ഡാർക്ക് മാറ്റർ ഡിറ്റക്ടർ ലക്സ് സെപ്ളിൻ ഭൂമിക്കടിയിൽ സ്ഥാപിക്കുന്നതിനു മുമ്പ്.
പ്രപഞ്ചത്തെ ഒന്നിച്ചുനിലനിർത്തുന്ന; 'കോസ്മിക് ഗ്ലൂ' ആയി പ്രവർത്തിക്കുന്ന വിചിത്രവും അദൃശ്യവുമായ പദാർഥം, 'ഡാർക്ക് മാറ്റർ' (Dark matter). ഈ പദാർഥമാണു പ്രപഞ്ചത്തിലെ ആകെ ദ്രവ്യത്തിന്റെ ഏകദേശം 85 ശതമാനവും. എന്നാൽ ശാസ്ത്രജ്ഞർക്ക് ഇതുവരെ ഈ നിഗൂഢ പദാർഥത്തെ കാണാൻ കഴിഞ്ഞിട്ടില്ല, മാത്രമല്ല ഇതു കൃത്യമായി എന്താണെന്നുപോലും നിർവചിക്കപ്പെട്ടിട്ടുമില്ല.
പതിറ്റാണ്ടുകളായി ഡാർക്ക് മാറ്ററുമായി ബന്ധപ്പെട്ടു ശാസ്ത്രജ്ഞർ പരീക്ഷണങ്ങൾ തുടരുകയാണ്. ഇപ്പോൾ ഈ അദൃശ്യ പദാർഥത്തിന്റെ ആദ്യ സൂചനകൾ കണ്ടെത്തിയെന്ന വാർത്തയുമായി ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിൽ ഭൂമിക്കടിയിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണമാണു ഡാർക്ക് മാറ്ററിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന അപൂർവമായ പ്രവർത്തനം രേഖപ്പെടുത്തിയത്.
വർഷങ്ങളായി ശാസ്ത്രജ്ഞർ തിരയുന്ന ഈ അദൃശ്യ ദ്രവ്യത്തെ പൂർണമായും കണ്ടെത്തിയെന്നു ശാസ്ത്രജ്ഞർ അവകാശപ്പെടുന്നില്ലെങ്കിലും, പ്രപഞ്ചത്തിന്റെ വലിയ രഹസ്യം ചുരുളഴിയുന്നതിലേക്കുള്ള നിർണായകമായ ആദ്യ ചുവടുവയ്പാണിത്. ജപ്പാനിൽ നടന്ന ശാസ്ത്ര സമ്മേളനത്തിലാണ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ പാർട്ടിക്കിൾ ഫിസിസ്റ്റ് സാം എറിക്സണും സംഘവും നിർണായക പഠന റിപ്പോർട്ട് പുറത്തുവിട്ടത്.
പ്രപഞ്ചത്തിലെ ആകെ ദ്രവ്യത്തിന്റെ 85 ശതമാനത്തോളം 'ഡാർക്ക് മാറ്റർ' ആണെന്നു കരുതുന്നു. ഇതു പ്രകാശത്തെ പ്രതിഫലിപ്പിക്കുകയോ ആഗിരണം ചെയ്യുകയോ പുറത്തുവിടുകയോ ചെയ്യാത്തതിനാൽ നേരിട്ടു കാണാൻ സാധിക്കില്ല. എന്നാൽ സാധാരണ നക്ഷത്രങ്ങളിലും ഗാലക്സികളിലും ഇതു ചെലുത്തുന്ന ഗുരുത്വാകർഷണ പ്രഭാവം പഠിച്ചാണ് ഇതിന്റെ സാന്നിധ്യം ശാസ്ത്രജ്ഞർ മനസിലാക്കുന്നത്.
ലക്സ് സെപ്ളിൻ
സൗത്ത് ഡക്കോട്ടയിൽ ഭൂമിയുടെ ഉപരിതലത്തിൽനിന്ന് ഒന്നര കിലോമീറ്റർ താഴെയായി ലക്സ് സെപ്ളിൻ (LUX-ZEPLIN) എന്ന ഡാർക്ക് മാറ്റർ ഡിറ്റക്ടർ സ്ഥാപിച്ചിട്ടുണ്ട്. ദ്രാവകം നിറച്ച ഭീമാകാരമായ ടാങ്ക് ആണിത്. ടാങ്കിൽ ലിക്വിഡ് സെനൺ ആണു നിറച്ചിരിക്കുന്നത്. അപൂർവമായി ഏതെങ്കിലും കണിക സെനൺ ആറ്റങ്ങളുമായി കൂട്ടിയിടിച്ചാൽ അവിടെ പ്രകാശവും ഇലക്ട്രോണുകളും പുറന്തള്ളപ്പെടും. പ്രപഞ്ചത്തിൽ നിന്നുള്ള മറ്റു വികിരണങ്ങൾ കാരണം തെറ്റായ വിവരങ്ങൾ ലഭിക്കാതിരിക്കാനാണ് ഈ ഉപകരണം ഭൂമിക്കടിയിൽ സജ്ജീകരിച്ചിരിക്കുന്നത്.
2023 മാർച്ച് മുതൽ 2024 ഏപ്രിൽ വരെയുള്ള വിവരങ്ങൾ വിശകലനം ചെയ്തപ്പോഴാണു വിശദീകരിക്കാൻ കഴിയാത്ത പ്രത്യേക പ്രവർത്തനം ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതു സൃഷ്ടിച്ചത് ഡാർക്ക് മാറ്റർ കണികയാണെങ്കിൽ, അതിന്റെ പിണ്ഡം ഒരു പ്രോട്ടോണിന്റെ പിണ്ഡത്തേക്കാൾ 200 മടങ്ങു കൂടുതലായിരിക്കണം എന്നാണു ഗവേഷകർ കണക്കാക്കുന്നത്.
എങ്കിലും ഇതൊരു പൂർണമായ കണ്ടുപിടുത്തമായി പ്രഖ്യാപിക്കാൻ ശാസ്ത്രലോകം തയാറായിട്ടില്ല. സാധാരണ കണികകളുടെ ഇടപെടലുകൾ മൂലം ഇങ്ങനെ സംഭവിക്കാൻ അര ശതമാനം സാധ്യതയെങ്കിലും നിലനിൽക്കുന്നുണ്ട്. അതിനാൽ ഇത് ഡാർക്ക് മാറ്റർ തന്നെയാണോ എന്നുറപ്പിക്കാൻ കൂടുതൽ ഡാറ്റ ശേഖരണവും വിശദമായ പഠനങ്ങളും ഇനിയും ആവശ്യമാണ്. എങ്കിലും ശാസ്ത്രലോകത്തു വലിയ ആവേശവും ചർച്ചകളും സൃഷ്ടിക്കാൻ പ്രാഥമിക സൂചനയ്ക്കു കഴിഞ്ഞിട്ടുണ്ട്.
Tags : ScienceNews SpaceScience DarkMatter CosmicGlue SouthDakota SamEriksen LUXZEPLIN WIMP