Kerala
പരവൂർ: ദക്ഷിണ റെയിൽവേക്കു കീഴിലുള്ള 10.65 കിലോമീറ്റർ വരുന്ന മരാരിക്കുളം-ആലപ്പുഴ റെയിൽവേ പാത ഇരട്ടിപ്പിക്കൽ പദ്ധതിക്ക് റെയിൽവേ ബോർഡ് അംഗീകാരം നൽകി. 220.51 കോടി രൂപയാണ് റെയിൽവേ മന്ത്രാലയം അനുവദിച്ചിട്ടുള്ളത്.
രാജ്യത്തെ റെയിൽവേ പാതകളുടെ ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റെയിൽവേ നടപ്പിലാക്കിവരുന്ന പാത ഇരട്ടിപ്പിക്കൽ, മൂന്നാം വരി, നാലാം വരി പാതകളുടെ നിർമാണം, ഫ്ലൈഓവറുകൾ, ബൈപാസുകൾ തുടങ്ങിയവ ഉൾപ്പെടുന്ന വിപുലമായ പദ്ധതികളുടെ ഭാഗമായാണ് മരാരിക്കുളം-ആലപ്പുഴ പാതയും ഇരട്ടിപ്പിക്കുന്നത്.
എറണാകുളം-തുറവൂർ-ആലപ്പുഴ-അമ്പലപ്പുഴ-കായംകുളം ഇടനാഴിയിൽ നിലവിൽ ഒരൊറ്റ വരിയായി അവശേഷിക്കുന്ന ഏക ഭാഗമാണ് മരാരിക്കുളം - ആലപ്പുഴ സെക്ഷൻ. ഈ റൂട്ടിലെ മറ്റ് ഭാഗങ്ങളിലെല്ലാംതന്നെ നിലവിൽ പാത ഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയാവുകയോ അല്ലെങ്കിൽ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയോ ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ അവശേഷിക്കുന്ന ഈ പ്രധാന പാത കൂടി ഇരട്ടിപ്പിക്കുന്നതോടെ മേഖലയിലെ റെയിൽ ഗതാഗതത്തിന് പുതിയ വേഗം കൈവരും.
പദ്ധതി യാഥാർഥ്യമാകുന്നതോടെ ഈ റൂട്ടിൽ ഇരുവശങ്ങളിലേക്കുമായി പ്രതിദിനം ഒൻപത് പുതിയ പാസഞ്ചർ ട്രെയിനുകൾ കൂടി അധികമായി സർവീസ് നടത്താൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യാത്രാ ട്രെയിനുകൾക്ക് പുറമെ പ്രതിവർഷം 2.88 മില്യൺ ടൺ ചരക്ക് നീക്കത്തെ പിന്തുണയ്ക്കാനും ഈ പുതിയ ലൈനിന് ശേഷിയുണ്ടാകും. മെച്ചപ്പെട്ട യാത്രാ-ചരക്ക് നീക്കത്തിലൂടെ പ്രതിവർഷം ഏകദേശം 3.08 കോടി രൂപയുടെ അധിക അറ്റാദായം റെയിൽവേക്ക് ഈ പാതയിലൂടെ നേടാനാകുമെന്നാണ് കണക്കാക്കുന്നത്.
International
വാഷിംഗ്ടൺ ഡിസി: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ നിരന്തരം ആക്രമണം നടത്തുന്ന ആര്‍എസ്എസിനെതിരേ ഉപരോധമേര്പ്പെടുത്തണമെന്ന് ട്രംപ് ഭരണകൂടത്തോട് അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്.
ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിനെയും (റോ) ഉപരോധപട്ടികയില്‍ ഏര്‍പ്പെടുത്തണമെന്നും പാനലിന്റെ ശിപാര്‍ശയുണ്ട്. ഉപരോധത്തിന്റെ ഭാഗമായി ഇവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനും യുഎസിലേക്കുള്ള പ്രവേശനം വിലക്കാനും പാനല്‍ ശിപാര്‍ശ ചെയ്തു.
