കായംകുളം: കായംകുളം എംഎസ്എം കോളജിലെ ഫിസിക്സ് വിഭാഗം മേധാവിയും സംസ്ഥാന ഭാരവാഹിയുമായ പ്രഫ. കെ.എം. അനിൽകുമാറിനു നേരെകെഎസ്യു ആലപ്പുഴ ജില്ലാ സെക്രട്ടറി മുഹമ്മദ് സുഹൈൽ കൊലവിളി ഉയർത്തിയതായി പരാതി. വാട്സാപ്പിലൂടെ ശബ്ദസന്ദേശം അയച്ചാണ് സുഹൈൽ ഭീഷണി മുഴക്കിയതായി പറയുന്നത്.
"നിന്റെ അന്ത്യം കണ്ടിട്ടേ എനിക്ക് ഉറക്കമുള്ളൂ, നിന്നെ ഞാൻ നശിപ്പിക്കും" എന്നതായിരുന്നു സുഹൈലിന്റെ സന്ദേശത്തിന്റെ ഉള്ളടക്കം. കോളജിൽ വരുന്നതു തങ്ങൾ തീരുമാനിക്കുമെന്നും സന്ദേശത്തിൽ പറയുന്നു.
കോളജ് തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ക്യാമ്പസിൽ അതിക്രമിച്ചു കടന്ന് അറബിക് വിഭാഗം ഓഫീസിന്റെ വാതിലിൽ കോൺഗ്രസ്, കെഎസ്യു പതാകകൾ കെട്ടിയ ദൃശ്യങ്ങൾ സുഹൈൽ നേരത്തെ പ്രചരിപ്പിച്ചിരുന്നു.
ഹാജർ കുറവായതിനെത്തുടർന്ന് എംഎസ്എം. കോളജിൽനിന്നു നേരത്തെ പുറത്താക്കപ്പെട്ട വിദ്യാർഥിയാണ് മുഹമ്മദ് സുഹൈൽ. ഇതിലുള്ള വൈരാഗ്യമാണ് ഭീഷണിക്കു പിന്നിലെന്നാണ് പറയുന്നത്.
അധ്യാപകനു നേരെയുള്ള ഭീഷണിയിൽ കോളജ് അധികൃതരും അധ്യാപക സംഘടനകളും പ്രതിഷേധിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.