സ്മാർട്ട് ക്രൂയിസ് കണ്ട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ, ഹിൽ അസിസ്റ്റ് കണ്ട്രോൾ തുടങ്ങിയ ഫീച്ചറുകൾ റോഡുകളിൽ കൂടുതൽ സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നു.
എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ഫീച്ചറായി ആറ് എയർബാഗുകൾ നൽകിയിരിക്കുന്നു. ക്യാബിനില് ഐസോഫിക്സ് ആങ്കറുകള്, എല്ലാ സീറ്റുകളിലും മൂന്ന് പോയിന്റ് സീറ്റ് ബെല്റ്റുകള്, സീറ്റ് ബെല്റ്റ് റിമൈന്ഡര്, ചൈല്ഡ് ലോക്കുകള്, ഇംപാക്ട് സെന്സിംഗ് ഓട്ടോ അണ്ലോക്ക് ഉള്ള സ്പീഡ് സെന്സിംഗ് ഡോര് ലോക്കുകള് എന്നിവ സുരക്ഷാ ഫീച്ചറു കളിൽ ഉള്പ്പെടുന്നു.
എൻജിൻ
മുൻ മോഡലിലെ 1.5 ലിറ്റര് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്, 1.5 ലിറ്റര് ടര്ബോ-പെട്രോള്, 1.5 ഡീസല് എന്നീ മൂന്ന് എൻജിന് ഓപ്ഷനുകള് പുതുതലമുറയിലേക്കും പറിച്ചുനട്ടിട്ടുണ്ട്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള് 115 ബിഎച്ച്പി പവറും 144 എൻഎം ടോര്ക്കും ടര്ബോ പെട്രോള് 160 ബിഎച്ച്പി പവറും 253 എൻഎം ടോര്ക്കും ഡീസല് 116 ബിഎച്ച്പി പവറും 250 എൻഎം ടോര്ക്കും പുറപ്പെടുവിക്കുന്നു.
മാനുവൽ, ഓട്ടോമാറ്റിക്, ഡിസിടി പോലുള്ള വിവിധ ട്രാൻസ്മിഷൻ ഓപ്ഷനുകളും പുതിയ സെൽറ്റോസിൽ ലഭ്യമാണ്. ഉയർന്ന വേരിയന്റുകളിൽ, ഡ്രൈവിംഗ് സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്താവുന്ന ഡ്രൈവ് മോഡുകളും ട്രഷൻ മോഡുകളും നൽകിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് എട്ട് മോണോ-ടോണ്, രണ്ട് ഡ്യുവൽ-ടോണ് കോന്പിനേഷനുകളിലും വാഹനം തെരഞ്ഞെടുക്കാനാവും. ഒരു എക്സ്ക്ലൂസീവ് മാറ്റ് കളറും കന്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ സെല്റ്റോസിന്റെ വില 2026 ജനുവരി രണ്ടിന് പ്രഖ്യാപിക്കും. രാജ്യത്തുടനീളം ബുക്കിംഗുകള് ആരംഭിച്ചുകഴിഞ്ഞു. 25,000 രൂപയ്ക്ക് വാഹനം ബുക്ക് ചെയ്യാനാകും.
Leader Page
സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ടവർ പങ്കെടുത്ത ഒരൊറ്റ ജനകീയ സമരമേ ദേശീയ പ്രസ്ഥാനത്തിന്റെ സുദീർഘമായ ചരിത്രത്തിലുണ്ടായിട്ടുള്ളൂ. അതുകൊണ്ടാണു മറ്റു സമരങ്ങളിൽനിന്ന് വിഭിന്നമായി ക്വിറ്റ് ഇന്ത്യ സമരത്തെ ‘ഓഗസ്റ്റ് വിപ്ലവം’ എന്നു വിളിക്കുന്നത്. സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജി മുന്നിൽ നിന്നു നയിച്ച അന്തിമസമരത്തിന്റെ കാഹളമായിരുന്നു “ബ്രിട്ടീഷുകാർ ഇന്ത്യ വിടുക” എന്ന് മുഷ്ടി ചുരുട്ടിയ ക്വിറ്റ് ഇന്ത്യ സമരം അഥവാ ‘ഓഗസ്റ്റ് ക്രാന്തി.’
ബ്രിട്ടന്റെ ധാർഷ്ട്യം
രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കൻ പ്രസിഡന്റ് റൂസ്വെൽറ്റ് ഇന്ത്യയിൽ ഒരു താല്കാലിക സർക്കാർ രൂപീകരിക്കേണ്ടതു ജപ്പാൻ സൈന്യത്തെ നേരിടാനും യുദ്ധം ജയിക്കാനും അനിവാര്യമാണെന്ന് ബ്രിട്ടനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നിട്ടും, നിരുപാധികം ഡൊമിനിയൻ പദവി നൽകാൻ അവർ തയാറായില്ല.
