International
ടെഹ്റാൻ: അമേരിക്കയുമായി സമാധാന ചർച്ച പുനരാരംഭിക്കാൻ താത്പര്യമില്ലെന്നും ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം തുടരുമെന്നും ഇറാൻ.
13 ദിവസത്തെ തുടർച്ചയായ ബോംബിംഗിനുശേഷം ഇറാനിൽ ആക്രമണം നിർത്തിവച്ചതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചിരുന്നു. ചർച്ചയ്ക്കുവേണ്ടിയാണ് ഇതെന്ന് അമേരിക്കയുടെ യുഎൻ അംബാസഡർ മൈക്ക് വാൾട്സ് പിന്നീട് വിശദീകരിച്ചു.
എന്നാൽ, അമേരിക്കയുമായി സമാധാന ചർച്ച പുനരാരംഭിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് അവരുടെ വിദേശകാര്യമന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗേയി ഇന്നലെ പ്രതികരിച്ചു.
അമേരിക്ക ആക്രമണം നിർത്തിയാൽ ഇറാനും നിർ ത്തുമെന്ന് ടെഹ്റാനിലെ ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിനു മറുപടി ആക്രമണം എന്നതാണ് ഇറാന്റെ നിലപാട്.
ഇതിനിടെ, അമേരിക്ക ഇറാനിൽ ബോംബിംഗ് നിർത്തിയത് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിയാൻ സഹായിച്ചു. കഴിഞ്ഞയാഴ്ച വീപ്പയ്ക്കു നൂറു ഡോളറിനു മുകളിൽപ്പോയ ബ്രെന്റ് ഇനം ക്രൂഡ് വില ഇന്നലെ 90നു താഴെയെത്തി.
അതേസമയം, ഗൾഫിൽനിന്ന് അന്താരാഷ്ട്ര വിപണിയിലേക്ക് എണ്ണയെത്തുന്ന സുപ്രധാന പാതയിലെ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം തുടരുമെന്ന് ഇറാൻ വ്യക്തമാക്കി. ഇന്നലെ രാവിലെ അനുമതിയില്ലാതെ ഹോർമുസിലൂടെ കടക്കാൻ ശ്രമിച്ച ആറു കപ്പലുകളെ ഇറാൻ തിരിച്ചയച്ചു. ഇതിലൊരു കപ്പൽ അപകടത്തിൽപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഇറാൻ നിർദേശിക്കുന്ന പാതിയലൂടെ മാത്രമേ കപ്പലുകൾ സഞ്ചരിക്കാവൂ എന്നും ഇതര മേഖലകൾ അപകടകരമാണെന്നും ഇറേനിയൻ വൃത്തങ്ങൾ വ്യക്തമാക്കി.
International
ജനീവ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി യുഎസ്-ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ചർച്ചയ്ക്കു സ്വിറ്റ്സർലൻഡിൽ തുടക്കമായി.
കഴിഞ്ഞയാഴ്ച ഇരുരാജ്യങ്ങളും ഒപ്പിട്ട താത്കാലിക ധാരണ ഉറപ്പിക്കുന്നതിനാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറേനിയൻ പ്രതിനിധിസംഘവും ചർച്ച ആരംഭിച്ചത്.
പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫും വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും ഇറാനെ പ്രതിനിധീകരിച്ചു സംഘത്തിലുണ്ട്. ഇതുകൂടാതെ പാക്കിസ്ഥാൻ, ഖത്തർ പ്രതിനിധികളും സമാധാന ചർച്ചയ്ക്കെത്തി. 60 ദിവസത്തിനുള്ളിൽ അന്തിമ സമാധാന കരാറിലെത്തുക, ലബനൻ ഉൾപ്പെടെ എല്ലായിടത്തും ആക്രമണം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് തുറക്കുക എന്നിവയാണ് കഴിഞ്ഞയാഴ്ച ധാരണയിലെത്തിയത്
ചർച്ചയ്ക്കെത്തിയ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി കൂടിക്കാഴ്ച നടത്തി. പാക് കരസേനാ മേധാവി അസിം മുനീറും ഷരീഫിനൊപ്പം സ്വിറ്റ്സർലൻഡിലെത്തിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറേനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും കഴിഞ്ഞയാഴ്ച സമാധാനത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു. വെള്ളിയാഴ്ച യുഎസ്-ഇറാൻ ചർച്ച സ്വിറ്റ്സർലൻഡിൽ നടക്കേണ്ടതായിരുന്നു.
