ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ധനഞ്ജയ ഡിസില്‍വയും ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ട്രോഫിയുമായി.
ഗാലെ: ടീം ഇന്ത്യക്കും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കും ഇന്നു സ്വാതന്ത്ര്യദിനത്തിന്റെ അപൂര്‍വ സുദിനം... രാജ്യം ഇന്ന് 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, ശ്രീലങ്കയിലെ ഗാലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടീം ഇന്ത്യ 600-ാം ടെസ്റ്റ് കളിക്കും.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 600 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമതു മാത്രം ടീം എന്ന റിക്കാര്‍ഡും ഇതോടെ ഇന്ത്യ സ്വന്തമാക്കും. ശ്രീലങ്കയ്ക്ക് എതിരായ രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്നു നടക്കുക. 2025-27 ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ളതാണ് ഈ പരമ്പര.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ നിലവില്‍ അഞ്ചും ആറും സ്ഥാനങ്ങളിലാണ് ഇന്ത്യയും ശ്രീലങ്കയും.
ഗാലെ @ 50
ഇന്ത്യ 600-ാം ടെസ്റ്റ് ആണ് കളിക്കുന്നതെങ്കില്‍ ഗാലെയില്‍ നടക്കുന്ന 50-ാം റെഡ്ബോള്‍ ക്രിക്കറ്റാണിതെന്നതും മറ്റൊരു വസ്തുത. 50 ടെസ്റ്റിനു വേദിയാകുന്ന ഏഷ്യയിലെ ആദ്യ ഗ്രൗണ്ടാണ് ഗാലെ എന്നതും ശ്രദ്ധേയം.
2017ലാണ് ടീം ഇന്ത്യ ഇതിനു മുമ്പ് ശ്രീലങ്കയില്‍ പര്യടനം നടത്തിയത്. അന്ന് ടീം ഇന്ത്യ ഫോമിന്റെ പാരമ്യത്തിലായിരുന്നു. മൂന്നു മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 304 റണ്‍സിനും രണ്ടാം മത്സരത്തില്‍ ഇന്നിംഗ്സിനും 53 റണ്‍സിനും മൂന്നാം പോരാട്ടത്തില്‍ ഇന്നിംഗ്സിനും 171 റണ്‍സിനും ഇന്ത്യ വെന്നിക്കൊടി പാറിച്ചു.
എന്നാല്‍, അന്നത്തേതിനെ അപേക്ഷിച്ചു കാര്യങ്ങള്‍ക്കു മാറ്റമുണ്ട്. അന്ന് വിരാട് കോഹ്ലിയായിരുന്നു ക്യാപ്റ്റന്‍. ചേതേശ്വര്‍ പൂജാര, കോഹ്ലി, അജിങ്ക്യ രഹാനെ എന്നിവരായിരുന്നു ഇന്ത്യയുടെ വിശ്വസ്തര്‍. ഓപ്പണിംഗില്‍ ശിഖര്‍ ധവാനും. ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങുന്ന നിലവിലെ ടീം ഇന്ത്യ, ഒരു വിന്-വിന് സംഘത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
ടീം ഇന്ത്യ ഈ വര്‍ഷം ഇതുവരെയായി ഒരു ടെസ്റ്റ് മാത്രമാണ് കളിച്ചത്. അതാകട്ടെ അഫ്ഗാനിസ്ഥാന് എതിരേ. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെടുന്നതല്ല അഫ്ഗാനിസ്ഥാന് എന്നതാണ് ഹൈലൈറ്റ്. മറുവശത്ത് ശ്രീലങ്ക കഴിഞ്ഞ 13 മാസത്തിനിടെ കളിച്ചത് രണ്ടു ടെസ്റ്റ് മാത്രം. അതുകൊണ്ടുതന്നെ ഇന്നു മുതല്‍ ഗാലെയില്‍ എന്തു സംഭവിക്കുന്ന എന്നതില്‍ കൃത്യമായ പ്രവചനം അസാധ്യം.
