പ്രതീകാത്മക ചിത്രം
കുറ്റിപ്പുറം: തിരുനാവായ കൊടക്കല്ല് ബന്ദർകടവിലെ കായൽപട്ടണം ജിന്ന് മഹ്ളറ എന്ന ആത്മീയ തട്ടിപ്പ് കേന്ദ്രം നാട്ടുകാർ ഇടപെട്ട് പൂട്ടിച്ചു.ആത്മീയ ചികിത്സയെന്ന പേരിൽ ആളുകളെ പറ്റിച്ച് പണം തട്ടുന്നതിനെതിരെ നാട്ടുകാർ സംഘടിച്ച് രംഗത്തിറങ്ങുകയായിരുന്നു.
‘ജിന്ന് മുറിച്ച വാഴപ്പഴം’ എന്ന പേരിൽ ഇവിടെ നിന്ന് 2500 രൂപക്ക് പഴം വിൽപന നടത്തിയിരുന്നു. ഇതിനുപിന്നിലുള്ള തട്ടിപ്പ് സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. പിന്നാലെയാണ് യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി താജുദ്ദീൻ പല്ലാർ, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി എം.പി. ഹബീബ്, വൈറ്റ് ഗാർഡ് സ്റ്റേറ്റ് ക്യാപ്റ്റൻ സിറാജ് പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ തട്ടിപ്പ് ചോദ്യം ചെയ്തത്.
അനുയായികൾക്ക് 1000 രൂപ വിലയിട്ട ‘മാന്ത്രിക വാഴപ്പഴം’ ലേലം ചെയ്ത് ഒടുവിൽ 2500 രൂപയ്ക്കാണ് ഒരാൾ വാങ്ങിയത്. തൊലി കളയാതെ തന്നെ ഉള്ളിലെ പഴം കഷ്ണങ്ങളാക്കി മുറിച്ച നിലയിലാണ് ഈ വാഴപ്പഴം. ഇത് ‘ജിന്ന്’ മുറിച്ചതാണെന്നാണ് ഇവർ അവകാശപ്പെട്ടത്. എന്നാൽ ഇതിന്‍റെ രഹസ്യം സമൂഹമാധ്യമങ്ങളിൽ പലരും ചുരുളഴിച്ചു.
പഴത്തിനുള്ളിലേക്ക് തയ്യൽ സൂചി കടത്തി ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചാൽ ഇതുപോലെ മുറിച്ചെടുക്കാൻ കഴിയും. ഇതോടെ വ്യാപക പരിഹാസമാണ് തട്ടിപ്പുസംഘത്തിനെതിരെ ഉയർന്നിരുന്നത്. പൂട്ടിക്കാനെത്തിയ നാട്ടുകാർ ഒരു പഴം കൊണ്ട് വന്ന് മൊബൈൽ കാമറ ഓണാക്കി മുറിച്ച് കാണിക്കാനും ആവിശ്യപ്പെടുന്നുണ്ട്. ഇപ്പോൾ അതിന് കഴിയില്ലെന്നാണ് മറുപടി നൽകിയത്.
മുവാറ്റുപുഴ സ്വദേശിയായ ഓട്ടോഡ്രൈവറാണ് ഇവിടെ ആത്മീയ നേതാവായി വേഷമിട്ട് തട്ടിപ്പ് നടത്തുന്നത് എന്നാണ് ആരോപണം. എല്ലാ ഞായറാഴ്ചകളിലും പുലർച്ചെയാണ് ‘ഖുതുബിയത് മജ്‍ലിസ്’ എന്നപേരിൽ ആത്മീയ സദസ് നടത്തുന്നത്.
രോഗമുക്തിക്കും മറ്റുമായി കേരളത്തിനകത്ത് നിന്നും പുറത്തുനിന്നും നിരവധി ആളുകളാണ് ഇതിൽ പങ്കെടുക്കുന്നതെന്ന് സംഘാടകർ തന്നെ സോഷ്യൽ മീഡിയയിൽ അവകാശപ്പെടുന്നു. ഇവരിൽനിന്ന് വൻ തുകയാണ് സംഘം തട്ടിയെടുക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Tags : ShutDown SpiritualFraud Deepika DeepikaNewspaper BreakingNews NewsUpdate Headlines