ലബനനിലെ ഇസ്രേലി ആക്രമണത്തെത്തുടർന്ന് ഇറാൻ ചർച്ചയിൽനിന്നു പിന്മാറി. തുടർന്ന് ചർച്ച നീട്ടിവയ്ക്കുകയായിരുന്നു. ലബനനിലെ ഇസ്രയേൽ ആക്രമണം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് അടയ്ക്കുകയാണെന്ന് ഇറാൻ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
60 ദിവസത്തിനുള്ളിൽ അന്തിമ കരാറിൽ എത്തിയില്ലെങ്കിൽ ഹോർമുസിൽ അമേരിക്ക ടോൾ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
National
ബംഗളൂരു: കർണാടകയിൽ നേതൃമാറ്റ ചർച്ച സജീവമായി. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിച്ചു. ഇന്നാണ് ഇരു നേതാക്കളും ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തുക.
അതേസമയം, യോഗത്തിന്റെ അജൻഡ എന്താണെന്ന് അറിയില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. സിദ്ധരാമയ്യയുടെ അനുയായികളും മന്ത്രിമാരുമായ സതീഷ് ജാർക്കിഹോളി, ജി. പരമേശ്വര, എച്ച്.സി. മഹാദേവപ്പെട്ട തുടങ്ങിയവരും ഡൽഹിക്കു പോകുന്നുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാര വടംവലിയും കർണാടകയിലെ നാലു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും ചർച്ചാ വിഷയമാകും.
കർണാടക സർക്കാർ മേയ് 20നു മൂന്നു വർഷം പൂർത്തിയാക്കിയിരുന്നു. രണ്ടര വർഷം പൂർത്തിയാകുന്പോൾ ശിവകുമാറിന് മുഖ്യമന്ത്രിസ്ഥാനം നല്കാൻ കരാറുണ്ടായിരുന്നുവെന്നാണ് അനുയായികൾ പറയുന്നത്. എന്നാൽ, താൻ മുഖ്യമന്ത്രിസ്ഥാനത്ത് അഞ്ചു വർഷവും തികയ്ക്കുമെന്നു സിദ്ധരാമയ്യ പറയുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് ഏതു തീരുമാനം കൈക്കൊണ്ടാലും തങ്ങൾ അനുസരിക്കുമെന്നാണ് സിദ്ധരാമയ്യയും ശിവകുമാറും പറയുന്നത്.
മന്ത്രിസഭാ പുനഃസംഘടനയ്ക്കു കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നല്കുകയാണെങ്കിൽ സിദ്ധരാമയ്യ കാലാവധി പൂർത്തിയാക്കുന്നതിന്റെ സൂചനയാകും അതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. നേതൃമാറ്റം ആദ്യം പരിഗണിക്കണമെന്നാണ് ശിവകുമാർ ആവശ്യപ്പെടുന്നത്. കർണാടകയിൽ മൂന്നു മന്ത്രിസ്ഥാനങ്ങൾ ഒഴിവുണ്ട്.
International
ടെഹ്റാൻ: യുഎസ്-ഇറാൻ സമാധാന കരാറിനായി മധ്യസ്ഥശ്രമങ്ങൾ തുടരുന്ന പാക്കിസ്ഥാനിലെ ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വി ഇന്നലെയും ടെഹ്റാനിൽ ഉന്നതതല കൂടിക്കാഴ്ചകൾ നടത്തി. ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അടക്കമുള്ളവരുമായിട്ടാണ് അദ്ദേഹം സംസാരിച്ചത്.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച പുതിയ നിർദേശങ്ങൾ പാക്കിസ്ഥാൻ കഴിഞ്ഞദിവസം ഇറാനു കൈമാറിയിരുന്നു. ഇവ വിലയിരുത്തിവരുകയാണെന്നാണ് ഇറാൻ അറിയിച്ചിട്ടുള്ളത്.
ചർച്ചകളിൽ നേരിയ പുരോഗതിയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയ പറഞ്ഞു. എന്നാൽ അനാവശ്യ പ്രതീക്ഷ നല്കുന്നില്ലെന്നും വരും ദിവസങ്ങളിൽ കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിപ്രായവ്യത്യാസങ്ങൾ കുറഞ്ഞുവരുന്നതായി ഇറേനിയൻ വൃത്തങ്ങളും സൂചിപ്പിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാന്റെ പക്കലുള്ള സന്പുഷ്ട യുറേനിയം, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം എന്നിവ സംബന്ധിച്ചാണു തർക്കം തുടരുന്നത്.
ഇറാന്റെ പക്കലുള്ള യുറേനിയം അമേരിക്ക നേടിയെടുക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്ക് അത് ആവശ്യമില്ലെന്നും നശിപ്പിച്ചുകളയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് തുറക്കണമെന്നും അവിടെ ടോൺ അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇറാന്റെ സന്പുഷ്ട യുറേനിയം ആർക്കും കൈമാറരുതെന്ന് പരമോന്നത നേതാവ് മുജ്തബ ഖമനയ് ഉത്തരവു പുറപ്പെടുവിച്ചതായി റിപ്പോർട്ടുണ്ട്.