സ്പിന്‍ വാഴും പിച്ച്
ഗാലെയിലെ പിച്ച് സ്പിന്നിനെ അകമഴിഞ്ഞു പിന്തുണയ്ക്കും എന്നതാണ് ഇതുവരെയുള്ള ചരിത്രം. ശ്രീലങ്ക സ്പിന്നര്‍മാരെ കുത്തിനിറച്ചുള്ള ഒരു പ്ലേയിംഗ് ഇലവനെ ഇറക്കാനാണ് ശ്രമിക്കുക. അതിനുള്ള മറുപടി ബാറ്റുകൊണ്ടു ശുഭ്മാന്‍ ഗില്ലും സംഘവും നല്കിയാല് കാര്യങ്ങള്‍ ഇന്ത്യയുടെ വരുതിയിലാകും. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളില്‍ സ്വദേശത്തുവച്ച് ദക്ഷിണാഫ്രിക്കയോടും ന്യൂസിലന്‍ഡിനോടും പരമ്പര പരാജയപ്പെട്ട നാണക്കേട് മായ്ച്ചു കളയാനാണ് ടീം ഇന്ത്യ തയാറെടുക്കുന്നതെന്നതും മറ്റൊരു വാസ്തവം.
രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരാണ് ഇന്ത്യന്‍ സ്പിന്‍ ആക്രമണം നയിക്കുക. പ്രഭാത് ജയസൂര്യ, നിറോഷന്‍ ഡിക്വെല്ല എന്നിവര്‍ ലങ്കയുടെ സ്പിന്‍ ആക്രമണത്തിനും ചുക്കാന്‍പിടിക്കും.
ഇന്ത്യന്‍ ടെസ്റ്റ് ചരിത്ര്...
ഇംഗ്ലണ്ടിന് എതിരേ ലോഡ്സിലായിരുന്നു ടീം ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടം; സ്വാതന്ത്ര്യത്തിനും മുമ്പ്, 1932 ജൂണ്‍ 25ന്. സി.കെ. നായിഡു ആയിരുന്നു അന്ന് ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍. മത്സരത്തില്‍ പക്ഷേ, ഇന്ത്യ 158 റണ്‍സിന്റെ ദയനീയ തോല്‍വി വഴങ്ങി.
35 വര്‍ഷങ്ങള്‍ വേണ്ടിവന്നു ഇന്ത്യക്ക് ടെസ്റ്റില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍. എന്നാല്‍, പിന്നീട് 15 വര്‍ഷംകൊണ്ട് 200ഉം 14 വര്‍ഷംകൊണ്ട് 300 ടെസ്റ്റ് പൂര്‍ത്തിയാക്കി. പിന്നീടിങ്ങോട്ട് ഓരോ പത്ത് വര്‍ഷത്തിലും ശരാശരി 100 ടെസ്റ്റ് വീതം ഇന്ത്യ കളിച്ചു. നിലവില്‍ ലോക റാങ്കിംഗില്‍ നാലാം സ്ഥാനക്കാരാണ് ടീം ഇന്ത്യ.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കുക എന്നതാണ് ടീം ഇന്ത്യയുടെ പ്രധാന ലക്ഷ്യം. അതിനു മുന്നോടിയായി ഏകദേശം ഒമ്പത് ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യക്കു ബാക്കിയുണ്ട്. ഫൈനല്‍ യോഗ്യത നേടാന്‍ ആറോ ഏഴോ മത്സരങ്ങളെങ്കിലും ജയിക്കേണ്ടതുണ്ടെന്നു കരുതുന്നു. അതിനാല്‍, ഈ പരമ്പര ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. കൃത്യമായ തയാറെടുപ്പുകള്‍ ടീം നടത്തിയിട്ടുണ്ട്. ഏകദേശം ഒരാഴ്ചയില്‍ അധികം ഇവിടെ പരിശീലിക്കാന്‍ സാധിച്ചത് ഗുണകരമാണ്.
ശുഭ്മാന്‍ ഗില്‍ (ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍)
Tags : TeamIndia 600thTest 80thIndependenceDay India SriLanka TestMatch Sports