ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ഗ്ലാസ് കഷണങ്ങളും നട്ടെല്ലിന് സമീപം ഗ്ലാസ് കഷണങ്ങള്‍ തുളച്ചുകറിയ ദൃശ്യവും.
കൊച്ചി: കഴിഞ്ഞ 12 വര്‍ഷമായി അനുഭവിച്ചിരുന്ന കടുത്ത വേദനയ്ക്കു ശമനം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് കരുനാഗപ്പള്ളി സ്വദേശിനിയായ എസ്.ബി. മനു (44). നടുവില്‍ തുളച്ചുകയറിയ ഗ്ലാസ് കഷണങ്ങള്‍ വിപിഎസ് ലേക്ഷോര് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തതോടെയാണ് മനുവിന്റെ ദുരിതത്തിന് അറുതിയായത്.
നട്ടെല്ലിലെ കടുത്ത വേദനയ്ക്കു കാരണം കണ്ടെത്താനാകാതെ ആശുപത്രികള്‍ കയറിയിറങ്ങുകയായിരുന്നു മനു. പിന്നീട് ലേക്ഷോറില്‍ ചികിത്സയ്ക്കെത്തിയപ്പോഴാണ് നട്ടെല്ലിനോടു ചേര്‍ന്ന് തുളച്ചുകയറിയ ഗ്ലാസ് കഷണങ്ങള്‍ കണ്ടെത്തിയത്.12 വര്‍ഷം മുമ്പ് ഭര്‍തൃസഹോദരിയുടെ വിവാഹ ചടങ്ങിനിടെയുണ്ടായ വീഴ്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. അന്ന് എട്ട് മാസം ഗര്‍ഭിണിയായിരുന്ന മനു, ഗ്ലാസ് പതിച്ച ടീപ്പോയിലേക്ക് വീഴുകയായിരുന്നു. ഗ്ലാസ് തകര്‍ന്നതോടെ കഷണങ്ങള്‍ നടുവില്‍ തുളച്ചുകയറി.
ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും എല്ലാ ഗ്ലാസ് കഷണങ്ങളും അന്ന് കണ്ടെത്തി പുറത്തെടുത്തിരുന്നില്ല. ചില കഷണങ്ങള്‍ ശരീരത്തിനുള്ളില്‍ തന്നെ തുടരുകയായിരുന്നു. പിന്നീട് ശക്തമായ വേദന അനുഭവപ്പെട്ട് തുടങ്ങിയെങ്കിലും കാരണം ഇതാണെന്ന് കണ്ടെത്താനുമായില്ല.
നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ഫലം കണ്ടില്ല. കടുത്ത വേദന മനുവിന്റെ ജീവിതത്തെ കാര്യമായി ബാധിച്ചിരുന്നുവെന്ന് ഭര്‍ത്താവ് രാജീവ് പറഞ്ഞു. കരുനാഗപ്പള്ളിയില്‍ താലൂക്ക് സപ്ലൈ ഓഫീസറായി ജോലി ചെയ്തിരുന്ന മനുവിന് ആരോഗ്യനില മോശമായതോടെ ഔദ്യോഗിക ചുമതലകള്‍ പോലും ശരിയായി നിര്‍വഹിക്കാനാകാത്ത സ്ഥിതിയുണ്ടായി.
അടുത്തയിടെ മറ്റൊരു ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായക സൂചന ലഭിച്ചത്. ട്യൂമറിന് സമാനമായ ഒരു സാധ്യത സംശയിച്ച ഡോക്ടര്‍മാര്‍ എംആര്‍ഐ പരിശോധന നിര്‍ദേശിച്ചു. തുടര്‍ന്ന് ഈ പരിശോധനാഫലങ്ങളുമായി വിപിഎസ് ലേക്ഷോറിലെ സ്പൈന്‍ ആന്‍ഡ് സ്കോളിയോസിസ് സര്‍ജറി വിഭാഗം ഡയറക്ടര്‍ ഡോ. കൃഷ്ണകുമാറിനെ മനു സമീപിക്കുകയായിരുന്നു.
വിദഗ്ധ പരിശോധനയില്‍ നട്ടെല്ലിനോട് ചേര്‍ന്ന് ത്രികോണാകൃതിയിലുള്ള ഒരു കഷണം ഉള്‍പ്പെടെ മൂന്ന് ഗ്ലാസ് കഷണങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് ഡോ. ആര്. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ വിദഗ്ധ ശസ്ത്രക്രിയയിലൂടെ ഗ്ലാസ് കഷണങ്ങള്‍ നീക്കം ചെയ്തു.
കഴുത്തുവേദന ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ മനു അനുഭവിച്ചിരുന്നുവെന്നും അതിനാല്‍ മുന്‍കാല ചികിത്സകളില്‍ ഏറെയും കഴുത്തിന്റെ ഭാഗത്താണ് കേന്ദ്രീകരിക്കപ്പെട്ടതെന്നും ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു.
ഇമേജിംഗ് പരിശോധനകളിലൂടെയാണ് ശരീരത്തില്‍ അവശേഷിച്ചിരുന്ന ഗ്ലാസ് കഷണങ്ങള്‍ കണ്ടെത്താനായതെന്നും തുടര്‍ചികിത്സ നല്‍കിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : Glasspiece Stuck Spine Woman FinallyRelief Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash