പ്രതീകാത്മക ചിത്രം
ഇന്ത്യ അടക്കം 60 രാജ്യങ്ങൾക്കുള്ള പുതിയ തീരുവ അമേരിക്ക പ്രഖ്യാപിച്ചു. ഇന്ത്യക്ക് 10 ശതമാനം തീരുവ. ഒറ്റനോട്ടത്തിൽ ആശ്വാസം. പക്ഷേ, വിശദമായ പരിശോധനയിൽ ആശ്വാസമില്ല എന്നു കാണാം. മാത്രമല്ല പല ഇനങ്ങളിലും ഇന്ത്യക്ക് ആഘാതവും വരുന്നുണ്ട്. ഇന്ത്യൻ ഉത്പന്നങ്ങൾക്കു സാധാരണ കസ്റ്റംസ് തീരുവയ്ക്കു പുറമേയാണ് ഈ 10 ശതമാനം.
ഇന്നലെ കാലാവധി അവസാനിച്ച ഒരു താത്കാലിക തീരുവയ്ക്കു പകരം ചുമത്താൻ പോകുന്ന പല തീരുവകളിൽ ഒന്നു മാത്രമാണ് ഇന്നലെ പ്രഖ്യാപിച്ചത്. അവസാനിച്ച തീരുവ 10 ശതമാനം ആയിരുന്നു. പകരം വന്നതും 10 ശതമാനം. ഇത് അടിമപ്പണിക്കെതിരായ അന്വേഷണത്തിന്റെ ഫലം. കയറ്റുമതി സബ്സിഡി, അമിത ഉത്പാദനശേഷി തുടങ്ങിയ വിഷയങ്ങളിലും അമേരിക്കൻ വ്യാപാരപ്രതിനിധിയുടെ ഓഫീസ് അന്വേഷണം നടത്തുന്നുണ്ട്. അതിന്റെ ഫലം വരാനിരിക്കുന്നതേ ഉള്ളൂ.
തീരുവയുദ്ധം തുടരുന്നു
ഡോണൾഡ് ട്രംപ് പ്രസിഡന്റായ ശേഷം തുടങ്ങിയ തീരുവയുദ്ധം ഇവിടെ തീരുന്നില്ല. ഇന്ത്യയുടെ പ്രശ്നങ്ങളും തീരുന്നില്ല. അതുകൊണ്ടാണ് ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഒപ്പുവയ്ക്കാത്തത്. ഫെബ്രുവരിയിൽ ചർച്ചകൾ തീർന്നതാണ്. 50 ശതമാനമായിരുന്നു അന്ന് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന തീരുവ. അതിന്റെ സ്ഥാനത്ത് 18 ശതമാനം തീരുവ ഇന്ത്യ അംഗീകരിച്ചു. പക്ഷേ ട്രംപിന്റെ ‘പകരം തീരുവ’ സംബന്ധിച്ച കേസിൽ യുഎസ് സുപ്രീംകോടതി അന്നു വിധി നൽകിയിരുന്നില്ല. വിധിക്കുമുമ്പ് കരാറിൽ ഒപ്പുവച്ചാൽ വിധിയുടെ ആനുകൂല്യം കിട്ടാതെപോയാലോ എന്ന് ഇന്ത്യ ശങ്കിച്ചു.
വിധി വന്നപ്പോൾ ‘പകരം തീരുവ’ അസാധുവായി. ട്രംപ് വിട്ടുകൊടുത്തില്ല. 1974ലെ വ്യാപാരനിയമത്തിലുള്ള 122-ാം വകുപ്പ് നൽകുന്ന അധികാരം ഉപയോഗിച്ചു പുതിയ താത്കാലിക തീരുവ (10%) ചുമത്തി. ഫെബ്രുവരിയിലെ ആ തീരുവയുടെ പരമാവധി കാലാവധിയായ 150 ദിവസം ഇന്നലെ തീർന്നു. അതിനുമുമ്പ് നിയമത്തിലെ 301-ാം വകുപ്പ് പ്രകാരം ചില അന്വേഷണങ്ങൾ പ്രഖ്യാപിച്ചു. അതിലൊന്നാണ് അടിമപ്പണി.
അടിമപ്പണി ഇല്ലെങ്കിലും...
