കൊല്ലം:പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസിലെ വിചാരണയില്‍ നിര്‍ണായക മൊഴികളുമായി പ്രോസിക്യൂഷന് സാക്ഷി. കേസിലെ ഏഴാം സാക്ഷിയും എറണാകുളം ഡെപ്യൂട്ടി കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ്സുമായ എസ്.സ്കന്ദസ്വാമിയെയാണ് പുറ്റിങ്ങല്‍ പ്രത്യേക കോടതിയുടെ ചുമതലയുള്ള മജിസ്ട്രേറ്റ് എം.സി. ആന്റ്ണി മുമ്പാകെ വിസ്തരിച്ചത്.
ദുരന്തസ്ഥലത്തു നിന്നും സമീപത്തെ കുറുമണ്ടന് ശാര്‍ക്കര ക്ഷേത്ര കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്നും പോലീസ് പിടിച്ചെടുത്ത സ്ഫോടക സാമഗ്രികളില്‍ മാരകമായ പൊാട്ടാസ്യം ക്ലോറേറ്റ്, ആര്‍സനിക് സള്‍ഫേറ്റ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതായി കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് അദ്ദേഹം കോടതിയില്‍ മൊഴി നല്കി. നിയമവിരുദ്ധമായി നിര്‍മിച്ച സ്ഫോടകവസ്തുക്കളാണ് ദുരന്തത്തിന് ആക്കം കൂട്ടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുരന്തം നടന്നയുടന്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഫോടക വസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിക്കുകയും അവശേഷിച്ച 1092.5 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ വെളിയത്തുള്ള പാറക്വാറിയില്‍ കൊണ്ടുപോയി നിര്‍വീര്യമാക്കുകയും ചെയ്തിരുന്നു.
ലൈസന്‍സ് വ്യവസ്ഥകള്‍ പൂര്‍ണമായും ലംഘിച്ചാണ് ക്ഷേത്രപരിസരത്ത് കമ്പം നടത്തിയതെന്നും അനുമതിയില്ലാത്ത ഷെഡുകളിലാണ് ഇവ നിര്‍മിച്ചതെന്നും സാക്ഷി മൊഴി നല്കി.
സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി നിരോധിത സമയത്ത് ഉയര്‍ന്ന ശബ്ദത്തില്‍ വെടിക്കെട്ട് നടത്തിയെന്നും കാഴ്ചക്കാരുമായി പാലിക്കേണ്ട സുരക്ഷിത അകലം ഉറപ്പാക്കിയില്ലെന്നും ഫയര്‍ഫോഴ്സ് അടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നില്ലെന്നും വിസ്താരത്തില്‍ അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും ഡിജിറ്റല്‍ തെളിവുകളും പരിശോധിക്കാന്‍ കോടതി അനുമതിയോടെ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു.
തഹസില്‍ദാര്‍ വേണുഗോപാല്‍, തിരുവമ്പാടി ശശിധരന്, ഇന്‍സ്പെക്ടര്‍ മോഹന്‍കുമാര്‍, എഫ്എസ്എല് അസിസ്റ്റന്റ് ഡോ. സുനില്‍, ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് വിനയകുമാര്‍ എന്നിവരടങ്ങിയ സമിതി തയാറാക്കിയ സ്റ്റേറ്റ്മെന്റും കോടതി മുമ്പാകെ തെളിവായി സമര്‍പ്പിച്ചു.
കാമറ ദൃശ്യങ്ങള്‍ പ്രകാരം നിശ്ചിത ഉയരത്തില്‍ പോയി പൊട്ടേണ്ട സ്ഫോടകവസ്തുക്കള്‍ ഉത്തരവാദിത്തമില്ലാതെ കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് കമ്പപ്പുരയിലേക്ക് തന്ന തിരിച്ചു വീഴുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കോണ്‍ക്രീറ്റ് കെട്ടിടം തകര്‍ന്നു വീണാണ് 110 പേര് മരിക്കാനും 656 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയതെന്നും പ്രതികളുടെ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമെന്നും സാക്ഷി സ്ഥിരീക രിച്ചു.
Tags : Nattuvishesham District News