ബ്രിട്ടീഷുകാർക്കെതിരേ ഇന്ത്യയിലുണ്ടായ അതിശക്തമായ ജനവികാരം തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർ സ്റ്റഫോർഡ് ക്രിപ്സിനെ ഇന്ത്യയിലേക്കയച്ചത്. എന്നാൽ, പ്രവിശ്യകൾക്ക് ഇഷ്ടമുള്ള നിലപാടെടുക്കാനും ഇന്ത്യയിൽനിന്ന് കൊഴിഞ്ഞുപോകാനുമുള്ള അധികാരമുണ്ടാകുമെന്നായിരുന്നു ക്രിപ്സ് മിഷന്റെ റിപ്പോർട്ട്. ഇത് ദേശീയ നേതാക്കളെ ക്ഷുഭിതരാക്കി. ഇന്ത്യയുടെ വിഭജനവും ശിഥിലീകരണവുമായിരുന്നു യുദ്ധകാലത്തുപോലും ബ്രിട്ടന്റെ മുൻഗണനയെന്നതു ഗാന്ധിജിയെ വല്ലാതെ വേദനിപ്പിച്ചു.
ക്രിപ്സിന്റെ ദൗത്യം
കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി ചില ഭേദഗതികളോടെ ക്രിപ്സിന്റെ വ്യവസ്ഥകൾ അംഗീകരിക്കാൻ തയാറായെങ്കിലും ഉടന്പടിയിൽ പങ്കാളിയാകുന്നില്ലെന്നു പറഞ്ഞ് ഗാന്ധിജി സേവാഗ്രാമിലേക്കു മടങ്ങിപ്പോയി. ക്രിപ്സ് ആകട്ടെ തന്റെ നിർദേശങ്ങളിൽ മാറ്റം വരുത്തിയതുമില്ല. അതോടെ കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റിക്കും അതു സ്വീകാര്യമായില്ല.
എഐസിസിക്ക് ഗാന്ധിജി നൽകിയ പ്രമേയം
ജനങ്ങളും നേതാക്കളും എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചപ്പോൾ ഗാന്ധിജി രംഗത്തെത്തി. മറ്റ് തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നെന്നപോലെ ഇന്ത്യയിൽനിന്നും ബ്രിട്ടൻ ഒഴിഞ്ഞുപോകണമെന്നും ജപ്പാനെ ചെറുക്കാനുള്ള ചുമതല ഇന്ത്യ സ്വയം ഏറ്റെടുക്കുകയാണു വേണ്ടതെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം മീരാ ബഹൻ വശം ഗാന്ധിജി എഐസിസിക്ക് കൊടുത്തയച്ചു.
കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി പ്രമേയം അംഗീകരിച്ചെങ്കിലും തൊട്ടടുത്ത ദിവസം, പ്രമേയം അതേപടി അംഗീകരിച്ചാൽ താൻ രാജിവയ്ക്കുമെന്ന് കോണ്ഗ്രസ് പ്രസിഡന്റ് മൗലാനാ ആസാദ് പരസ്യപ്രഖ്യാപനം നടത്തി. പ്രസിഡന്റിന്റെ ഈ ഘട്ടത്തിലുള്ള രാജി സ്വാതന്ത്ര്യസമരത്തിനു ദോഷമാകുമെന്നു കരുതിയ നെഹ്റുവും വല്ലഭായ് പട്ടേലും മറ്റുള്ളവരും അവരുടെ നിലപാടിൽ മാറ്റംവരുത്തി. തുടർന്നു നടന്ന എഐസിസി സമ്മേളനത്തിൽ, ‘ബ്രിട്ടൻ ഇന്ത്യവിടുക-ക്വിറ്റ് ഇന്ത്യ’ എന്ന സുപ്രധാന ഭാഗം ഒഴിവാക്കുകയും ചെയ്തു.
ഗാന്ധിജി ഒറ്റപ്പെടുന്നു
ഗാന്ധിജി ‘ഹരിജനി’ൽ കൂടി, ബ്രിട്ടൻ ഇന്ത്യ വിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പൊതുജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. തുടർന്ന് സേവാഗ്രാമിൽ വിളിച്ചുകൂട്ടിയ വർക്കിംഗ് കമ്മിറ്റിയിൽ ചുരുക്കം ചില നേതാക്കൾ മാത്രമേ ഗാന്ധിജിയുടെ ‘ക്വിറ്റ് ഇന്ത്യ’ എന്ന നിലപാടിനോട് യോജിച്ചിരുന്നുള്ളൂ. മൗലാനാ ആസാദ്, സർദാർ പട്ടേൽ, നെഹ്റു, വല്ലഭായ്, പാന്ത്, ആസിഫ് അലി തുടങ്ങിയ പ്രമുഖരെല്ലാം ഗാന്ധിജിയുടെ നിലപാടിനെ എതിർത്തിരുന്നു.
