മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ഷിഹാബലി തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: പാർട്ടിയെ അവഗണിക്കുന്നുവെന്ന ആക്ഷേപത്തിൽ ലീഗ് മന്ത്രിമാർക്കെതിരെ നേതൃത്വത്തിന്റെ അതൃപ്തി. മന്ത്രിമാർ പാർട്ടിയെയോ യൂത്ത് ലീഗ്, എംഎസ്എഫ് തുടങ്ങിയ പോഷക സംഘടനകളെയോ കാര്യമായി പരിഗണിക്കുന്നില്ലെന്ന പരാതി ശക്തമായതോടെയാണ് മുസ്ലിം ലീഗ് നേതൃത്വം അടിയന്തര യോഗം വിളിച്ചുചേർത്തത്.
നാളെ രാവിലെ ഒൻപത് മണിക്ക് പാണക്കാട് വെച്ചാണ് യോഗം നടക്കുക. തങ്ങളുടെ ആവശ്യങ്ങൾക്കും പരാതികൾക്കും മന്ത്രിമാർ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നും, ജില്ലാ തലത്തിലെ കോൺഗ്രസ് എംഎൽഎമാർ കാണിക്കുന്ന പരിഗണന പോലും ലീഗ് മന്ത്രിമാരിൽ നിന്ന് ലഭിക്കുന്നില്ലെന്നുമുള്ള വികാരം പ്രവർത്തകർക്കിടയിൽ വ്യാപകമായിരുന്നു.
സ്റ്റാഫ് നിയമനങ്ങൾ, പി.എം. ശ്രീ പദ്ധതി, മദ്യനയത്തിലെ നികുതിയിളവ് തുടങ്ങിയ വിഷയങ്ങളിലെ മന്ത്രിമാരുടെ നിലപാടുകളും പ്രവർത്തനങ്ങളും യോഗത്തിൽ പ്രധാന ചർച്ചയാകും. പാർട്ടിക്ക് അതീതമായി മന്ത്രിമാർ തന്നിഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുന്നുവെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. വിവാദ വിഷയങ്ങളിൽ ചർച്ചകൾ നടത്താനും, വരുംനാളുകളിൽ ജനപ്രതിനിധികളുടെ പ്രകടനം വിലയിരുത്താനുമാണ് നേതൃത്വത്തിന്റെ തീരുമാനം.
'ചായസൽക്കാരം' എന്ന പേരിൽ വിളിച്ചുചേർത്തിരിക്കുന്ന ഈ യോഗം മന്ത്രിമാർക്കുള്ള ഒരു താക്കീത് കൂടിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പാർട്ടി അണികളുടെ വികാരം ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നും, സംഘടനാ സംവിധാനത്തെ അവഗണിക്കാൻ പാടില്ലെന്നും നേതൃത്വം മന്ത്രിമാരോട് കർശനമായി ആവശ്യപ്പെട്ടേക്കും.
Tags : Muslim League leadership Panakkad Shihabali thangal Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines