കൊച്ചി: ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച മൂന്നംഗ സംഘത്തിലെ മൂന്നാം പ്രതി അറസ്റ്റിൽ. പാലക്കാട് തച്ചറ വളപ്പിൽ ടി.വി. മുഹമ്മദ് ജബീലി (20) നെയാണ് എറണാകുളത്തു നിന്നുള്ള പോലീസ് സംഘം മലപ്പുറം വളാഞ്ചേരിയിലെ ഇയാളുടെ വീട്ടിൽ നിന്ന് ഇന്നലെ പുലർച്ചെ 3.30 ന് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 10 ന് പുലർച്ചെയാണ് എറണാകുളം ടൗൺ നോർത്ത് റെയിൽവേ സ്റ്റേഷനടുത്തുള്ള എയ്സ് - സൂട്ട്സ് റൂംസ് എന്ന ഹോട്ടലിനു മുൻവശം പാർക്ക് ചെയ്തിരുന്ന തൃശൂർ സ്വദേശിയുടെ 2,40,000 രൂപ വിലവരുന്ന യമഹ ആർ 15 മോട്ടോർ സൈക്കിൾ മൂന്നംഗ സംഘം മോഷ്ടിച്ചത്. മോഷണത്തിനു ശേഷം പ്രതികൾ ജില്ല വിട്ടു പോയിരുന്നു.
സമാന കേസുകളിൽ പ്രതികളായ ഒന്നാം പ്രതി വിഷ്ണു, രണ്ടാം പ്രതി നിതിൻ ദാസ് എന്നിവരെ കഴിഞ്ഞ ദിവസം വളാഞ്ചേരി പോലീസ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് എറണാകുളത്തെ ബൈക്ക് മോഷണത്തിന്റെ വിവരങ്ങൾ ലഭിച്ചത്. തുടർന്ന് എറണാകുളം നോർത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ജബീൽ അറസ്റ്റിലായി. വളാഞ്ചേരി പോലീസ് വിഷ്ണു, നിതിൻ ദാസ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ്ചെയ്തു. എറണാകുളത്തെ മോഷണക്കേസിൽ നോർത്ത് പോലീസ് ജയിലിലെത്തി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ മൂന്നാം പ്രതിയെ റിമാൻഡ് ചെയ്തു.
Tags : Nattuvishesham District News