ഇന്ത്യയിൽ അടിമപ്പണി ഉണ്ടെന്നു കണ്ടെത്തിയിട്ടില്ല. അങ്ങനെ പരാതിയുമില്ല. പക്ഷേ, യുഎസ് വ്യാപാര പ്രതിനിധി ഉടക്കി. ഇന്ത്യക്കു 12.5 ശതമാനം തീരുവ ചുമത്തുമെന്നു മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് അടിമപ്പണി ഉപയോഗിച്ചു നിർമിച്ച ഒന്നും ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യാൻ പാടില്ല എന്ന ഉത്തരവ് ജൂലൈ 13നു പുറപ്പെടുവിച്ചു. അതു ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയെ 12.5ൽനിന്നു 10 ശതമാനം തീരുവ പട്ടികയിലേക്കു മാറ്റിയത്.
സബ്സിഡി, അമിത ഉത്പാദനം തുടങ്ങിയ വിഷയങ്ങളിലും ഇതേപോലെ തീരുവ വന്നെന്നു വരാം. വന്നില്ലെന്നും വരാം. അവയിൽ അന്വേഷണം കഴിഞ്ഞു ഫയൽ ക്ലോസ് ചെയ്താലേ ആശ്വസിക്കാനാകൂ. എങ്കിലും 12.5 ൽനിന്ന് ഒഴിവായത് ചെറിയ ആശ്വാസമാകും.
അവരും നമ്മളും ഒപ്പം
തീരുവ മാത്രമല്ല വിഷയം. നമുക്കു വ്യാപാരമത്സരമുള്ള രാജ്യങ്ങൾക്കും ഇതേ നിരക്കുതന്നെയാണ്. വസ്ത്രകയറ്റുമതിയിൽ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവയോട് ഇന്ത്യക്കു മത്സരമുണ്ട്. അവയ്ക്കും ഇതേ നിരക്കു തന്നെ.
ഇന്തോനേഷ്യ, കംബോഡിയ, മലേഷ്യ എന്നിവയോടു മത്സരിച്ചാണു പല ഇനങ്ങളിലും ഇന്ത്യ കയറ്റുമതി സാധിക്കുന്നത്. അവർക്കും 10 ശതമാനം തന്നെ. ഇന്ത്യക്കു മത്സരമുള്ള ചൈന, വിയറ്റ്നാം രാജ്യങ്ങൾക്കു 12.5 ശതമാനം തീരുവ ഉണ്ട്. 2.5 ശതമാനം അധികം.
മറ്റൊരു പാരയും തീരുവയിൽ ഉണ്ട്. അമേരിക്കയിൽനിന്നു പരുത്തി വാങ്ങി വസ്ത്രങ്ങളും തുണികളും ഉണ്ടാക്കി കയറ്റുമതി ചെയ്യുന്നവർക്കു മൂന്നു വർഷത്തേക്കു തീരുവ ഒഴിവാക്കുന്നു. ബംഗ്ലാദേശും കംബോഡിയയും ഇന്തോനേഷ്യയും മലേഷ്യയും ഈ ഒഴിവിന് അർഹരാകും. മൂന്നു വർഷത്തേക്ക് ഇന്ത്യൻ വസ്ത്ര കയറ്റുമതിക്കാർക്ക് ഈ രാജ്യങ്ങൾ വലിയ വെല്ലുവിളി ആകും എന്നർഥം.
വലിയ വ്യാപാരപങ്കാളി
ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് അമേരിക്ക. ഒന്നാമത്തേത് ചൈന. ഇന്ത്യ-ചൈന വ്യാപാരം 2025ൽ 15,560 കോടി ഡോളറിന്റേതായിരുന്നു. അതിൽ 13,100 കോടി ഡോളറും ഇന്ത്യയിലേക്കുള്ള ഇറക്കുമതി ആണ്. അങ്ങോട്ടു കയറ്റുമതി 2,460 കോടി ഡോളർ മാത്രം.
അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാരം 14,940 കോടി ഡോളറിന്റേതായിരുന്നു. ഇന്ത്യയിൽനിന്നു കയറ്റുമതി ചെയ്തത് 10,380 കോടി ഡോളർ. ഇന്ത്യ ഇറക്കുമതി ചെയ്തത് 4,560 കോടി ഡോളർ. ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന രാജ്യമായതു കൊണ്ട് അമേരിക്കയോട് ഉടക്കാൻ ഇന്ത്യക്കു താത്പര്യമില്ല.
