പരീക്കണിക്ക് സമീപം ഉപ്പുകുഴിയിലുള്ള കോതമംഗലം രൂപതയുടെ റബർ എസ്റ്റേറ്റിൽ സാമൂഹ്യ വിരുദ്ധർ അതിക്രമിച്ച് കയറി തള്ളിയ മാലിന്യ കൂമ്പാരം
കോതമംഗലം: പരീക്കണ്ണി എസ്റ്റേറ്റിൽ സാമൂഹ്യ വിരുദ്ധർ ലോഡ്കണക്കിന് മാലിന്യം തള്ളി. പരീക്കണിക്ക് സമീപം ഉപ്പുകുഴിയിലുള്ള കോതമംഗലം രൂപതയുടെ റബർ എസ്റ്റേറ്റിലാണ് സംഭവം. എസ്റ്റേറ്റിനുള്ളിൽ പലയിടത്തായി എട്ടിലേറെ ലോഡ് മാലിന്യമാണ് നിക്ഷേപിച്ചിരിക്കുന്നത്. കെട്ടിട മാലിന്യങ്ങൾ ഉൾപ്പെടെ പ്ലാസ്റ്റിക്കുകളുടെയും അജൈവ മാലിന്യങ്ങളുടെയും കൂമ്പാരമാണ് ഇവിടെ തള്ളിയിട്ടുള്ളത്.
എസ്റ്റേറ്റിലെ റബറും മറ്റ് മരങ്ങളും വെട്ടിനീക്കി റീപ്ലാന്റിന് ഇട്ടിരിക്കുന്നതിനാൽ സൂപ്രണ്ടോ മറ്റ് ജോലിക്കാരോ ആരും തോട്ടത്തിൽ എത്തിയിരുന്നില്ല. ഇത്തരത്തിൽ ആളൊഴിഞ്ഞ സാഹചര്യം ആണെന്ന് മനസിലാക്കിയാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. മാലിന്യം തള്ളിയിരിക്കുന്നത് കഴിഞ്ഞ ദിവസമാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തോട്ടത്തിൽ അതിക്രമിച്ചുകയറി മാലിന്യം നിക്ഷേപിച്ചതിനെതിരെ ഊന്നുകള് പോലീസിലും കവളങ്ങാട് പഞ്ചായത്ത് ഓഫീസിലും എസ്റ്റേറ്റ് അധികൃതർപരാതി നൽകി.
ഊന്നുകൽ പോലീസ് സ്ഥലത്ത് എത്തി മാലിന്യക്കുമ്പാരങ്ങൾക്കിടയിൽ നിന്ന് സ്ഥാപനങ്ങളുടെ പേരോ വിലാസമോ ലഭ്യമാകുമോയെന്നും മാലിന്യം എത്തിച്ച വാഹനങ്ങൾ കണ്ടെത്താൻ പരിസരത്തെ റോഡുകൾക്ക് സമീപമുള്ള വീടുകളുടെയും സ്ഥാപനങ്ങളുടെയും സിസിടിവിയും പരിശോധന നടത്തിവരികയാണ്.
കോതമംഗലം താലൂക്കിന്റെ പലഭാഗങ്ങളിലും അടുത്ത നാളുകളിൽ ഇത്തരത്തിൽ മാലിന്യം തള്ളുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. പൈങ്ങോട്ടൂർ പഞ്ചായത്തിൽ ചാത്തമറ്റം കോളജിന് സമീപം പാറമടയിൽ കഴിഞ്ഞ ദിവസം ഒരു ലോഡ് ഇ-മാലിന്യം നിക്ഷേപിച്ചത് പോത്താനിക്കാട് പോലീസ് പിടികൂടി വാഹനം കസ്റ്റഡിയിൽ എടുത്തിരുന്നു. കടവൂരിന് സമീപം റബർ തോട്ടത്തിൽ മാലിന്യം തള്ളിയ മാലിന്യ കൂമ്പാരത്തിൽ നിന്നും കേറ്ററിംഗ് സ്ഥാപനത്തിന്റെ വിലാസം കണ്ടെത്തി പിടികൂടിയിരുന്നു.
Tags : Nattuvishesham District News