കോതമംഗലം: എഴുപതോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കീരംപാറ കൃഷ്ണപുരം നഗറില്‍ കാട്ടാനയിറങ്ങി. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ടൗണിന് 50 മീറ്റര്‍ മാത്രം ദൂരത്തിലുള്ള കൃഷ്ണപുരം നഗറില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് ആനയിറങ്ങിയത്. അടുത്തടുത്താണ് ഇവിടെ വീടുകള്‍. ശബ്ദംകേട്ട് ആളുകള്‍ ഉണര്‍ന്ന് ഒച്ചവച്ചതോടെയാണ് ആന മടങ്ങിയത്.
ഇവിടെയുള്ള പുത്തന്‍പുരയില്‍ ജീമോന്റെ കോഴിക്കൂട് ആന ചവിട്ടി നശിപ്പിച്ചു. വാഴയും ചവിട്ടി മറിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെങ്കിലും ജനങ്ങള്‍ ഭയപ്പാടിലായിരിക്കുകയാണ്. മ്ലാവ് കാട്ടുപന്നി തുടങ്ങിയ കാട്ടുമൃഗങ്ങള്‍ പരിസരത്തേക്ക് എത്തുമായിരുന്നെങ്കിലും കാട്ടാനയുടെ ശല്യം കൃഷ്ണപുരത്തുകാരെ ബാധിച്ചിരുന്നില്ല.
ചേലമല വനത്തിലും പ്ലാന്റേഷനിലുമായി തമ്പടിച്ചിട്ടുള്ള കാട്ടാനകളാണ് ജനവാസമേഖലയിലേക്ക് കടന്നുകയറുന്നത്. ഇടക്കിടെ പ്ലാന്റേഷനില്‍ നിന്ന് ആനകളെ തുരത്തുന്നുണ്ടെങ്കിലും മണിക്കൂറുകള്‍ കഴിയുന്നതോടെ ഇവ മടങ്ങിയെത്തുകയാണ്. പ്ലാന്റേഷനില്‍ എട്ടോളം ആനകള്‍ സ്ഥിരമായുണ്ട്. ഇതിന് പുറമെ വനത്തില്‍ നിന്നും പെരിയാര്‍കടന്ന് കൂടുതല്‍ ആനകള്‍ എത്തുന്നതോടെയാണ് ജനവാസമേഖലയിലേക്കുള്ള കടന്നുകയറ്റവും വര്‍ദ്ധിക്കുന്നത്.
ആനശല്യത്തിന്റെ കാര്യത്തില്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. വനത്തില്‍ നിന്ന് ആനകളെ തുരത്തുന്നതിലും ആനകള്‍ പുഴകടന്നെത്തുന്നത് തടയുന്നതിലും വനപാലകര്‍ പലപ്പോഴും കാഴ്ചക്കാരാകുകയാണ്. പഞ്ചായത്ത് അധികൃതര്‍ക്കെതിരെയും പരാതി ശക്തമാണ്. മണല്‍ അടിഞ്ഞ് ആഴംകുറഞ്ഞതിനാലാണ് ആനകള്‍ക്ക് അനായാസം പെരിയാര്കടക്കാന് കഴിയുന്നതെന്ന് ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.
ആനകളെ പ്രതിരോധിക്കുന്നതിനായി സ്ഥാപിച്ച ഫെന്‍സിംഗ് യാതൊരുപ്രയോജനവും ചെയ്യുന്നില്ല. ഷിബു തെക്കുംപുറം എംഎല്‍എ യുടെ 100 ദിന കര്‍മ്മപരിപാടിയില്‍ 10 കിലോമീറ്റര്‍ ഫെന്‍സിംഗ് സ്ഥാപിക്കുമെന്നറിയിച്ചതില് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് നാട്ടുകാര്‍.
Tags : Nattuvishesham District News