എന്നാൽ, 301-ാം വകുപ്പുപ്രകാരമുള്ള അന്വേഷണ പ്രഹസനങ്ങളും തീരുവ ഭീഷണിയും ഇന്ത്യയെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. പക്ഷേ, ഗവൺമെന്റ് അക്കാര്യത്തിൽ തന്ത്രപരമായ മൗനമാണു പുലർത്തുന്നത്. മനുഷ്യാവകാശങ്ങൾ, വ്യാപാരമത്സരം തുടങ്ങിയ കാര്യങ്ങളിൽ ട്രംപ് ഭരണകൂടം കാണിക്കുന്ന ആത്മാർഥതയില്ലാത്ത താത്പര്യത്തെ നാടകം എന്നു വിളിച്ചു വിമർശിക്കാൻ പോലും ഇന്ത്യ തയാറാകുന്നില്ല.
വ്യാപാരവും യുദ്ധംതന്നെ
പണമുള്ളവനാണു കമ്പോളത്തിലെ രാജാവ് എന്നും പണമുള്ളവൻ തോന്ന്യാസം കാണിച്ചാൽ വിമർശിക്കാൻ ആളുകളില്ല എന്നും ആണ് ഇതിൽ കാണുന്നത്. ഇന്ത്യൻ കയറ്റുമതിയുടെ 18 -20 ശതമാനം നേരിട്ട് അമേരിക്കയിലേക്കു പോകുന്നു. വേറൊരു ഏഴെട്ടു ശതമാനം മറ്റു രാജ്യങ്ങളിൽ മൂല്യവർധന വരുത്തിയോ പായ്ക്കിംഗ് മാറ്റിയോ അമേരിക്കയിലേക്കു പോകുന്നു.
അമേരിക്കക്കാർ വാങ്ങുന്നില്ലെങ്കിൽ കൊഞ്ചും മറ്റും കൂടിയ വിലയ്ക്കു വാങ്ങാൻ അധികം ആൾക്കാർ ഇല്ലെന്നു കഴിഞ്ഞ വർഷം മനസിലായതാണ്. അതുകൊണ്ട് എല്ലാവരും മൗനം അലങ്കാരമായി കൊണ്ടുനടക്കുന്നു. ലോകവ്യാപാരത്തിലെ സർവ കരാറുകളും മര്യാദകളും കാറ്റിൽ പറത്തി ട്രംപ് തന്റെ ഇംഗിതം അടിച്ചേൽപ്പിച്ചപ്പോൾ കൂട്ടായി ചെറുക്കാൻ വലിയ വമ്പ് ഭാവിച്ചിരുന്ന യൂറോപ്യൻ യൂണിയൻപോലും ഉണ്ടായില്ല.
ആ വിജയത്തിന്റെ തുടർച്ചയായുള്ള അശ്വമേധമാണ് ട്രംപിന്റെ പുതിയ തീരുവയിലും മുൻപു പ്രഖ്യാപിച്ച ജനറിക് ഔഷധ തീരുവയിലും കാണുന്നത്. മിസൈലുകളും ഡ്രോണുകളും കൊണ്ടുള്ള യുദ്ധങ്ങളേക്കാൾ നശീകരണശേഷി കുറഞ്ഞതല്ല വ്യാപാരയുദ്ധം. ജനങ്ങളെ കൊല്ലുന്നില്ലെങ്കിലും അവരുടെ തൊഴിലും വരുമാനവും ഇല്ലാതാക്കാൻ ലക്ഷ്യംതെറ്റിയ വ്യാപാരയുദ്ധങ്ങൾക്കു കഴിയും.
