കടുത്തുരുത്തി ബൈപാസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന് നാട മുറിച്ചു നിര്‍വഹിക്കുന്നു. ഫ്രാന്‍സിസ് ജോര്‍ജ് എംപി, മന്ത്രി മോന്‍സ് ജോസഫ്, ജോഷി ഫിലിപ്പ് എന്നിവർ
കടുത്തുരുത്തി: കടുത്തുരുത്തിയുടെ അഭിമാനപദ്ധതിയായ കടുത്തുരുത്തി ബൈപാസ് മുഖ്യമന്ത്രി വി.ഡി. സതീശന് നാടിന് സമര്‍പ്പിച്ചു. ഉത്സവാന്തരീക്ഷത്തില്‍ ആയിരങ്ങളാണ് ബൈപാസിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെയും ജലവിഭവ മന്ത്രി മോന്‍സ് ജോസഫിനെയും ജനപ്രതിനിധികളെയും സ്വീകരിക്കാനെത്തിയത്.
കോട്ടയം ഭാഗത്തുനിന്നും ബൈപാസ് ആരംഭിക്കുന്ന പാണാവേലി കട്ടിംഗിനു സമീപം മുഖ്യമന്ത്രി നാട മുറിച്ചാണ് ബൈപാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തിരക്കിനിടയി ൽപ്പെട്ട മുഖ്യമന്ത്രിയെയും മന്ത്രി മോന്‍സ് ജോസഫിനെയും ഏറെ പണിപ്പെട്ടാണ് പോലീസ് അധികൃതര്‍ ഉദ്ഘാടനം നടന്ന ബൈപാസ് റോഡില്‍നിന്നും സമ്മേളനവേദിയിലേക്കെത്തിച്ചത്. കോട്ടയം ജില്ല കേന്ദ്രീകരിച്ചു നിരവധി പദ്ധതികളുണ്ടാകുമെന്നും കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്കുന്ന നിരവധി പദ്ധതികള്‍ നടപ്പിലാക്കുമെന്നും സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഇതുവരെയില്ലാത്ത വികസനമുന്നേറ്റമാവും കോട്ടയത്തിനുണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കടുത്തുരുത്തിയുടെ വികസനത്തിനായി വിട്ടുവീഴ്ചയില്ലാതെ നിരന്തരം ബന്ധപ്പെടുന്ന ജനനായകനാണ് മോന്‍സ് ജോസഫെന്ന മുഖ്യമന്ത്രിയുടെ വിശേഷണത്തെ ഹര്‍ഷാരവത്തോടെയാണ് ജനം സ്വീകരിച്ചത്.
കടുത്തുരുത്തിയുടെ വികസന നായകനെന്നും മുഖ്യമന്ത്രി മോന്‍സ് ജോസഫിനെ വിശേഷിപ്പിച്ചു. മോന്‍സ് ജോസഫും ഫ്രാന്‍സിസ് ജോര്‍ജ് എംപിയും ആവശ്യപ്പെടുന്ന വികസന പദ്ധതികളെല്ലാം വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന ഉറപ്പും മുഖ്യമന്ത്രി നല്കി.
ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. ജംഗ്ഷനില്‍നിന്നും ആരംഭിച്ച് ഐടിസി ജംഗ്ഷനു സമീപത്തായി പ്രവേശിക്കുന്ന വിധത്തില്‍ നിര്‍മിച്ചിട്ടുള്ള കടുത്തുരുത്തി ബൈപാസ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ എറണാകുളം-കോട്ടയം സംസ്ഥാന പാതയിലെയും കടുത്തുരുത്തി ടൗണിലെയും കാലങ്ങളായുള്ള ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും ശാശ്വത പരിഹാരമാകും.
പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം 35 കോടി രൂപ വിനിയോഗിച്ചാണ് കടുത്തുരുത്തി ടൗണ്‍ ബൈപാസ് റോഡ് പൂര്‍ത്തിയാക്കിയത്.
കാല്‍നട യാത്രക്കാര്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്രദമാകുന്ന വിധത്തില്‍ നിര്‍മിച്ചിട്ടുള്ള ഫ്ളൈഓവര്‍, കടുത്തുരുത്തി വലിയതോടിന് കുറുകെയും ചുള്ളിത്തോടിന് കുറുകെയുമുള്ള രണ്ട് പാലങ്ങള്‍, ബ്ലോക്ക് ജംഗ്ഷന് സമീപത്തുള്ള അടിപ്പാത നിര്‍മാണം, ബൈപാസിലെ ശേഷിക്കുന്ന ഭാഗങ്ങള്‍ മണ്ണിട്ടുയര്‍ത്തി പുതുതായി രൂപം കൊടുത്ത റോഡ് നിര്‍മാണം എന്നിവയെല്ലാം ചേര്‍ത്താണ് 1.5 കിലോമീറ്റര്‍ ദൂരത്തില്‍ ബൈപാസ് റോഡ് നിര്‍മിച്ചത്.
സമ്മേളനത്തില്‍ മന്ത്രി മോന്‍സ് ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഐഎഎസ്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോര്‍ജ്, ജില്ലാ പഞ്ചായത്തംഗം ആന്മരിയ ജോര്‍ജ് എന്നിവർ പ്രസംഗിച്ചു.
ബൈപാസ് നിര്‍മാണത്തിനായി സ്ഥലം നല്കിയ സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളി വികാരി ഫാ.ജോണ്‍ പാളിത്തോട്ടം, സെന്റ് മേരീസ് ഫൊറോന വലിയപള്ളി വികാരി ഫാ. ജോണ്സണ് നീലനിരപ്പേല്‍, എസ്എന്‍ഡിപി കടുത്തുരുത്തി യൂണിയന് പ്രസിഡന്റ് എ.ഡി. പ്രസാദ് ആരിശേരില്‍ എന്നിവരെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പൊന്നാടയണിയിച്ചു. നേരത്തേ ബൈപാസിന്റെ കോട്ടയം ഭാഗത്തുനിന്നുള്ള ആരംഭ ഭാഗമായ പാണാവേലി കട്ടിംഗിന് സമീപം നാട മുറിച്ചു ബൈപാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രി മോന്‍സ് ജോസഫും സമ്മേളനവേദിയായ ഗൗരീശങ്കരം ഓഡിറ്റോറിയത്തിലേക്കെത്തിയത്.
റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് പറഞ്ഞിരുന്നു; 300 ആക്കുമെന്ന് മുഖ്യമന്ത്രി
കടുത്തുരുത്തി: കോട്ടയം ജില്ല കേന്ദ്രീകരിച്ചു കാര്‍ഷിക മേഖലയ്ക്കു ഊന്നല്‍ നല്കുന്ന നിരവധി പദ്ധതികള്‍ നടപ്പിലാക്കുമെന്നും റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്നാണ് പറഞ്ഞിരുന്നത്, ഞങ്ങളത് 300 ആക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. റബര്‍ മേഖലയ്ക്കു പ്രാധാന്യം നല്കുന്ന പദ്ധതികളുണ്ടാവുമെന്നും കര്‍ഷകരുടെ കണ്ണീര് വീഴാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ സ്വപ്ന പദ്ധതിയായ കടുത്തുരുത്തി ബൈപാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും പാവങ്ങള്ക്കുമൊപ്പമാവും സര്‍ക്കാരെന്നും ഇതുവരെയില്ലാത്ത വികസന മുന്നേറ്റമാവും കോട്ടയത്തിനുണ്ടാവുകയെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
Tags : Nattuvishesham District News