വൈക്കം വിജയലക്ഷ്മി
വൈക്കം: ജനം ഏറ്റെടുത്ത ഗാനത്തിന് ദേശീയ പുരസ്കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി. ജിതിൻ ലാൽ സംവിധാനം ചെയ്ത എആർഎം (അജയന്റെ രണ്ടാമത്തെ മോഷണം) എന്ന ചിത്രത്തിൽ മനു രഞ്ജിത്ത് രചിച്ച് ദീപു നൈനാൻ തോമസ് ഈണമിട്ട -അങ്ങുവാന കോണിലെ മിന്നി നിന്നോരമ്പിളി എന്നു തുടങ്ങുന്ന ഗാനം ചിത്ര മിറങ്ങിയപ്പോൾ തന്നെ തരംഗമായി കൊച്ചു കുട്ടികൾ പോലും നെഞ്ചിലേറ്റിയെന്ന് വിജയലക്ഷ്മി പറയുന്നു.
ഈ ഗാനത്തിന് അവാർഡ് ലഭിക്കുമെന്ന് ചലച്ചിത്ര രംഗത്തെ സുഹൃത്തുക്കളടക്കം പറഞ്ഞിരുന്നു. ഒരു താരാട്ടുപാട്ടും നാടൻ പാട്ടും പ്രചോദനാത്മകമായ വരികളും ഇഴചേർത്തു കൊണ്ടാണ് അങ്ങുവാനകോണിലെ എന്ന ഗാനം അവാർഡിന് പരിഗണിച്ചതെന്നാണ് കരുതുന്നതെന്ന് വിജയലക്ഷ്മി പറഞ്ഞു.
അഞ്ചു ഭാഷകളിലായി ചിത്രീകരിച്ച അച്യുതാവതാരം എന്ന സിനിമയിൽ ബാംഗ്ലൂർ പ്രസന്നകുമാർ ഈണം പകർന്ന ഒരേ പാട്ട് തന്നെ അഞ്ചുഭാഷയിലും പാടി. പാടുന്നതിൽ ഭാഷ ഒരു പ്രശ്നമാകുന്നില്ല. തമിഴിൽ കറുപ്പ്, ബ്ലാസ്റ്റ് തുടങ്ങിയ ചിത്രങ്ങളിൽ പാടി. ഓട്ടൻതുള്ളൽ, മധുരമീ ജീവിതം തുടങ്ങിയ സിനിമകളിലാണ് ഒടുവിൽ പാടിയത്. അവാർഡ് വിവരമറിഞ്ഞ് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, സംവിധായകൻ കമൽ എന്നിവരടക്കം വിളിച്ച് അഭിനന്ദിച്ചു. ഇനി ഗന്ധർവ ഗായകനായ ദാസേട്ടന്റെ രാത്രിയിലെ വിളിക്കായി താൻ കാതോർത്തിരിക്കുകയാണെന്നും വിജയലക്ഷ്മി പറഞ്ഞു.
പുരസ്കാര മധുരം നുകരാനായതിലെ സന്തോഷവും നന്ദിയും വൈക്കത്തപ്പനും ഗാനാസ്വാദകരുമായും പങ്കുവയ്ക്കുന്നതായും വിജയലക്ഷ്മി കൂട്ടിച്ചേർത്തു.
Tags : Nattuvishesham District News