ബാക്കി എല്ലാ ഇനങ്ങൾക്കും പുതിയ തീരുവ വേണം. മിത്രരാജ്യ (Most Favoured Nation) പരിഗണനയിലുള്ള തീരുവയ്ക്കു പുറമേ 10 ശതമാനം ആണ് ഇതു നൽകേണ്ടത്. റെഡിമെയ്ഡുകൾ, തുണിത്തരങ്ങൾ, മുറിച്ചതും മിനുക്കിയതുമായ വജ്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, സമുദ്രോത്പന്നങ്ങൾ, കുത്തരി, ബസ്മതി അരി, യന്ത്രങ്ങൾ, എൻജിനിയറിംഗ് സാമഗ്രികൾ, രാസവസ്തുക്കൾ തുടങ്ങിയവയ്ക്കെല്ലാം ഈ തീരുവ ബാധകമാകും. ഇവയെല്ലാം ചേർന്ന് ഇന്ത്യൻ കയറ്റുമതിയുടെ 70 ശതമാനം വരും. സമുദ്രോത്പന്ന കയറ്റുമതിക്ക് ഇതിനു പുറമേ 2.49 ശതമാനം ആന്റി ഡംപിംഗ് ഡ്യൂട്ടിയും 5.81 ശതമാനം കൗണ്ടർവെയ്ലിംഗ് ഡ്യൂട്ടിയും നൽകണം.
പുതിയ തീരുവ ഓരോ ഇനത്തിനും നിയമപ്രകാരമുള്ള കസ്റ്റംസ് തീരുവയ്ക്കു പുറമേയാണ്. ഒരു ഉത്പന്നത്തിനു സാധാരണ യുഎസ് കസ്റ്റംസ് നിരക്ക് അഞ്ചു ശതമാനമാണെങ്കിൽ അതിന്റെ പുറമേ 10 ശതമാനം (മൊത്തം 5+10 = 15 ശതമാനം) നൽകണം. ഇന്ത്യയുടെ കയറ്റുമതി ഉത്പന്നങ്ങളിൽ 70 ശതമാനത്തിനും ഇതു ബാധകമാണ്.
ഈ അധികത്തീരുവ ബാധകമല്ലാത്ത ഇനങ്ങൾ:
1. സ്മാർട്ട്ഫോണുകൾ, കംപ്യൂട്ടറുകൾ. ഇവയ്ക്കു തീരുവ ഇല്ല. ആപ്പിളും മറ്റും ഉത്പാദനം ഇന്ത്യയിൽ നടത്തുന്നതു ഡ്യൂട്ടി ഒഴിവ് ഉറപ്പാക്കിയാണ്.
2. ഔഷധങ്ങളും ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളും. നിലവിൽ തീരുവ ഇല്ല. പേറ്റന്റ് കാലാവധി കഴിഞ്ഞ ജനറിക് ഔഷധങ്ങൾക്ക് 2028 ഓഗസ്റ്റ് വരെ ഡ്യൂട്ടി വേണ്ട. പിന്നീട് ഒരു വർഷം 100 ശതമാനവും തുടർന്ന് 200 ശതമാനവും തീരുവ. അതൊഴിവാക്കണമെങ്കിൽ ഫാക്ടറികൾ അമേരിക്കയിലാക്കണം. ഈ നയം ബുധനാഴ്ച പ്രഖ്യാപിച്ചതാണ്. 2029 ജനുവരിയിൽ ട്രംപിന്റെ കാലാവധി തീരും. അതിനിടെ കുറച്ചുകാലം ചർച്ച നടത്തി വലിയ തീരുവ നീട്ടിവയ്ക്കാം എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ മരുന്നു കമ്പനികൾ. ജനറിക് ഔഷധ കയറ്റുമതിയിൽ ഇന്ത്യക്കു കുത്തക ഉള്ളതാണ്. ഈ രണ്ടു വിഭാഗങ്ങളും കൂടി ഇന്ത്യൻ കയറ്റുമതിയുടെ 20 ശതമാനം വരും.
3. സ്റ്റീൽ, അലുമിനിയം, ചെമ്പ്, വാഹന ഭാഗങ്ങൾ: ഇവയ്ക്ക് വകുപ്പ് 232 പ്രകാരം പ്രത്യേക നിരക്കുണ്ട്. സ്റ്റീലിന് 52.5 ശതമാനം, അലുമിനിയത്തിനും ചെമ്പിനും 55 ശതമാനം, വാഹനഭാഗങ്ങൾക്ക് 27.5 ശതമാനം. അതിനാൽ ഇവയ്ക്ക് 10 ശതമാനം ബാധകമല്ല. ഇന്ത്യയുടെ കയറ്റുമതിയിൽ എട്ടു ശതമാനം ഇവയിൽ വരുന്നു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash LowTariff CustomsTariff