International
അങ്കാറ: എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് തുർക്കി ഇപ്പോഴും അമേരിക്കയുമായി ചർച്ചയിലാണെന്നും അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ പറഞ്ഞു.
തുർക്കിയിൽനിന്നുള്ള പ്രതിനിധിസംഘം അമേരിക്കയുമായി ചർച്ച തുടരുകയാണെന്നും ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാണെന്നും കസാഖ്സ്ഥാനിൽനിന്നുള്ള മടക്കയാത്രയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
തുർക്കി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കാൻ എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പുരോഗതിയെപ്പറ്റിയും എർദോഗൻ വ്യക്തമാക്കി. ഇത് പൂർത്തിയാകുന്നതോടെ രാജ്യത്തിന്റെ പ്രതിരോധ, വ്യവസായ മേഖലകളിൽ പുതിയ ഘട്ടത്തിന് തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിൽ കൂടുതൽ അത്യാധുനികവും ശക്തവുമായ ആയുധസംവിധാനങ്ങൾ നിർമിക്കാനുള്ള തുർക്കിയുടെ ദീർഘകാല ലക്ഷ്യങ്ങളുടെ തുടക്കം മാത്രമാണ് കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുർക്കിയുടെ പ്രതിരോധ മേഖലയിൽ ആഗോളതലത്തിൽ വലിയ താത്പര്യം വർധിച്ചുവരുന്നതായും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഇസ്താബൂളിൽ നടന്ന സാഹ എക്സ്പോയിൽ 200-ലധികം പ്രതിരോധ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുകയും ഏകദേശം എട്ട് ബില്യൺ ഡോളറിന്റെ കരാറുകൾ ഒപ്പിടുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: ഇറാൻ സംഘർഷത്തിൽ ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം പാക്കിസ്ഥാനിലേക്ക് പോകുമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വലംകൈ എന്ന് അറിയപ്പെടുന്ന സ്റ്റീവ് വിറ്റ്കോഫ്, പ്രസിഡന്റിന്റെ മുതിർന്ന ഉപദേഷ്ടാവ് ജാരെഡ് കുഷ്നർ എന്നിവരും പ്രതിനിധി സംഘത്തിന്റെ ഭാഗമാകുമെന്ന് കരോലിൻ ലീവിറ്റ് പത്രസമ്മേളനത്തിൽ അറിയിച്ചു.
"തുടക്കം മുതൽ തന്നെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. ചർച്ചകളിലെല്ലാം അദ്ദേഹം പങ്കാളിയായിരുന്നു. ഈ ആഴ്ച അവസാനം ഇസ്ലാമാബാദിൽ നടക്കുന്ന പുതിയ ഘട്ട ചർച്ചകൾക്ക് അദ്ദേഹം നേതൃത്വം നൽകും. ശനിയാഴ്ചയാണ് ചർച്ചകൾ നടക്കുക.'.-കരോലിൻ ലീവിറ്റ് പറഞ്ഞു.
അതേസമയം, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ആയിരിക്കും ഇറാനിയൻ പ്രതിനിധി സംഘത്തെ നയിക്കുക.
ആഴ്ചകളോളം നീണ്ടുനിന്ന സംഘർഷത്തിനുശേഷം രണ്ടാഴ്ചത്തേക്ക് അമേരിക്കയും ഇറാനും അടിയന്തര വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചതിനെ തുടർന്നാണ് ഈ കൂടിക്കാഴ്ച.
International
ഇസ്ലമാബാദ്: ഇറാനും അമേരിക്കയും വെടിനിർത്തിയതോടെ യുദ്ധം അവസാനിക്കുന്നില്ല. യുദ്ധം അവസാനിപ്പിക്കാനായി ചർച്ചകൾ നടത്താനുള്ള സമയമാണ് രണ്ടാഴ്ചക്കാലം.
ആദ്യ ചർച്ച നാളെ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലാണ്. പരസ്പര വിശ്വാസത്തോടെ ഇറാനും അമേരിക്കയ്ക്കും ചർച്ച തുടരാൻ കഴിയുമോ എന്ന് ഇസ്ലാമാബാദിൽ വ്യക്തമാകും. അമേരിക്കയുമായി ചർച്ച നടത്തുന്നതിനിടെ രണ്ടു പ്രാവശ്യം ആക്രമണം നേരിട്ട കയ്പേറിയ അനുഭവം ഇറാനുണ്ട്.
