കൊച്ചി: പിആന്ഡ്ഡി കോളനി നിവാസികള്‍ക്കായി മുണ്ടംവേലിയില്‍ ജിസിഡിഎ നിര്‍മിച്ച ഫ്ലാറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ, നിര്‍മാണ ഏജന്‍സിയായ തൃശൂര്‍ ജില്ലാ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ടിഡിഎല്‍സി)യുടെ ജില്ലയിലെ മറ്റു പദ്ധതികളും ചര്‍ച്ചയാകുന്നു. കൊച്ചി മെട്രോ അടക്കം 20 ഓളം ജോലികളിലാണ് 10 വര്‍ഷത്തിനിടെ ജില്ലയില്‍ ടിഡിഎല്‍സി ഉൾപ്പെട്ടിട്ടുള്ളത്.
സ്റ്റേഷനുകളുടെയും യാര്‍ഡിലെയും നിര്‍മാണം ഉള്‍പ്പടെ ഒട്ടേറെ നിര്‍മാണ പ്രവൃത്തികള്‍ കൊച്ചി മെട്രോയ്ക്കായി സൊസൈറ്റി ചെയ്തു. ലിസി മെട്രോ സ്റ്റേഷനിലെ രണ്ടു കെട്ടിടങ്ങളുടെ നിര്‍മാണം നടത്തിയതും ടിഡിഎല്സിയാണ്. 23.46 കോടിയായിരുന്നു നിര്‍മാണ ചെലവ്. ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനിലെ രണ്ടു കെട്ടിടങ്ങളുടെ ആര്‍ക്കിടെക്ചറല്‍ ജോലികള്‍ക്കൊപ്പം 10.28 കോടി രൂപയ്ക്ക് പ്ലംബിംഗ്, ഇലക്ട്രിക്കല്‍ ജോലികളും ചെയ്തതും ടിഡിഎല്സിയാണ്.
കളമശേരി മെട്രോ സ്റ്റേഷന്റെ വലതുവശത്തെ പ്രവേശനകവാടത്തിന്റെ നിര്‍മാണത്തിന് 9.35 കോടിയുടെയും ആലുവ മെട്രോസ്റ്റേഷന്റെ എന്‍ട്രി എക്സിറ്റ് സ്ട്രക്ചറിനായി 4.54 കോടിയുടെയും പ്രവൃത്തികള്‍ സൊസൈറ്റി ചെയ്തു. കമ്പനിപ്പടി, കളമശേരി മെട്രോ സ്റ്റേഷനുകളുടെ നിര്‍മാണത്തിലും സൊസൈറ്റി പങ്കാളിയായി.
ആലുവ പേട്ട മെട്രോപാതയില്‍ പില്ലര്‍ 863 മുതല്‍ 865 വരെ പിഎസ്സി ബോക്സ് ഗര്‍ഡര്‍ നിര്‍മിക്കുന്നതിനായി 2.04 കോടിയുടെ പ്രവൃത്തിയും സൊസൈറ്റി ഏറ്റെടുത്തതായി രേഖകളിലുണ്ട്. ലിസി, മഹാരാജാസ് മെട്രോ സ്റ്റേഷനുകളുടെ മേല്‍ക്കൂര നിര്‍മാണവും ശേഷിക്കുന്ന കൈവരികള്‍ സ്ഥാപിക്കുന്നതിനുമായി 1.85 കോടിയുടെ പ്രവൃത്തിയും പൂര്‍ത്തിയാക്കി.
അമ്പാട്ടുകാവ് മെട്രോ സ്റ്റേഷനിലെ ഗ്രാനൈറ്റ് ജോലികള്‍ക്ക് 94.63 ലക്ഷം രൂപയും, മുട്ടം മെട്രോ ഡിപ്പോ യാര്‍ഡിന് ചുറ്റുമുള്ള കോമ്പൗണ്ട് മതിലും സുരക്ഷാ ഗ്രില്ലും നിര്‍മിക്കുന്നതിന് 63.36 ലക്ഷം രൂപയും വരുന്ന പ്രവൃത്തികളും സൊസൈറ്റിയുടെ പട്ടികയിലുണ്ട്. നെടുമ്പാശേരി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷന് വരെയുള്ള ലിങ്ക് ടാക്സി ട്രാക്കിന്റെ നിര്‍മാണവും സൊസൈറ്റി ഏറ്റെടുത്ത പ്രധാന പ്രവൃത്തികളില്പ്പെടുന്നു.
മെട്രോ പദ്ധതികള്‍ക്കു പുറമേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ആശുപത്രിള്ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കുമായി സൊസൈറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. എളമക്കരയിലെ സാമൂഹ്യക്ഷേമ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടം, എറണാകുളം ജില്ലാ പൊലിസ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫിസ് കെട്ടിടം എന്നിവ അവയില്‍ ചിലതാണ്.
സിഎസ്എംഎല്ലിനു വേണ്ടി ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയില്‍ 4.82 കോടി രൂപ ചെലവഴിച്ച് പുതിയ ബ്ലോക്കും മട്ടാഞ്ചേരി വനിതാശിശു ആശുപത്രിക്ക് 4.67 കോടി പുതിയ ബ്ലോക്കും നിര്‍മാണ ഘട്ടത്തിലാണ്. നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസിനുവേണ്ടി തൃപ്പൂണിത്തുറയില്‍ കരിയര്‍ ഡെവലപ്മെന്റ് സെന്ററിന് 1.19 കോടി രൂപയുടെ പദ്ധതിയും നിര്‍മാണത്തിലാണ്. തൃപ്പൂണിത്തുറ ഗവണ്മെന്റ് സംസ്കൃത കോളജിലെ 1.63 കോടിയുടെ നവീകരണ പ്രവൃത്തികളും ടിഡിഎല്‍സി ജില്ലയില്‍ ചെയ്യുന്നുണ്ട്.
മുണ്ടംവേലിയിലെ ഫ്ലാറ്റ് ഇപ്പോഴും നിര്‍മാണ'ത്തില്‍
കൊച്ചി: നിര്‍മാണം പൂര്‍ത്തിയായി രണ്ടു വര്‍ഷം മുന്‍പ് ആളുകളെ താമസിപ്പിച്ച മുണ്ടംവേലിയിലെ വിവാദ ഫ്ലാറ്റ് ടിഡിഎല്സിയുടെ രേഖകളില്‍ ഓണ്‍ ഗോയിംഗ് പ്രോജക്ട്. നിര്‍മാണം നടക്കുന്ന പദ്ധതികളുടെ പട്ടികയിലാണ് ഇപ്പഴും മുണ്ടംവേലി ഫ്ലാറ്റിന്റെ പേരുള്ളത്. 14.62കോടിയുടെ എസ്റ്റിമേറ്റ് തുകയും രേഖയിലുണ്ട്.
എന്നാല്‍ കരാര്‍ ലംഘനത്തിന്റെ പേരില്‍ കമ്പനിയെ ടെര്‍മിനേറ്റ് ചെയ്തതിനാലാകാം ഓണ്‍ ഗോയിംഗ് പ്രോജക്ടുകളുടെ പട്ടികയില്‍ മുണ്ടംവേലി ഫ്ലാറ്റിന്റെ പേര് ഇപ്പോഴും കാണുന്നതെന്ന് ജിസിഡിഎയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
Tags : Nattuvishesham DistrictNews