കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആനിക്കാട് സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർഥികൾക്കൊപ്പം.
ആനിക്കാട്: മാതൃവിദ്യാലയത്തിൽ ഓർമകൾ അയവിറക്കി വലിയ ഇടയനെത്തിയത് ആനിക്കാടിന് നവ്യാനുഭവമായി. സെന്റ് മേരീസ് ഹൈസ്കൂൾ പൂർവ വിദ്യാർഥിയായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജത ജൂബിലി ആഘോഷം ആനിക്കാടിന്റെ ആദരവായി മാറുകയായിരുന്നു.
പിൻതലമുറക്കാരായ കുരുന്നുകളും അധ്യാപകരും ഒപ്പം നാട്ടുകാരും ആവേശത്തിലായി. തന്റെ കുട്ടിക്കാല അനുഭവങ്ങൾ പങ്കുവച്ചും ഭാവിവാഗ്ദാനങ്ങളായ ഇളംതലമുറയ്ക്ക് ഉപദേശങ്ങൾ നൽകിയും
കർദിനാൾ അവരുടെ മനംകവർന്നു. ദേശസ്നേഹവും പൗരബോധവുമുള്ള തലമുറയെ വാർത്തെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ മുഖ്യധർമമെന്ന് അദ്ദേഹം അവരെ ഓർമിപ്പിച്ചു. തിരുവല്ല അതിരൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെയും ആനിക്കാട് പൗരാവലിയുടെയും ആഭിമുഖ്യത്തിലായിരുന്നു അനുമോദന സമ്മേളനം.
തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനോദ്ഘാടനവും ജൂബിലി സ്മാരക ക്ലോക്ക് ടവർ ഉദ്ഘാടനവും ആന്റോ ആന്റണി എംപി നിർവഹിച്ചു. സ്കൂളുകളിൽ നടപ്പിലാക്കുന്ന തൂഫാൻ പദ്ധതി തിരുവല്ല എംഎൽഎ അഡ്വ. വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു .
ജൂബിലിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികളുടെ സമഗ്രവികസനത്തിനായി ആരംഭിക്കുന്ന കർദിനാൾ ക്ലീമിസ് കരിയർ കോച്ചിംഗ് പദ്ധതി തിരുവല്ല അതിരൂപത ചാൻസലർ ഫാ. ജോസ് മണ്ണൂർ കിഴക്കേതിൽ ഉദ്ഘടനം ചെയ്തു.
തിരുവല്ല അതിരൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസി മാനേജർ ഫാ. മാത്യൂ പുനക്കുളം, ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഏബ്രഹാം, പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് ഫാ. നൈനാൻ മാവുങ്കൽ, ഹെഡ്മാസ്റ്റർ റോബിൻ മാത്യു എന്നിവർ പ്രസംഗിച്ചു.
Tags : Anikadu Tribute CardinalMarCleemisCatholicosBava Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash