പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിൽ മർദിച്ച കേസിൽ മൂന്ന് പ്രതികൾ കൂടി പിടിയിലായി. മുഹമ്മദ് ഹാജ (20), ആസിഫ് (19), അഫ്സൽ (19) എന്നിവരെ കാട്ടാക്കടയിൽ നിന്നാണ് പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ പത്താം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കാട്ടാക്കടയിൽ നിന്ന് വിളപ്പിൽശാലയിലേക്ക് കാറിൽ വരികയായിരുന്ന നൂർമുഹമ്മദിനെ (56) രണ്ട് ബൈക്കുകളിലായി പിന്തുടർന്നെത്തിയ അഞ്ചംഗ സംഘം പുറ്റുമ്മേൽകോണം ജംഗ്ഷനിൽ വച്ച് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു.
മലപ്പനംകോട് മാന്തോപ്പിൽ തമ്പുരാൻ കാവിനു സമീപം മദ്യലഹരിയിൽ നിന്ന പ്രതികൾ യാതൊരു പ്രകോപനവുമില്ലാതെയാണ് നൂർമുഹമ്മദിന്‍റെ കാറിനെ പിന്തുടർന്നത്. പുറ്റുമ്മേൽകോണത്തെ വളവിൽവച്ച് കാർ തടഞ്ഞ ഇവർ, ഡോർ തുറന്ന് അദ്ദേഹത്തെ പുറത്തേക്ക് വലിച്ചിട്ട് ക്രൂരമായി മർദിച്ച ശേഷം ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളിൽ മൂന്നുപേരാണ് ഇപ്പോൾ പിടിയിലായിട്ടുള്ളത്. ഒന്നാം പ്രതിയും അഞ്ചാം പ്രതിയും ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
Tags : Accused Arrested Car Contractor Beating