ഇസ്ലാമാബാദ് ചർച്ചയിൽ ഇറേനിയൻ പ്രതിനിധികൾ പങ്കെടുക്കുമെന്ന് അവിടുത്തെ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ സ്ഥിരീരിച്ചുവെന്നാണു പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് അറിയിച്ചിരിക്കുന്നത്. വെടിനിർത്തൽ തീരുമാനപ്രഖ്യാപനത്തിനു ശേഷമാണ് പസെഷ്കിയാനും ഷരീഫും ഫോണിൽ ചർച്ച നടത്തിയത്.
ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആയിരിക്കും ഇസ്ലാമാബാദ് ചർച്ചയിൽ ഇറാനെ പ്രതിനിധീകരിക്കുകയെന്നു സൂചനയുണ്ട്. അമേരിക്കയുമായി മുന്പു നടന്ന ചർച്ചകളിലും അദ്ദേഹമാണ് ഇറാനു വേണ്ടി പങ്കെടുത്തത്. അമേരിക്കയുടെ ഭാഗത്തുനിന്ന് ആരാണ് ഇസ്ലാമാബാദിൽ എത്തുകയെന്നറിയില്ല. വെടിനിർത്തൽ യാഥാർഥ്യമാക്കുന്നതിൽ വലിയ പങ്കുവഹിച്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം, ചർച്ചയിലെ വിഷയങ്ങളെക്കുറിച്ചും ഇരുവിഭാഗവും സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ചും ഏകദേശ ധാരണയുണ്ട്. നേരത്തേ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പാക്കിസ്ഥാൻ മുഖാന്തിരം ഇറാനു കൈമാറിയ 15 ഇനി നിർദേശങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ചർച്ചയെന്നാണ് സൂചന.
ഇറാന്റെ മിസൈൽ, ആണവ പദ്ധതികൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിർദേശങ്ങളാണിത്. ഇതിനു മറുപടിയായി ഇറാൻ 10 ഇന നിർദേശങ്ങൾ കൈമാറിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികരെ പിൻവലിക്കുക, സാന്പത്തിക ഉപരോധങ്ങൾ നീക്കുക, ഹോർമുസിലെ പരമാധികാരം അംഗീകരിക്കുക, സമാധാന ആവശ്യങ്ങൾക്ക് ആണവപദ്ധതികൾ തുടരാൻ അനുവദിക്കുക എന്നിവയാണ് ഇറാന്റെ നിർദേശങ്ങൾ. അമേരിക്കയും ഇസ്രയേലും ഇവ അംഗീകരിക്കാൻ എത്രമാത്രം തയാറാവുമെന്ന് കണ്ടറിയണം.
രണ്ടാഴ്ചത്തെ വെടിനിർത്തൽ അമേരിക്കയുടെ വിജയമാണെന്നാണ് വൈറ്റ്ഹൗസ് വക്താവ് കരോളിൻ ലെവിറ്റ് പറഞ്ഞത്. അതേസമയം, വെടിനിർത്തൽ കാലയളവിൽ ഹോർമുസ് കടലിടുക്ക് തുറക്കുമെങ്കിലും അതിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നത് തങ്ങളായിരിക്കുമെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.
International
വാഷിംഗ്ടൺ ഡിസി: ഇറാന്റെയും യുഎസിന്റെയും പ്രതിനിധികൾ പാക്കിസ്ഥാനിൽ നേരിട്ടു ചർച്ച നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
ജർമൻ വിദേശകാര്യമന്ത്രി യൊഹാൻ വാഡേഫുൽ ആണ് ഇക്കാര്യത്തിൽ സൂചന നല്കിയത്. ഇരുവിഭാഗവും പരോക്ഷമായി ബന്ധപ്പെടുന്നുണ്ടെന്നും നേരിട്ടുള്ള ചർച്ചയ്ക്ക് ഒരുങ്ങൾ നടക്കുകയാണെന്നും അദ്ദേഹം ഒരു ജർമൻ മാധ്യമത്തോടു പറഞ്ഞു.
ഇതിനിടെ, ഹോർമുസ് കടലിടുക്ക് തുറക്കാത്തതിന്റെ പേരിൽ ഇറാനിലെ വൈദ്യുത നിലയങ്ങൾക്കു നേർക്ക് പദ്ധതിയിട്ടിരിക്കുന്ന ആക്രമണം ഏപ്രിൽ ഏഴു വരെയുള്ള പത്തു ദിവസത്തേക്കുകൂടി നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചു. ഇറാന്റെ അഭ്യർഥന പ്രകാരമാണിതെന്ന് ട്രംപ് അകവാശപ്പെട്ടു. അതേസമയം, അമേരിക്കയുമായി ചർച്ച നടക്കുന്ന കാര്യം സ്ഥിരീകരിക്കാൻ ഇറാൻ തയാറായിട്ടില്ല.
ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും ഇസ്രേലി ആക്രമണമുണ്ടായി. ഖോം നഗരത്തിലെ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
International
ജനീവ: റഷ്യയും യുക്രെയ്നും അമേരിക്കയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ച പ്രതീക്ഷിച്ചതിലും മുന്പേ അവസാനിച്ചു.
ചൊവ്വാഴ്ച ചർച്ച ആറു മണിക്കൂർ നീണ്ടെങ്കിലും ഇന്നലെ രണ്ടു മണിക്കൂറിനുള്ളിൽ പിരിയുകയായിരുന്നു. ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. ഇരുവിഭാഗവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ തുടരുന്നുവെന്നാണു പുറത്തുവരുന്ന സൂചന.
തുടർചർച്ചകൾ ഉടൻതന്നെ ഉണ്ടാകുമെന്ന് റഷ്യൻ സംഘത്തെ നയിക്കുന്ന വ്ലാദിമിർ മെഡിൻസ്കി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, ഇതിന്റെ തീയതിയും വേദിയും അദ്ദേഹം വ്യക്തമാക്കിയില്ല. വെടിനിർത്തൽ കരാറിന്റെ പ്രായോഗിക വശങ്ങളാണു ചർച്ച ചെയ്തതെന്ന് യുക്രെയ്ൻ സംഘത്തിന്റെ നേതാവ് റസ്കം ഉമാറോവും അറിയിച്ചു.
ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ അട്ടിമറിക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ആരോപിച്ചു. റഷ്യ ചർച്ചകൾ വലിച്ചുനീട്ടുകയാണ്. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ വിട്ടുവീഴ്ച ചെയ്യണമെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നിലപാട് നീതിയുക്തമല്ലെന്നും സെലൻസ്കി പറഞ്ഞു.
International
ടെഹ്റാൻ: ജനീവയിൽ അമേരിക്കയുമായി നടത്തിയ ആണവചർച്ചയിൽ പുരോഗതിയെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ആണവവിഷയത്തിൽ ദീർഘകാലമായയി തുടരുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗനിർദേശങ്ങളിൽ ഇറാനും അമേരിക്കയും ധാരണയിലെത്തി. എന്നാൽ, ഉടനടി ആണവക്കരാർ ഉണ്ടാകുമെന്നല്ല ഇതിനർഥമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.
ഇറാൻ-അമേരിക്ക യുദ്ധാശങ്ക കുറയ്ക്കാൻ അരാഗ്ചിയുടെ പ്രസ്താവന സഹായിച്ചു. ഇതേത്തുടർന്ന്, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താണു.
ചർച്ചയിൽ പലവിധ നിർദേശങ്ങൾ ഉന്നയിക്കെപ്പെടുവെന്നും തുടർചർച്ചകൾക്കുള്ള മാർഗനിർദേശങ്ങളിൽ പൊതുധാരണ ഉണ്ടായെന്നുമാണ് അരാഗ്ചി വ്യക്തമാക്കിയത്.
ചർച്ചയിൽ പുരോഗതിയുണ്ടെന്ന് അമേരിക്കൻ വൃത്തങ്ങളും സ്ഥിരീകരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഭിന്നതകൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ ഇറാൻ രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കുമെന്നും അമേരിക്കൻ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
അമേരിക്ക ഇറാനെ ലക്ഷ്യമിട്ട് പശ്ചിമേഷ്യയിൽ നടത്തുന്ന സൈനികവിന്യാസം യുദ്ധത്തിൽ കലാശിക്കുമെന്ന ആശങ്ക ശക്തമാണ്. ആക്രമണമുണ്ടായാൽ ഗൾഫിൽനിന്ന് എണ്ണടാങ്കറുകൾ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്.
ഇറേനിയൻ ഭരണകൂടത്തെ താഴെയിറക്കാനുള്ള അമേരിക്കൻ ശ്രമങ്ങൾ വിജയിക്കില്ലെന്ന് പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് പറഞ്ഞു.
Business
ന്യൂഡൽഹി: പ്രധാന അസംസ്കൃത വസ്തുക്കളുടെ വിതരണം സുരക്ഷിതമാക്കുന്നതിനും ഉറപ്പാക്കുന്നതിനുമായി ഇന്ത്യ ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യ നിർണായക ധാതുക്കളുടെ സംയുക്ത പര്യവേക്ഷണം, ഖനനം, സംസ്കരണം, പുനരുപയോഗം എന്നിവ ലക്ഷ്യമിട്ട് ബ്രസീൽ, കാനഡ, ഫ്രാൻസ്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുമായി ചർച്ചകൾ നടത്തുകയാണെന്ന് ഇതുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
പ്രധാനമായും ലിഥിയം, അപൂർവ ധാതുക്കൾ എന്നിവയിലായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുക. കൂടാതെ, ധാതു സംസ്കരണ സാങ്കേതികവിദ്യകളിൽ പങ്കാളിത്തം നേടാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. ചർച്ചകൾ അതീവ രഹസ്യമായാണ് നടക്കുന്നത്.
