പ്രതീകാത്മക ചിത്രം
മോസ്കോ: റഷ്യൻ സമുദ്രാതിർത്തിയിലൂടെ കടന്നുപോയ കപ്പലിനുനേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ജൂലൈ 18നാണ് കരിങ്കടലിൽ എംവി ഒമോർഫി എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്. കപ്പലിൽ ആകെ ഉണ്ടായിരുന്നത് 10 ജീവനക്കാരാണ്. ഇവരിൽ മൂന്ന് പേർ ഇന്ത്യക്കാരാണ്. ഇതിൽ ഒരു ഇന്ത്യൻ നാവികനാണ് കൊല്ലപ്പെട്ടത്. ബാക്കിയുള്ളവരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് കരിങ്കടലിൽ ഇത്തരം ആക്രമണങ്ങൾ തുടരുന്നത്. ജൂലൈ 19ന് എംവി ഗോൾഡൻ ലിയോ എന്ന കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർക്കാണ് ജീവൻ നഷ്ടമായത്. സമുദ്ര യാത്രകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആഗോള വ്യാപാരം തടസരഹിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്ന് ഇന്ത്യ ആഹ്വാനം ചെയ്തു.
ചരക്കു കപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അപലപനീയമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സ്വതന്ത്ര സമുദ്ര സഞ്ചാരത്തിനും ആഗോള വ്യാപാരത്തിനും നേരെയുണ്ടാകുന്ന ഇത്തരം ആക്രണങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
Tags : Attack ship Black Sea Indian sailor killed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash