ആലുവ റെയിൽവേ ട്രാക്കിനു സമീപം ആറടി താഴ്ചയിൽ ഉപേക്ഷിച്ച ബാക്ക്
കൊച്ചി: മോഷ്ടിച്ച ബൈക്ക് ആലുവ റെയിൽവേ ട്രാക്കിനു സമീപം ആറടി താഴ്ചയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കേസിലെ രണ്ടാം പ്രതി എറണാകുളം പെരുമ്പടപ്പ് വെള്ളിയത്തറ നാരായണൻ റോഡിൽ ചക്കുതറ വീട്ടിൽ ആമോസിനെ (20) ആണ് കുമ്പളങ്ങി പൊലിസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി പെരുമ്പടപ്പ് വി.എൻ. പുരുഷൻ റോഡിൽ വെളിഞ്ഞനാപറമ്പിൽ ആഷിക്ക് (25) ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ മാസം 30 ന് പുലർച്ചെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പെരുമ്പടപ്പ് സ്വദേശി സംഗീതിന്റെ ഉടമസ്ഥയിലുള്ള ഹോണ്ടാ ഷൈൻ ബൈക്കാണ് പ്രതികൾ പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്ര മൈതാനിയിൽ നിന്ന് മോഷ്ടിക്കുകയായിരുന്നു. മോഷ്ടിച്ച ബൈക്കിൽ ദീർഘ ദൂരം യാത്ര ചെയ്യാനായിരുന്നു ഇരുവരുടെയും ഉദ്ദേശ്യം.
എന്നാൽ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ യാത്ര ട്രെയിനിലാക്കാൻ പ്രതികൾ തീരുമാനിച്ചു. ബൈക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചാൽ പൊലിസ് പിടികൂടുമെന്ന് ഭയന്നാണ് പ്രതികൾ ഉയരമുള്ള ട്രാക്കിലേക്ക് ബൈക്ക് തള്ളിക്കയറ്റിയ ശേഷം ആറടി താഴ്ചയിലേക്ക് തള്ളിയിട്ടത്.
ബൈക്ക് ഉപേക്ഷിച്ച ശേഷം പ്രതികൾ റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങിപ്പോയി. പിന്നീട് വീട്ടിലേക്ക് മടങ്ങിയ പ്രതികൾ ഒന്നും സംഭവിക്കാത്ത മട്ടിൽ നാട്ടിൽ കറങ്ങി നടക്കുകയായിരുന്നു. മോഷണ പരാതിയുടെ അടിസ്ഥാനത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലിസ് പ്രതികളെ തിരിച്ചറിഞ്ഞത്.
ലഹരി ഉപയോഗത്തിനുശേഷമാണ് പ്രതികൾ ബൈക്ക് മോഷ്ടിച്ചതെന്ന് പൊലിസ് പറഞ്ഞു. ആമോസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പള്ളുരുത്തി പൊലിസ് ഇൻസ്പെക്ടർ പി.പി. ജസ്റ്റിന്റെ നിർദേശാനുസരണം കുമ്പളങ്ങി പൊലിസ് ഔട്ട് പോസ്റ്റ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത്, എസ്ഐമാരായ കെ. ജയകുമാർ, സനിൽ, സിവിൽ പൊലിസ് ഓഫിസർ റിയാസ് എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags : Stolen Bike Abandoned Pit Accused Arrested