പേവിഷബാധ സംശയിക്കുന്ന നായ കടിച്ചു മുറിവേൽപ്പിച്ച മടത്തേടം കിഴക്കേവാരയിൽ ജിൻസിയുടെ വളർത്തുനായയെ കൂട്ടിൽ ബന്ധിച്ചിരിക്കുന്നു.
വൈക്കം: വെള്ളൂരിൽ തെരുവുനായയുടെ കടിയേറ്റ് സ്ത്രീയടക്കം മൂന്നു പേർക്കു പരിക്ക്. പേവിഷബാധ സംശയിക്കുന്ന നായ ആളുകളെ കടിച്ച് ഗുരുതരമായി പരിക്കേൽപിച്ചതിന് പുറമേ നാല് വളർത്തുനായ്ക്കളെയും രണ്ട് പൂച്ചകളെയും കടിച്ചു. ഇതിൽ ഒരു വളർത്തു നായയും പൂച്ചയും ചത്തു.
വെള്ളൂർ മടത്തേടം കിഴക്കേപ്പറമ്പിൽ റീന (50), ചന്ദ്രാമലയിൽ പുരുഷോത്തമൻ (മണി -79), ശങ്കരാലിയിൽ മോഹനൻ(55) എന്നിവർക്കാണ് പരിക്കേറ്റത്. കൈകാലുകൾക്ക് പരിക്കേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. ഇന്നലെ രാവിലെ 7.30 ഓടെ നിലയ്ക്കാതെ കുരച്ച് അക്രമ ണകാരിയായി എത്തിയ നായ പള്ളിയിൽ പോകാനായി വന്ന റീനയെയാണ് ആദ്യം കടിച്ചത്. ചന്ദ്രാമലയിലെ വീട്ടിൽനിന്നും മടത്തേടത്തുള്ള മകൻ ബിനീഷിന്റെ വീട്ടിലേക്ക് വരുന്നതിനിടയിലാണ് ഭിന്നശേഷിക്കാര നായ പുരുഷോത്തമന് (മണി) നായയുടെ കടിയേറ്റത്.
വെള്ളൂരിലെ ഷാപ്പിലെ ജീവനക്കാരനായ മോഹനൻ ഷാപ്പിലേക്ക് വരുന്നതിനിടയിലാണ് നായയുടെ ആക്രമണത്തിന് ഇരയായത്. മടത്തേടം ഊട്ടുശാലയിൽ സണ്ണിയുടെ നാലുമാസം പ്രായമുള്ള വിദേശ ഇനം വളർത്തുനായ തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ചത്തു. ഇതിനുശേഷം നായ സമീപവാസികളായ കീരുമറ്റത്തിന്റെ അനിലിന്റെയും കിഴക്കേവാരയിൽ ജിൻസിയുടെയും വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുനായ്ക്കളുടെ മുഖത്തും കഴുത്തിനും കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.
ആക്രമണത്തിനു ശേഷം പൊന്തക്കാട്ടിൽ ഒളിച്ച തെരുവു നായയെ തേടി പ്രദേശവാസികൾ മണിക്കൂറുകളോളം പ്രദേശത്തെ ഒഴിഞ്ഞ കെട്ടിടങ്ങളിലും നാട്ടു വഴികളിലും തെരഞ്ഞു. വൈകുന്നേരം നാലോടെ മടത്തേടം ഭാഗത്ത് പേവിഷബാധ സംശയിക്കുന്ന നായയെ ചത്ത നിലയിൽ കണ്ടെത്തി.
Tags : Nattuvishesham District News