ഈ മാസം നാലിന് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കമ്മീഷന് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്. യുഎസ് പൗരന്മാര്ക്കും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കും നേരേയുള്ള ഭീഷണികള്‍ തുടരുന്ന സാഹചര്യത്തില്‍ ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിലെ സെക്ഷന്‍ 6 കര്‍ശനമായി നടപ്പാക്കാനും ഇന്ത്യക്കുള്ള ആയുധവില്പന നിര്‍ത്തിവയ്ക്കാനും കമ്മീഷന് ആവശ്യപ്പെട്ടു.
വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആര്‍എ), യുഎപിഎ, സിഎഎ, എന്‍സിആര്‍, 2025ലെ വഖഫ് ബില്‍ തുടങ്ങി മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള നിരവധി വിവേചനപരമായ നിയമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതായി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം, യുഎസ് മതസ്വാതന്ത്ര്യ കമ്മീഷൻ റിപ്പോർട്ടിനെയും അതിലെ ഇന്ത്യയെക്കുറിച്ചുള്ള പരാമർശങ്ങളെയും തള്ളുന്നതായി കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
റിപ്പോർട്ടിനെയും അതിൽ ഇന്ത്യക്കെതിരായ ആക്ഷേപത്തെയും സർക്കാർ നിരാകരിക്കുന്നു. കമ്മീഷൻ റിപ്പോർട്ടിൽ രാജ്യത്തിന്റെ വികലമായ ചിത്രമാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Kerala
തിരുവനന്തപുരം: പന്പിംഗ് സബ്സിഡി ഇനത്തിൽ 2026 മാർച്ച് 31 വരെയുള്ള കുടിശിക തീർക്കാനായി കാർഷിക അഭിവൃദ്ധി ഫണ്ടിൽ നിന്ന് 20.67 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ. രാജൻ അറിയിച്ചു.
സംസ്ഥാനത്തെ കർഷകരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായ കമ്മിറ്റി വിഷയം അടിയന്തരമായി പരിഗണിച്ചത്.
Kerala
കൊച്ചി: എറണാകുളത്തുനിന്ന് ബുധനാഴ്ച രാത്രി 11.50 ന് പുറപ്പെട്ട് വ്യാഴാഴ്ച വൈകുന്നേരം 5.35ന് വേളാങ്കണ്ണിയിലെത്തുന്ന പുതിയ പ്രതിവാര സ്പെഷല്‍ ട്രെയിന്‍ അനുവദിച്ച് ഉത്തരവായി.
വ്യാഴാഴ്ച വേളാങ്കണ്ണിയില്‍നിന്നു രാത്രി എട്ടിനു പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 11.55ന് തിരികെ എറണാകുളത്തെത്തുന്ന വിധത്തിലാണു സമയക്രമം.
സര്‍വീസ് ആരംഭിക്കുന്ന ദിവസം വൈകാതെ പ്രഖ്യാപിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഹൈബി ഈഡന് എംപി ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരുന്ന സര്‍വീസാണിത്.
Kerala
തിരുവനന്തപുരം: ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം തുടങ്ങും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
62 ലക്ഷത്തോളം പേർക്കാണ് 2,000 രൂപവീതം പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ടു തുക കൈമാറും.
ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാതു ബോർഡുകൾ വഴി വിതരണം ചെയ്യും.
8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതു കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിൽ കേന്ദ്ര വിഹിത ഇനത്തിലുള്ള 24.21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്.
ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു ക്രെഡിറ്റ് ചെയ്യും.
എന്നാൽ, ഇതും പലപ്പോഴും വൈകുന്ന സാഹചര്യം ഒഴിവാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സർക്കാർ ഇതുവരെ 49,433.83 കോടി രൂപയാണ് ക്ഷേമ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തത്.