Sports
ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: ഇന്ത്യ x ഇംഗ്ലണ്ട് ആദ്യ ട്വന്റി-20 ക്രിക്കറ്റ് മത്സരം മഴയെത്തുടന്ന് ഉപേക്ഷിച്ചു. മത്സരം പകുതി പിന്നിട്ടശേഷമാണ് മഴ വില്ലനായത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു.
നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 189 റണ്‍സ് നേടി. അഭിഷേക് ശര്‍മ (24 പന്തില്‍ 59), ശ്രേയസ് അയ്യര്‍ (47 പന്തില്‍ 68), ശിവം ദുബെ (21 പന്തില്‍ 42 നോട്ടൗട്ട്) എന്നിവര്‍ ഇന്ത്യക്കായി തിളങ്ങി.
ഇംഗ്ലണ്ടിനായി സാക്വിബ് മഹ്മൂദ് 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. സഞ്ജു സാംസണ് (1), ഇഷാന് കിഷന് (0), തിലക് വര്‍മ (13) എന്നിവര്‍ നിരാശപ്പെടുത്തി. അഞ്ച് മത്സര പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും.
District News
അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ പാലിശേരിയിൽ ആൾ താമസമില്ലാത്ത വീട്ടിൽനിന്ന് മലമ്പാമ്പിനെ കണ്ടെത്തി. പ്രദേശവാസികൾ വിവരം അറിയിച്ചതോടെ അതിരപ്പിള്ളിയിൽനിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി.
എസ്സിഎംഎസ് എൻജിനീയറിംഗ് കോളജിന് സമീപമുള്ള വീടിനോടു ചേർന്നാണ് മലമ്പാമ്പിനെ കണ്ടെത്തിയത്. പല തവണയായി ഈ പ്രദേശത്തുനിന്ന് മലന്പാന്പിനെ പിടികൂടിയിട്ടുണ്ട്. വീടുകളിലെ കോഴികൂടുകളിലും കനാൽ വഴിയോരങ്ങളിലുമൊക്കെയുള്ള ഇവയുടെ സാന്നിധ്യം പ്രദേശവാസികളിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
Kerala
ആലപ്പുഴ: ഹരിപ്പാട്ട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും. രണ്ടുമാസത്തെ പരിപാലനത്തിനുശേഷം മാതാവിന് മനംമാറ്റം ഉണ്ടായാൽ കുഞ്ഞിനെ വിട്ടു നൽകും.
കുഞ്ഞിനെ വേണ്ടെന്ന് 19 വയസുകാരിയായ അമ്മ പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മ കുഞ്ഞിന് പാല് കൊടുക്കാൻ പോലും തയാറാകുന്നില്ല. ഗർഭിണിയായ വിവരം അറിഞ്ഞില്ലെന്നാണ് പെൺകുട്ടി സിഡബ്ല്യുസിക്ക് നൽകിയ മൊഴി.
സംഭവത്തിൽ അമ്മക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ. കടുത്ത വയറു വേദനയേ തുടർന്നായിരുന്നു 19 വയസുകാരി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നത്.
പുലർച്ചെ ഒന്നോടെ ശുചിമുറിക്കുള്ളിൽ പ്രസവിച്ചു. പൊക്കിൾ കൊടി സ്വയം മുറിച്ചു മാറ്റി കുട്ടിയെ ജനലിലൂടെ പുറത്തേയ്ക്ക് എറിയുകയായിരുന്നു.
കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിനെ ആശുപത്രി ജീവനക്കാരാണ് വീണ്ടെടുത്തത്. നവജാതശിശുവിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ ആശുപത്രി അധികൃതരാണ് കുഞ്ഞിന് ഉടൻ തന്നെ ചികിത്സ ഉറപ്പാക്കിയത്. അമ്മയും കുഞ്ഞും വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
National
ചണ്ഡീഗഡ്: ഹരിയാനയിലെ അംബാലയിൽ നിന്നു കാണാതായ യുവതിയെ കൊലപ്പെടുത്തി ഹിമാചൽ പ്രദേശിലെ വനത്തിൽ ഉപേക്ഷിച്ചു. അംബാല സ്വദേശിനി അമൻദീപ് (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ സുഹൃത്ത് സന്ദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലുള്ള പവോണ്ട സാഹിബ് വനമേഖലയിൽ നിന്ന് പകുതി കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മെയ് 12 ന് അമ്മയുടെ മെഡിക്കൽ റിപ്പോർട്ട് വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയ അമൻദീപിനെ പിന്നീട് കാണാതാവുകയായിരുന്നു.
ഇതേ തുടർന്ന് അമൻദീപിന്റെ ബന്ധുവായ ജസ്പാൽ സിംഗ് പോലീസിൽ പരാതി നൽകി. പിന്നീട് പോലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അംബാലയിലെ വാടക വീട്ടിലേക്ക് അമൻദീപിനെ വിളിച്ചുവരുത്തിയ പ്രതി, ശീതളപാനിയത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഹിമാചൽ പ്രദേശിലെ വനമേഖലയിൽ ഇയാൾ മൃതദേഹവുമായി എത്തുകയും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം പിതാവ് മരിച്ചതിനെ തുടർന്ന് ട്യൂഷൻ എടുത്താണ് അമൻദീപ് കുടുംബം പുലർത്തിയിരുന്നത്. രോഗികളായ അമ്മയെയും സഹോദരിയെയും ചികിത്സാചെലവുകൾ കണ്ടെത്തിയുരുന്നതും അമൻദീപായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണവും മറ്റാരെങ്കിലും സാഹായിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ച് വരികയാണ്.
Kerala
കോൽക്കത്ത: ഐപിഎല്ലിലെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ്-പഞ്ചാബ് കിംഗ്സ് മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച കോൽക്കത്തയുടെ ഇന്നിംഗ്സിനിടെ മഴയെത്തുകയായിരുന്നു. കോൽക്കത്ത 3.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 25 റൺസ് എടുത്ത് നിൽക്കെയാണ് മഴയെത്തിയത്.
പിന്നീട് ഓവർ കുറച്ച് മത്സരം നടത്താൻ ശ്രമിച്ചെങ്കിലും മഴ ശമിക്കാത്തതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു. പഞ്ചാബിന് മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റും കോൽക്കത്തയ്ക്ക് ഒരു പോയിന്റുമായി.
Kerala
കൊച്ചി: ജെഎൻഎൽ മെട്രോ സ്റ്റേഷൻ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം ഫയർ ഫോഴ്സ് ഉപേക്ഷിച്ചു. മെട്രോ പില്ലറിൽ ഓടി നടന്ന പൂച്ചയെ പിടികൂടാൻ ഫയർഫോഴ്സിന് സാധിച്ചില്ല. ഇതിനെ തുടർന്നാണ് ശ്രമം ഉപേക്ഷിച്ചത്.
രാത്രി മെട്രോ സർവീസ് നിർത്തിയതിനു ശേഷമാകും ഇനി പൂച്ചയെ പിടികൂടുക. രക്ഷാപ്രവർത്തനത്തിന് ഫയർ ഫോഴ്സിനൊപ്പം ഗോവയിൽ നിന്നെത്തിയ ആനിമൽ റെസ്ക്യൂ സംഘവും കൂടെയുണ്ടായിരുന്നു.
മെട്രോ 385-ാം പില്ലറിന്റെ സമീപത്ത് ആദ്യം പരിശോധിച്ചെങ്കിലും പൂച്ചയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. സ്റ്റേഡിയത്തിന് നേരെ മുന്നിലുള്ള 556 പില്ലറിന് മുകളിലായിരുന്നു പൂച്ച ഉണ്ടായിരുന്നത്.
മെട്രോ സർവീസുകൾ അവസാനിച്ച ശേഷം രാത്രിയിൽ വൈദ്യുതി ലൈൻ ഓഫ് ചെയ്ത് രക്ഷാപ്രവർത്തനം നടത്താനാണ് അധികൃതർ തീരുമാനിച്ചിരുന്നത്. എന്നാൽ പൂച്ച അവശനിലയിലാണെന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ റെസ്ക്യൂ ടീമും മൃഗസ്നേഹികളും സ്ഥലത്തെത്തി പ്രതിഷേധം ആരംഭിച്ചു. ഇതോടെയാണ് ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചത്.
ഫയർ ഫോഴ്സ് മുകളിലേക്ക് കയറിയാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കാമെന്ന് മെട്രോ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. എന്നാൽ ഹൈഡ്രോളിക് ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രക്ഷാദൗത്യം തടസ്സപ്പെട്ടിരുന്നു. തുടർന്ന് ഇടപ്പള്ളിയിൽ നിന്നും പുതിയ ക്രെയ്ൻ എത്തിച്ച ശേഷം വീണ്ടും പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
National
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണ (എസ്ഐആർ) ത്തിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയ വോട്ട് ചെയ്യാനുള്ള സാധാരണക്കാരുടെ മൗലികാവകാശത്തിനു ഭീഷണിയാണെന്നും വോട്ടർമാരെ ഏകപക്ഷീയമായി ഒഴിവാക്കുന്നതാണെന്നും ബേബി ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസം മുന്‍പ് തിരക്കിട്ടു നടത്തുന്ന എസ്ഐആർ നടപടി തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ചോദ്യംചെയ്യുന്നു. ഇതോടൊപ്പം ബൂത്ത് ലെവൽ ഓഫീസർമാർ നേരിടുന്ന സമ്മർദവും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
Kerala
കോട്ടയം: അയ്മനത്ത് ഒരു കാൽ മുറിച്ചുമാറ്റിയ വികലാംഗനായ വയോധികനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അയ്മനം പഞ്ചായത്ത് ഓഫീസിന് മുൻവശത്താണ് റോഡരികിൽ വയോധികനെ അവശ നിലയിൽ കിടന്നിരുന്നത്. തുടർന്ന് നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
ഏകദേശം 75 വയസ് പ്രായം തോന്നിക്കുന്ന വയോധികന്റെ സമീപത്തായി രണ്ട് ഊന്ന് വടികളും ഉണ്ടായിരുന്നു. പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് ആംബുലൻസിൽ വയോധികനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പൊതുപ്രവർത്തകരായ ടി.ഡി. പ്രസന്നൻ, പ്രദീപ്, രാജേഷ് എന്നിവർ മുൻകൈയെടുത്താണ് വയോധികനെ ആശുപത്രിയിൽ എത്തിച്ചത്. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തിയിരുന്നു. വയോധികനെ തിരിച്ചറിയുന്ന രേഖകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
Sports
ദാംബുള്ള: ശ്രീലങ്ക-പാക്കിസ്ഥാൻ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്.
