തലയാഴം പഞ്ചായത്തിലെ കൊട്ടാരക്കടവ് തടിപ്പാലം.
തലയാഴം: പഞ്ചായത്തിലെ കൊട്ടാരക്കടവ്-തൃപ്പക്കുടം ഭാഗങ്ങളെ ബന്ധിപ്പിച്ച് വിഭാവനം ചെയ്ത കൊട്ടാരക്കടവ് പാലം സമീപന റോഡിന് സ്ഥലം ലഭിക്കാത്തതിനെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചു. നാട്ടുതോടിന് കുറുകെയുള്ള തടിപ്പാലത്തിലൂടെ പോകുന്നവർ തോട്ടിൽ വീഴുന്നതു കണക്കിലെടുത്താണ് ബ്ലോക്ക് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ 30 ലക്ഷം രൂപ പാലം നിർമിക്കാൻ അനുവദിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം സുമേഷ് നാട്ടറിവ്, ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ്ബാബു, വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത സോമൻ എന്നിവർ 10 ലക്ഷം രൂപ വീതമാണ് പാലം നിർമിക്കാൻ അനുവദിച്ചിരിക്കുന്നത്.
കൊട്ടാരക്കടവ് ഭാഗത്ത് പാലത്തിന്റെ സമീപന റോഡിന് സ്ഥലം ഏറ്റെടുക്കേണ്ട ഭാഗത്തുള്ള സ്ഥലത്തിന് നിരവധി അവകാശികളുള്ളത് തിരിച്ചടിയായി. തൃപ്പക്കുടം ഭാഗത്തുള്ള സ്വകാര്യ വ്യക്തികൾ സ്ഥലം വിട്ടു നൽകാൻ തയാറായില്ലെന്ന് ജനപ്രതിനിധികൾ പറഞ്ഞു.
സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 10 യോഗങ്ങൾ ചേർന്നിട്ടും അനുകൂല തീരുമാനമുണ്ടാകാതിരുന്നതിനാൽ പദ്ധതി ഉപേക്ഷിക്കാൻ നിർബന്ധിതമായെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ സോമൻപറഞ്ഞു. ഇടയാഴം സെന്റ് മേരീസ് സ്കൂൾ, സാമൂഹികാരോഗ്യ കേന്ദ്രം, തൃപ്പക്കുടം ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവർക്കുള്ള എളുപ്പമാർഗമാണിത്. തടിക്കഷണങ്ങൾ കെട്ടിയൊരുക്കിയ പാലത്തിൽ നിന്ന് നിരവധി ആളുകൾ ആഴമുള്ള തോട്ടിലേക്ക് വീണിട്ടുണ്ടെങ്കിലും നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ മൂലം ആളപായം ഉണ്ടായിട്ടില്ല.
Tags : Kottarakadavu bridge nattuvishesham local news project abandoned