പല നിർണായക ധാതുക്കളുടെയും ആഗോള വിതരണത്തിൽ ആധിപത്യം പുലർത്തുന്നതും ഖനനത്തിലും സംസ്കരണത്തിലും നൂതന സാങ്കേതികവിദ്യ കൈവശമുള്ളതുമായ ചൈനയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. കാർബണ് ബഹിർഗമനം കുറയ്ക്കുന്നതിനുള്ള ഉൗർജ പരിവർത്തന നടപടികൾ ഇന്ത്യ വേഗത്തിലാക്കുന്പോൾ വിവിധ രാജ്യങ്ങളുമായി സഹകരിക്കേണ്ടത് ആവശ്യകതയാണെന്ന് ഖനന വിദഗ്ധർ പറഞ്ഞു.
ധാതുക്കളുടെ കണ്ടെത്തൽ മുതൽ ഉത്പാദനം വരെയുള്ള ഖനനപ്രക്രിയയ്ക്കു വർഷങ്ങളെടുക്കും. പര്യവേക്ഷണത്തിനു മാത്രം അഞ്ചു മുതൽ ഏഴുവർഷം വരെ സമയമെടുക്കും. പലപ്പോഴും പ്രായോഗികമായ ഒരു ഖനിയില്ലാതെ പ്രവർത്തനം അവസാനിക്കുകയും ചെയ്യും.
ജനുവരിയിൽ ജർമനിയുമായി ഒപ്പിട്ട നിർണായക ധാതു കരാറിലെ പ്രധാന കാര്യങ്ങൾ ഈ പുതിയ ചർച്ചകളിലും ഉൾപ്പെടുത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പര്യവേഷണം, സംസ്കരണം, പുനരുപയോഗം എന്നിവയ്ക്കു പുറമെ ഇരുരാജ്യങ്ങളിലും മൂന്നാം രാജ്യങ്ങളിലും ധാതുസന്പത്ത് സ്വന്തമാക്കുന്നതിനും വികസിപ്പിക്കുന്നതിനും ഈ കരാർ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
നിലവിൽ ഫ്രാൻസ്, നെതർലാൻഡ്സ്, ബ്രസീൽ എന്നീ രാജ്യങ്ങളുമായി ചർച്ച നടന്നുവരികയാണ്. അതേസമയം കാനഡയുമായുള്ള കരാർ സജീവ പരിഗണനയിലാണെന്നും ഖനന മന്ത്രാലയമാണ് ഇതിനു നേതൃത്വം നല്കുന്നതെന്നും പറയുന്നു.
കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി മാർച്ച് ആദ്യവാരം ഇന്ത്യ സന്ദർശിക്കുമെന്നും യുറേനിയം, ഉൗർജം, ധാതുക്കൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ കരാർ ഒപ്പിടുമെന്നും റിപ്പോർട്ടുകളുണ്ട്.
വരുന്ന ആഴ്ചകളിൽ നിർണായക ധാതുക്കളിലെ സഹകരണം ഒൗദ്യോഗികമാക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്ന് കാനഡയുടെ പ്രകൃതി വിഭവ മന്ത്രാലയം വ്യക്തമാക്കി.
ഫ്രാൻസ്, നെതർലാൻഡ്സ്, ബ്രസീൽ രാജ്യങ്ങൾ ഇതിനോടു പ്രതികരിച്ചിട്ടില്ല. നിർണായക ധാതുക്കൾക്കായി ലോകമെന്പാടും പര്യവേക്ഷണം നടത്തുന്ന ഇന്ത്യ ഇതിനകം അർജന്റീന, ഓസ്ട്രേലിയ, ജപ്പാൻ എ്ന്നീ രാജ്യങ്ങളുമായി കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. കൂടാതെ നിർണായക ധാതുക്കൾ കൂടി ഉൾപ്പെടുന്ന വിപുലമായ ഉഭയകക്ഷി കരാറുകൾക്കായി പെറു, ചിലി എന്നീ രാജ്യങ്ങളുമായി ചർച്ചകൾ നടത്തിവരികയാണ്.
