പ്രതീകാത്മക ചിത്രം
ലക്നോ: മന്ത്രവാദിയെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഒളിപ്പിച്ച കേസിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ വാരണാസിയിൽ മന്ത്രവാദി അനിഷ് ഉപാധ്യായ കൊല്ലപ്പെട്ട കേസിൽ സോനു, വിശാൽ, വികാസ് കുമാർ ഗോണ്ട്, സാഹിൽ ഗോണ്ട്, രോഹിത് കശ്യപ്, മോഹിത് കശ്യപ് എന്നിവരാണ് അറസ്റ്റിലായത്.
കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും രോഗങ്ങളും മാറ്റാൻ പൂജകൾക്കായി അനിഷിനെ പ്രതികൾ വിളിച്ചു വരുത്തുകയായിരുന്നു. അഞ്ച് ദിവസത്തോളം പൂജകൾ നടത്തിയെങ്കിലും പുരോഗതി ഉണ്ടാകാത്തതിനാൽ ഇവർ തമ്മിൽ തർക്കമുണ്ടായി. തുടർന്ന് അനിഷിനെ കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായവർ ബന്ധുക്കളാണെന്നും പോലീസ് പറഞ്ഞു.
ജൂലൈ ഒമ്പതിനാണ് അനിഷിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 13ന് ഭർത്താവ് കൊല്ലപ്പെട്ടതായും മൃതദേഹം കാട്ടിൽ ഒളിപ്പിച്ചെന്നും കാണിച്ച് അവർ വീണ്ടും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങൾ പോലീസ് കണ്ടെടുത്തു.
Tags : OccultistMurder Arrest Police Case UttarPradesh