പേരൂര്‍ക്കട: ഒരാഴ്ചയ്ക്കിടെ രണ്ടു സംഭവങ്ങള്‍ ഉണ്ടായതോടെ യാത്രക്കാരുടെ പേടിസ്വപ്നവുമായി കരമന ദേശീയ പാത. സിഗ്നല്പോയിന്റ് പിന്നിട്ട് തിരുവനന്തപുരത്തേക്കു വരുന്ന റോഡിലെ വളവാണ് യാത്രക്കാരുടെ അപകടക്കെണിയായി മാറിയിരിക്കുന്നത്.
ഫെബ്രുവരി 20ന് 14-കാരന് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് വലിയൊരു കുഴിയിലേക്ക് തലകീഴായി മറിഞ്ഞിരുന്നു. ആണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഫുട്പാത്തിലേക്കു കയറിയശേഷമാണ് അപകടത്തില്‍പ്പെട്ടത്. ഇവിടെനിന്നു കഷ്ടിച്ച് 25 മീറ്റര്‍ മാറിയാണ് വീണ്ടുമൊരു അപകടമുണ്ടായിരിക്കുന്നത്.
നെയ്യാറ്റിന്‍കര സ്വദേശികളായ സജിന്‍, പ്രണവ്, ഒറീസ സ്വദേശി ബിനയപ്രഥാന് എന്നിവ രാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംതെറ്റി ഫുട്പാത്തിനു സമീപത്തെ മൈല്‍ക്കുറ്റിയില്‍ ഇടിക്കുകയായിരുന്നു. സിഗ്നല്പോയിന്റ് പിന്നിട്ട് വരുമ്പോഴുള്ള കൊടുംവളവാണ് അപകടത്തിന് ഇടയാക്കുന്നത്.
ഈ ഭാഗത്ത് അപകട സൂചനാ ബോര്‍ഡുകളോ റിഫ്ളക്ടറുകളോ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കയറുന്നതിനുവേണ്ടി റോഡില്‍ നിന്ന് കോണ്‍ക്രീറ്റ് ചെയ്ത് ഫുട്പാത്തിലേക്ക് പാതയൊരുക്കിയിട്ടുണ്ട്. ഇതുവഴിയാണ് വാഹനങ്ങള്‍ നിയന്ത്രണംതെറ്റി കയറി മറിയുന്നത്. തുടര്‍ച്ചയായുണ്ടായ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കരമന പോലീസ് പറയുന്നു.