സൗരവ് ദാസും അശുതോഷ് രങ്കയും കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര സിംഗുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ.
ന്യൂഡൽഹി: ജന്തർ മന്തറിലെ സമരക്കാരുമായുള്ള രണ്ടാംവട്ട ചർച്ചയിൽ സിജെപിയുടെ രണ്ട് ആവശ്യങ്ങൾക്ക് കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകാരം നൽകി. എന്നാൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി എന്ന പ്രധാന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. രാജിക്കാര്യത്തിൽ പ്രതികരിക്കാൻ ഇന്ന് ഉച്ചവരെ സമയം തേടിയിട്ടുണ്ട്.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം രാജ്യവ്യാപകമായി ശക്തിപ്പെടുന്നതിനിടെ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) രണ്ട് ഔദ്യോഗിക വക്താക്കളുമായാണ് കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയും ജിതേന്ദ്ര സിംഗും ചർച്ച നടത്തിയത്.
കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിന്റെ ഭാഗമായുള്ള പഴയ വിപി ഹൗസിന്റെ 504-ാം മുറിയിലായിരുന്നു കൂടിക്കാഴ്ച. സിജെപിയുടെ ഔദ്യോഗിക വക്താക്കളായ അശുതോഷ് രങ്കയും സൗരവ് ദാസും കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചർച്ച രണ്ട് മണിക്കൂറോളം നീണ്ടു.
മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പ്രതിഷേധങ്ങളിൽനിന്നു പിന്നോട്ടില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി ആവർത്തിച്ചിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്കുക, പ്രതിഷേധം നടത്തിയ വിദ്യാർഥികൾക്കെതിരായ നിയമനടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും മന്ത്രിമാരുമായുള്ള ചർച്ചയിൽ ഉന്നയിച്ചു. ഈ രണ്ട് ആവശ്യത്തിനും കേന്ദ്രം അനുകൂല പ്രതികരണമറിയിച്ചിട്ടുണ്ടെന്ന് സിജെപി വക്താക്കൾ അറിയിച്ചു.
എന്നാൽ, ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ കേന്ദ്രം ഇന്ന് ഉച്ചയോടെ പ്രതികരിക്കുമെന്നാണ് അറിയിച്ചതെന്ന് സിജെപി അറിയിച്ചു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തീരുമാനമായില്ലെങ്കിൽ ജൂലൈ 20ലെപ്പോലെ ഒരു ദേശീയ പ്രതിഷേധത്തിനു കൂടി ആഹ്വാനമുണ്ടാകുമെന്ന് അശുതോഷ് അറിയിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ രാജിക്കാര്യത്തിൽ കേന്ദ്രവുമായുള്ള അടുത്തവട്ട ചർച്ചകൾ ഇന്നു നടക്കും.
Tags : cockroaches DharmendraPradhan Nodecision Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash CJP