പ്രതീകാത്മക ചിത്രം
തൊടപുഴ: യുവാവിനെ വടിവാളിനു വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അക്രമകാരികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി. കുമാരമംഗലം ഉരിയരിക്കുന്നു കുരിശ് ഭാഗത്ത് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണത്തിനു ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ആംബുലന്‍സ് പെരുമ്പാവൂര്‍ കുറുപ്പുംപടി ടൗണിലെ ഒരു വര്‍ക്ക്ഷോപ്പിനു മുന്പില് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
വര്‍ക്ക്ഷോപ്പിനു മുന്പില് ആംബുലന്‍സ് ഉപേക്ഷിച്ച നിലയില്‍ കണ്ട പ്രദേശവാസി വിവരം കുറുപ്പംപടി പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ വാഹനത്തിലെ സ്പോര്‍ട്സ് ബാഗില്‍നിന്ന് നാല് വടിവാളും കണ്ടെത്തി. തുടര്‍ന്ന് തൊടുപുഴ പോലീസ് സ്ഥലത്തെത്തി ആംബുലന്‍സ് കസ്റ്റഡിയിലെടുത്തു. കേസില്‍ അഞ്ച് പ്രതികളാണുള്ളത്.
ഇതില്‍ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞെന്നും മുഴുവന്‍ പ്രതികള്‍ക്കും വേണ്ടിയുള്ള അന്വേഷണം നടന്നുവരികയാണെന്ന് തൊടുപുഴ ഡിവൈഎസ്പി സജി മാര്‍ക്കോസ് അറിയിച്ചു. രതീഷ്, സജിന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച രാത്രി 7.30നാണ് സംഭവം.
കുമാരമംഗലം ഉരിയരിക്കുന്ന് കരിക്കുംതോട്ടത്തില് സെനിത്ത് കെ.ശിവന് (34) ആണ് വടിവാളിന് വെട്ടേറ്റത്ത്. കേസില്‍ ഒന്നാം പ്രതിയായ രതീഷിനുണ്ടായ വ്യക്തി വൈരാഗ്യമാണ് ഗുണ്ടാ ആക്രമണത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു.
സെനിത്തിന്റെ വീട്ടിലേക്ക് പോകുന്ന ഏഴല്ലൂര്‍ ഷാപ്പ് ഭാഗത്തെ റോഡില്‍വച്ചാണ് ആക്രമണമുണ്ടായത്. സെനിത്തും സുഹൃത്തുകളും സഞ്ചരിച്ചിരുന്ന കാറിനെ പിന്നില്‍നിന്നൊരു കാറും മുന്വശത്തുനിന്നെത്തിയ പിക്കപ്പും ഉപയോഗിച്ച് ഇടിപ്പിച്ചു. പ്രതികളായ രതീഷും സജിനും മറ്റ് കണ്ടാലറിയാകുന്ന മുന്നുപേരും ചേര്‍ന്ന് കാറിന്റെ ചില്ല് തകര്‍ക്കുകയും സെനിത്തിനെ രതീഷ് വെട്ടിപരിക്കേല്‍പ്പിക്കുകയും കാറിന്റെ ഡോര്‍ തുറന്ന് വയറിന്റെ വലത് ഭാഗത്ത് കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തു.
ഈ സമയം കാറിലുണ്ടായിരുന്ന യുവതിയെ കാറില്‍നിന്നു വലിച്ചിറക്കി മര്‍ദ്ദിച്ചു. ആക്രമണത്തില്‍ പരിക്കേറ്റവര്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സ നേടി. കേസില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.