തിരുവല്ല: തിരുവല്ല നഗരപരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യ ശേഖരണം നിലച്ചു. കഴിഞ്ഞ ഒരാഴ്ചയായി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ ആരുമെത്തുന്നില്ല. നഗരസഭയുടെ കരാര്‍ അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചിരുന്ന സ്വകാര്യ ഏജന്‍സിയുടെ ചുമതല വഹിച്ചിരുന്ന ക്രിസ് ഗ്ലോബലിന്റെ ഉടമ ക്രിസ് അടുത്തയിടെ മരണപ്പെട്ടതിനേ തുടര്‍ന്നാണ് മാലിന്യ ശേഖരണം തടസപ്പെട്ടത്.
മാലിന്യശേഖരണം പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നതിനാല്‍ തിരുവല്ല നഗരസഭ പരിധിയില്‍ ഹരിതകര്‍മസേന രൂപീകരിച്ചിരുന്നതുമില്ല.
മാലിന്യശേഖരണം നിലച്ചതോടെ വിവിധ സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയും പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ട് നേരിടേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തിരിക്കുകയാണ്.
കേരളത്തില്‍ ഹരിതകര്‍മസേന നിലവിലില്ലാത്ത അപൂര്‍വ നഗരസഭകളിലൊന്നാണ് തിരുവല്ല. സ്വകാര്യ ഏജന്‍സിയെ മാത്രം ആശ്രയിച്ചിരുന്ന മാലിന്യ ശേഖരണ സംവിധാനം നിലച്ചതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. അതിനാല്‍ തിരുവല്ല നഗരസഭയില്‍ അടിയന്തരമായി ഹരിതകര്‍മസേന രൂപീകരിച്ച് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തിരുവല്ല വിജിലന്‍സ് കൗണ്‍സിലും തിരുവല്ല ടൗണ്‍ റസിന്റ്സ് അസോസിയേഷനും സംയുക്തമായി ആവശ്യപ്പെട്ടു.
ജനങ്ങളുടെ ആരോഗ്യവും ശുചിത്വവും സംരക്ഷിക്കുന്നതിനും നഗരത്തിലെ മാലിന്യ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുമായി നഗരസഭാ അധികൃതര്‍ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഇരുസംഘടനകളും ആവശ്യപ്പെട്ടു.
Tags : Nattuvishesham District News