റോബർട്ട് ഷഗീവ്, മാർഗരീത്ത.
മോസ്കോ: റഷ്യൻ അധിനിവേശ ക്രിമിയയിൽ ഉന്നത നാവികസേനാ ഓഫീസർ ബോംബ് സ്ഫോടനത്തിൽ മരിച്ചതിനു പിന്നിൽ യുക്രെയ്നെന്നു സൂചന. ഓഫീസറിനൊപ്പമുണ്ടായിരുന്ന എസ്കോർഡ് ഗേൾ ആണ് ബോംബ് സ്ഥാപിച്ചത്. മുന്പ് യുക്രെയ്ൻ നാവിക സേനയിൽ മുങ്ങിക്കപ്പൽ കമാൻഡറായിരുന്ന ഓഫീസർ പിന്നീട് റഷ്യയിലേക്കു കൂറുമാറിയതാണ്.
റഷ്യൻ നാവികസേനയിലെ കരിങ്കടൽ കപ്പൽപ്പടയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന റോബർട്ട് ഷഗീവ് (49) ആണ് വ്യാഴാഴ്ച ക്രിമിയയിലെ സെവാസ്തപ്പോളിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ 32 വയസുള്ള റഷ്യൻ വനിത മാർഗരീത്ത റൂത്ത് അറസ്റ്റിലായിരുന്നു.
ഷഗീവിന്‍റെ മുറിയിലെ ചവറ്റുകുട്ടയിലാണ് മാർഗരീത്ത ബോംബ് സ്ഥാപിച്ചത്. സ്ഫോടനത്തിൽ ഉടൻതന്നെ ഷഗീവ് മരണപ്പെട്ടു. ഉഗ്രശബ്ദത്തിലുള്ള സ്ഫോടനം ഡ്രോൺ ആക്രമണം ആയിരിക്കാമെന്ന് സമീപവാസികൾ തെറ്റിദ്ധരിച്ചിരുന്നു.
റഷ്യയിലെ യാരോസ്ലാവൽ പ്രദേശത്തു ജനിച്ച മാർഗരീത്ത, എസ്കോർട്ട് വെബ്സൈറ്റുകളിൽ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. കൂടെക്കൂടെ ക്രിമിയയിലേക്കും യാത്ര ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ യുക്രെയ്ൻ അനുകൂല പരാമർശത്തിന്‍റെ പേരിൽ മാർഗരീത്ത അറസ്റ്റിലായിരുന്നു. രണ്ടു ദിവസം കസ്റ്റഡിയിലായിരുന്ന അവർ പിഴയൊടുക്കി പുറത്തിറങ്ങുകയായിരുന്നു.
നാവികസേനാ ഓഫീസർ കൊല്ലപ്പെട്ടതിനു പിന്നാലെ റഷ്യ വിടാനായിരുന്നു മാർഗരീത്തയുടെ പദ്ധതി. എന്നാൽ റഷ്യൻ അധികൃതർ സെവാസ്തപ്പോളിൽവച്ചുതന്നെ അവരെ പിടികൂടി. കൊലപാതകം നടത്തിയകാര്യം മാർഗരീത്ത സമ്മതിച്ചുവെന്നാണ് റിപ്പോർട്ട്. കൃത്യത്തിൽ ഇവർ ഖേദം പ്രകടിപ്പിച്ചില്ലെന്നും പറയുന്നു. ഷഗീവിനെ വധിക്കാനായി യുക്രെയ്ൻ ഇന്‍റലിജൻസ് മാർഗരീത്തയെ റിക്രൂട്ട് ചെയ്തതായിരിക്കാം എന്നാണ് അനുമാനം.
യുക്രെയ്ന്‍റെ ഭാഗമായ ക്രിമിയൻ പ്രദേശം റഷ്യൻ സേന 2014ൽ പിടിച്ചെടുത്തപ്പോഴാണ് റോബർട്ട് ഷഗീവ് കൂറുമാറിയത്. ആ സമയത്ത് യുക്രെയ്ൻ നാവിക സേനയിലെ ഏക മുങ്ങിക്കപ്പലായിരുന്ന സാപ്പോറിഷ്യയുടെ ആക്‌ടിംഗ് കമാൻഡറായിരുന്നു ഇദ്ദേഹം.
Tags : Russia Ukraine Ukraine war