ചൈനയിൽനിന്നുള്ള അപൂർവ ധാതുക്കളുടെ അമിത ആശ്രയത്വം കുറയ്ക്കുന്നതിനുള്ള വഴികൾ ചർച്ചചെയ്യാൻ ജി 7 രാജ്യങ്ങളിലെയും പ്രധാന സന്പദ്വ്യവസ്ഥകളിലെയും ധനമന്ത്രിമാർ കഴിഞ്ഞ മാസം വാഷിംഗ്ടണിൽ യോഗം ചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ അന്താരാഷ്ട്ര പങ്കാളിത്തം വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
2023ൽ ലിഥിയം ഉൾപ്പെടെ 20ലധികം ധാതുക്കൾ നിർണായകമായി ഇന്ത്യ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഉൗർജ പരിവർത്തനത്തിനും വ്യവസായ-അടിസ്ഥാന സൗകര്യമേഖലകളിൽ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും ഈ ധാതുക്കൾ അത്യന്താപേക്ഷിതമാണെന്നും വിലയിരുത്തുന്നു.
International
മസ്കറ്റ്: യുദ്ധാശങ്കകൾക്കിടെ ഇറാൻ-അമേരിക്ക ചർച്ച ഒമാനിൽ പുനരാരംഭിച്ചു. ഇറേനിൽനിന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അമേരിക്കയിൽനിന്ന് പ്രസിഡന്റ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരുമാണ് പങ്കെടുത്തത്. പരോക്ഷ ചർച്ചയിൽ ഒമാനി അധികൃതർ ഇരുവിഭാഗത്തിനും സന്ദേശങ്ങൾ കൈമാറുകയായിരുന്നു.
നയതന്ത്രത്തിനു സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ഇരുവർക്കുമിടയിൽ പല കാര്യങ്ങളിലും തർക്കം തുടരുന്നതായാണു റിപ്പോർട്ട്. ചർച്ചയുടെ അജൻഡ വികസിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ അംഗീകരിക്കാത്തത് ഇതിലൊന്നാണ്.
ആണവപദ്ധതികൾ സംബന്ധിച്ച ചർച്ച മാത്രം മതിയെന്നാണ് ഇറാൻ പറയുന്നത്. എന്നാൽ, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ, പശ്ചിമേഷ്യയിൽ വിവിധ സായുധ ഗ്രൂപ്പുകളെ തീറ്റിപ്പോറ്റൽ, സ്വന്തം ജനതയോടുള്ള സമീപനം എന്നീ കാര്യങ്ങളിലും ചർച്ച വേണമെന്നാണു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ബുധനാഴ്ച പറഞ്ഞത്.
യുഎസ് സൈനിക പ്രതിനിധികൾ പങ്കെടുത്താൽ ചർച്ച അവതാളത്തിലാകുമെന്നും ഇറാൻ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
പശ്ചിമേഷ്യയിൽ യുദ്ധസജ്ജരായി നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ സേന ആക്രമണത്തിനു മുതിർന്നേക്കുമെന്ന ആശങ്കയിലാണ് ഇറേനിയൻ നേതൃത്വം ചർച്ചയ്ക്കു വഴങ്ങിയതെന്നു സൂചനയുണ്ട്. കഴിഞ്ഞ വർഷം ജൂണിലെ 12 ദിന യുദ്ധത്തിന്റെ അവസാന ദിവസം ഇസ്രയേലിനൊപ്പം ചേർന്ന് അമേരിക്ക ഇറാനിൽ ബോംബിട്ടിരുന്നു. ഇതുപോലൊരാക്രമണത്തിന് അമേരിക്ക വീണ്ടും മുതിരുന്നത് പശ്ചിമേഷ്യയെ മുഴുവൻ ഗ്രസിക്കുന്ന യുദ്ധമായി മാറുമെന്ന ആശങ്കയും ശക്തമാണ്.
നയതന്ത്രത്തിനു പുറമേ മറ്റു പല മാർഗങ്ങളും പ്രസിഡന്റ് ട്രംപിനു മുന്നിലുണ്ടെന്നാണ് വൈറ്റ്ഹൗസ് പ്രസ്് സെക്രട്ടറി കരോളിൻ ലെവിറ്റ് വ്യാഴാഴ്ച അറിയിച്ചത്.
International
ടെഹ്റാൻ: സംഘർഷഭീതി നിലനിൽക്കേ അമേരിക്കയുമായി ചർച്ചയ്ക്കു തയാറാണെന്ന് സൂചന നൽകി ഇറാൻ. അമേരിക്കയുമായി ന്യായവും നീതിയുക്തവുമായ ചർച്ചകൾ നടത്താൻ വിദേശകാര്യമന്ത്രിക്കു നിർദേശം നൽകിയതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അറിയിച്ചു.
