പ്രതീകാത്മക ചിത്രം
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ പ്രചരിച്ചതിനു പിന്നാലെ പിതാവും സഹോദരനും ചേർന്ന് യുവതിയെ കൊലപ്പെടുത്തി. സർക്കേജ് സ്വദേശി സോഫിയ ഫറൂഖ് (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് മുഹമ്മദ് ഫറൂഖ് നവാബ്ഖാൻ, സഹോദരൻ ഹാബിൽ ഫറൂഖ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
മൂന്ന് മാസം മുമ്പ് സോഫിയയുടെയും ആൺസുഹൃത്തിന്റെയും ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൽ പ്രകോപിതരായ കുടുംബം യുവതിയെ താക്കീത് ചെയ്യുകയും മറ്റുള്ളവരുമായി സംസാരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. കുടുംബത്തിന്റെ സൽപേര് കളങ്കപ്പെട്ടുവെന്ന് കരുതിയാണ് ഇരുവരും കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലിസ് വ്യക്തമാക്കി. ജൂഹാപുരയിലെ ഒരു ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട സോഫിയ. പ്രതികളായ പിതാവും മകനും ഫാബ്രിക്കേഷൻ ബിസിനസ് നടത്തിവരികയാണ്.
ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ചുറ്റികകൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയത്. തുടർന്ന് കൊലപാതകം റോഡപകടമാക്കി മാറ്റാനും പ്രതികൾ ശ്രമിച്ചു. സഹോദരൻ ഹാബിലിനൊപ്പം ബൈക്കിൽ പോകുമ്പോൾ പിന്നിൽ വാഹനം ഇടിച്ചുവെന്നായിരുന്നു ആദ്യം ഇവർ പൊലിസിനോട് പറഞ്ഞത്.
തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എന്നാൽ പൊലിസിന്റെ വിശദമായ അന്വേഷണത്തിലാണ് ചുറ്റിക ഉപയോഗിച്ച് സോഫിയയെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു എന്ന് കണ്ടെത്തിയത്. പിന്നീട് മൃതദേഹം റോഡിലേക്ക് മാറ്റിയാണ് അപകടമരണമായി വരുത്തിത്തീർത്തത്.
തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഇരുവരെയും പൊലിസ് അറസ്റ്റ് ചെയ്തു.
Tags : Deepika BreakingNews Video Friend Murder