ജനങ്ങൾ ഒപ്പമായിരുന്നതിനാൽ ഗാന്ധിജി ഒറ്റയ്ക്ക് ക്വിറ്റ് ഇന്ത്യ സമരം നടത്തുമെന്ന് നേതാക്കൾക്കു ബോധ്യമായി. അതോടെ ഗാന്ധിജിയുടെ പ്രമേയം ഭേദഗതികളില്ലാതെ അംഗീകരിച്ചു. “ബ്രിട്ടൻ ഇന്ത്യ വിടുക” എന്ന ആവശ്യവുമായി ദേശവ്യാപകമായി സമരം നടത്താൻ കോണ്ഗ്രസ് ഏകകണ്ഠമായി തീരുമാനിച്ചു.
ഗാന്ധിജിയുടെ ഏറ്റവും നീണ്ട പ്രസംഗം
1942 ഓഗസ്റ്റ് എട്ടിന് ബോംബെയിലെ ഗോവാലിയാ ടാങ്ക് മൈതാനത്ത് ഗാന്ധിജി നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയതായിരുന്നു. “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന മന്ത്രം ആ പ്രസംഗത്തിലൂടെ അദ്ദേഹം രാജ്യത്തിനു പകർന്നുനല്കി.
ഗാന്ധിജി ഇന്ത്യയുടെ ശബ്ദമായി
കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ തീരുമാനത്തിനെ മുഹമ്മദലി ജിന്ന എതിർത്തു. ലിബറൽ നേതാക്കളും കമ്യൂണിസ്റ്റ് പാർട്ടിയും രാജഗോപാലാചാരിയും ബ്രിട്ടീഷുകാർ ഇന്ത്യവിടുകയെന്ന ആശയത്തെ എതിർത്തു. സവർക്കറും മറ്റു ഹിന്ദു മഹാസഭാ നേതാക്കളും നിസഹരണ സമരത്തിനു പിന്തുണ നൽകേണ്ടെന്നു തീരുമാനിച്ചു.
എതിർപ്പുകളെ അവഗണിച്ചുകൊണ്ട് ഗാന്ധിജിയും കോണ്ഗ്രസും സമരവുമായി മുന്നോട്ടു നീങ്ങി. ഓഗസ്റ്റ് ഒന്പതിന് വെളുപ്പിനു നാലിന് ഗാന്ധിജി ഉൾപ്പെടെയുള്ള എല്ലാ കോണ്ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
അറസ്റ്റ് വാർത്ത കാട്ടുതീപോലെ പടർന്നു, എല്ലാ നഗരങ്ങളും സ്തംഭിച്ചു. വിദ്യാർഥികൾ കലാലയങ്ങൾ വിട്ടിറങ്ങി. ഗ്രാമപ്രദേശങ്ങളിൽ സമരം കത്തിപ്പടർന്നു. ലാത്തിചാർജിലും വെടിവയ്പിലും ആയിരങ്ങൾ കൊല്ലപ്പെടുകയും പതിനായിരക്കണക്കിനാളുകൾക്കു പരിക്കേൽക്കുകയും ചെയ്തു.
മുസ്ലിം ലീഗും ഹിന്ദു മഹാസഭയും കമ്യൂണിസ്റ്റ് പാർട്ടിയും സമരത്തെ പിന്തുണച്ചില്ല. അഹമ്മദാബാദിലെയും ബോംബെയിലെയും കാൺപുരിലെയും മറ്റു വ്യാവസായിക നഗരങ്ങളിലെയും മില്ലുകളും ഫാക്ടറികളും പൂർണമായി സ്തംഭിച്ചു.
ബ്രിട്ടന്റെ നരനായാട്ടിനെതിരേ ലോകവ്യാപകമായി പ്രതിഷേധം ഉയർന്നു. ബ്രിട്ടനിലെ ഒരു വിഭാഗം ആളുകൾ സർക്കാർ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകേണ്ടതാണെന്ന് അമേരിക്കയും ചൈനയും റഷ്യയും ബ്രിട്ടനെ ബോധ്യപ്പെടുത്തി. സ്വാതന്ത്ര്യപ്രാപ്തിയിലേക്കുള്ള വേഗം കൂട്ടാൻ ക്വിറ്റ് ഇന്ത്യാ സമരം ഏറെ സഹായിച്ചു.