മഴയെ തുടർന്ന് ടോസ് പോലും ഇടാൻ സാധിച്ചില്ല. ഓവർ കുറച്ച് മത്സരം നടത്താൻ കാത്തിരുന്നെങ്കിലും മഴ ശമിക്കാത്തതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ വിജയിച്ചിരുന്നു. ബുധനാഴ്ച നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് പാക്കിസ്ഥാൻ വിജയിച്ചത്. ഞായറാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം.
Sports
ലക്നോ: ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്റി-20 മത്സരം കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഉപേക്ഷിച്ചു. ടോസ് പോലും ഇടാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്പരയിലെ അവസാന മത്സരം നിർണായകമായി.
നിലവിൽ ഇന്ത്യ പരമ്പരയിൽ 2-1 എന്ന നിലയിൽ മുന്നിലാണ്. പരമ്പര സമനിലയിലാക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് അവസാന മത്സരം ജയിക്കണം. പരമ്പരയിലെ ഒന്നും മൂന്നും മത്സരങ്ങളിൽ ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയിരുന്നു.
വെള്ളിയാഴ്ച അഹമ്മദാബാദിലാണ് പരമ്പയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം നടക്കുന്നത്. ടെസ്റ്റ് പരമ്പര 2-0 എന്ന നിലയിൽ ദക്ഷിണാഫ്രിക്കയും ഏകദിന പരമ്പര 2-1 എന്ന നിലയിൽ ഇന്ത്യയും സ്വന്തമാക്കിയിരുന്നു.
Kerala
കൊച്ചി: കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവന അവകാശം തകർക്കുന്ന സീപ്ലെയിൻ പദ്ധതിയും കടലിൽ വൻകിട കപ്പലുകൾ അനുവദിക്കാനുള്ള നീക്കവും ഉപേക്ഷിക്കണമെന്ന് മത്സ്യത്തൊഴിലാളി സംയുക്ത സമിതി യോഗം.
ഈ ആവശ്യം ഉന്നയിച്ച് ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു.
ഡാം ടു ഡാം പദ്ധതിയെന്നു സംസ്ഥാനസർക്കാർ അവകാശപ്പെടുന്ന സീപ്ലെയിൻ പദ്ധതി കുമരകം, അഷ്ടമുടി, വേമ്പനാട്, പുന്നമട, ബോൾഗാട്ടി, വിഴിഞ്ഞം തുടങ്ങിയ മത്സ്യസമ്പന്ന കേന്ദ്രങ്ങളെ തകർക്കും.
2013ൽ ഉമ്മൻചാണ്ടി സർക്കാർ കൊല്ലത്ത് അഷ്ടമുടിയിൽ അവതരിപ്പിച്ച സീപ്ലെയിൻ തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിച്ചതാണ്. 2024 ൽ ഈ പദ്ധതി ഇപ്പോഴത്തെ സർക്കാർ പുനരവതരിപ്പിക്കുകയായിരുന്നു. പദ്ധതി നിഗൂഢമായി അടിച്ചേൽപ്പിക്കാനുള്ള നടപടികൾ പ്രതിഷേധാർഹമാണ്.
കേരളത്തിലെ തൊഴിലാളി സംഘടനകളിൽ ആരുമായും ഒരിക്കൽപ്പോലും ചർച്ച ചെയ്യാതെയാണു പദ്ധതി നടപ്പാക്കുന്നതെന്നും വിവിധ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളായ വി. ദിനകരൻ (ധീവരസഭ), ലീലാ കൃഷ്ണൻ (മത്സ്യത്തൊഴിലാളി കോൺഗ്രസ്), കെ.സി. രാജീവ് (എഐടിയുസി), എൻ.ജെ. പൗലോസ് (കെഎൽ സിഎ -കടൽ), ജാക്സൺ പൊള്ളയിൽ (എൻഎഫ്എഫ്), ചാൾസ് ജോർജ് (ടിയുസിഐ) എന്നിവർ ചൂണ്ടിക്കാട്ടി.