പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
ന്യൂഡൽഹി: 2047ൽ ഇന്ത്യ വികസിത രാഷ്ട്രമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടായെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക് മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ചെറിയ സ്വപ്നങ്ങളല്ല, വലിയ ലക്ഷ്യങ്ങളാണ് രാജ്യം മുന്നിൽ കാണേണ്ടതെന്ന് മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാൻ 140 കോടി ജനങ്ങളും ഇതിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 25 കോടി ആളുകളെ ദാരിദ്ര്യത്തിൽനിന്ന് ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞതായും ഇന്ത്യ ഇന്ന് വലിയ സാമ്പത്തിക ശക്തിയായി വളരുകയാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
ലോകം ഇന്ന് ശക്തമായ ഇന്ത്യയെയാണ് കാണുന്നതെന്നും ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിലൊന്നാണ് ഇന്ത്യയെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ മേഖലയിലും ഡിജിറ്റൽ രംഗത്തും വലിയ മുന്നേറ്റമുണ്ടായി. ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ, റെയിൽവേ കോച്ച് തുടങ്ങിയവയുടെ ആഭ്യന്തര നിർമാണത്തിലും വളർച്ച കൈവരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ആർക്കും ഇന്ത്യയെ തടയാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റൽ ഇടപാടുകളിലും രാജ്യം വലിയ നേട്ടം കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആത്മനിർഭർ ഭാരത് എല്ലാ അർഥത്തിലും യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് മോദി പറഞ്ഞു. മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ സ്വയംപര്യാപ്തത കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിയണം. സ്വന്തം കഴിവുകളിൽ വിശ്വസിച്ച് മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സെമികണ്ടക്ടർ നിർമാണ മേഖലയിലും ഇന്ത്യ അതിവേഗം മുന്നേറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ സെമികണ്ടക്ടർ പ്ലാന്റുകൾ രാജ്യത്ത് സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യ ചരിത്രപരമായ വളർച്ചയാണ് കൈവരിച്ചതെന്നും പുതിയ ഉയരങ്ങളിലേക്കുള്ള രാജ്യത്തിന്റെ കുതിപ്പ് തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Tags : Independence day Celebration Prime Minister Narendra Modi Speech Red Fort