മേഖലയിലെ സൗഹൃദരാജ്യങ്ങളുടെ അഭ്യർഥനകളെത്തുടർന്നാണ് തീരുമാനമെന്ന് പെസെഷ്കിയാൻ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റിന്റെ ചർച്ചകൾക്കുള്ള നിർദേശത്തോടു പ്രതികരിക്കാൻ സൗഹൃദരാജ്യങ്ങളുടെ അഭ്യർഥനകളെ മാനിച്ചാണു തീരുമാനം. ഭീഷണിയില്ലാത്ത അന്തരീക്ഷമുണ്ടാകുകയാണെങ്കിൽ മാന്യത, വിവേകം, കാര്യക്ഷമത എന്നിവ മുൻനിർത്തിയുള്ള നീതിയും ന്യായയുക്തവുമായ ചർച്ചകൾക്കു വിദേശകാര്യ മന്ത്രിയോട് നിർദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
എന്നാൽ, ചർച്ച സംബന്ധിച്ച് അമേരിക്കയുടെ ഭാഗത്തുനിന്നു പ്രതികരണമുണ്ടായിട്ടില്ല. നേരത്തേ അമേരിക്കയുമായുള്ള ചർച്ച തള്ളിക്കളഞ്ഞ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്ചർച്ചയ്ക്ക് അനുമതി നൽകിയതിന്റെ സൂചനകൂടിയായി പ്രസിഡന്റിന്റെ പ്രസ്താവന. ഇരു രാജ്യങ്ങളെയും ചർച്ചയുടെ മേശയിലേക്ക് എത്തിക്കുന്നതിന്റെ പിന്നിൽ പ്രവർത്തിച്ചത് തുർക്കിയാണെന്നാണ് അറിയുന്നത്. എന്നാൽ, ഇരു രാജ്യങ്ങളും കരാറിലെത്തുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്. ജൂണിൽ ഇറാനെതിരേ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളിൽ ബോംബിംഗ് നടത്താൻ ട്രംപ് ഉത്തരവിട്ടിരുന്നു.
പരോക്ഷ ചർച്ചകളായിരിക്കും ആദ്യം നടക്കുകയെന്നും പിന്നീട് കരാർ സാധ്യമാകുമെന്നു തോന്നിയാൽ നേരിട്ടുള്ള ചർച്ചകളിലേക്കു നീങ്ങുമെന്ന് ഖമനയ്യുടെ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി പറഞ്ഞു. ആണവ വിഷയങ്ങളിൽ മാത്രമായിരിക്കും ചർച്ച കേന്ദ്രീകരിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായി ചർച്ചകൾ നടത്തുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അറിയിച്ചു.
ഇറാനുമായി ചർച്ച നടത്തുന്നുണ്ട്. എങ്ങനെ വരുമെന്ന് നമുക്കു കാണാം -ട്രംപ് പറഞ്ഞു. സൈനിക നടപടി സംബന്ധിച്ച ചോദ്യത്തിന് ചർച്ച നടക്കുന്നതു കാണാനാണ് ആഗ്രഹിക്കുന്നത്. ചർച്ചയിലൂടെ പരിഹരിക്കാൻ കഴിഞ്ഞാൽ നല്ലത്. ഇല്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്നും ട്രംപ് പറഞ്ഞു.
International
വാഷിംഗ്ടൺ: അമേരിക്കയെ അപമാനിച്ച് ടിവി പരസ്യം നൽകിയെന്ന് ആരോപിച്ച് കാനഡയുമായുള്ള വ്യാപാര ചർച്ച യുഎസ് അവസാനിപ്പിച്ചു. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തി. യുഎസ് തീരുവകൾക്കെതിരെ കാനഡ പരസ്യം നൽകിയിരുന്നു
കാനഡയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് യുഎസ് അധിക തീരുവ ചുമത്തിയിരുന്നു. ഇതിനു പകരമായി യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കഴിഞ്ഞ ഏപ്രിൽ കാനഡയും കൂട്ടിയിരുന്നു. തുടർന്ന് ചർച്ചകൾ നടക്കുന്നതിനിടെയാണ് കാനഡ പരസ്യം നൽകിയത്.
യുഎസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ 1987 ൽ തീരുവകൾക്കെതിരെ നടത്തിയ ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഉപയോഗിച്ചാണ് ട്രംപ് ചുമത്തിയ അധികത്തീരുവയ്ക്കെതിരെ കാനഡ പരസ്യം നൽകിയത്.
പരസ്യം പ്രകോപനപരവും യുഎസ് കോടതികളെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ട്രംപ് പറഞ്ഞു. കാനഡ യുഎസിലേക്ക് 270 കോടി ഡോളറിന്റെ കയറ്റുമതി നടത്തുന്നുണ്ട്.