പിണറായി വിജയൻ
ആലപ്പുഴ: മാസപ്പടി കേസിൽ ഇഡി ഉന്നയിച്ച ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാധ്യമങ്ങളുടെ രോഷവും പകയും കൊണ്ട് വലിയ അക്ഷരത്തിൽ വാർത്തകൾ കൊടുത്താൽ തീരുന്നതല്ല തന്റെ വ്യക്തി ജീവിതമെന്ന് പിണറായി പറഞ്ഞു.
തന്റെ ജീവിതം ജനങ്ങൾക്ക് മുന്നിൽ എന്നും തുറന്ന ഒരു പുസ്തകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തനിക്കെതിരെയുള്ള വേട്ടയാടൽ തുടങ്ങിയിട്ട് നാളുകളേറെയായെന്നും തന്നെ തകർക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ ശക്തികൾ ഉദ്ദേശിച്ച നിലയിലേക്ക് എവിടെയും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും തരത്തിൽ തന്നെ പഴിചാരുക എന്നത് മാത്രമാണ് ഇഡി ലക്ഷ്യമിടുന്നത്. എന്നാൽ അതിന് തക്കതായ ഒന്നും അവർക്ക് കണ്ടെത്താൻ കഴിയുന്നില്ല. ആ സാഹചര്യത്തിൽ തങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ യജമാനൻമാർ പറയുന്നതിനനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് അവർ ചെയ്യുന്നതെന്നും പിണറായി ആരോപിച്ചു.
സിപിഎം മാന്നാർ ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി. സിഎംആർഎൽ കമ്പനിക്ക് നൽകിയ സേവനങ്ങൾക്ക് വീണ കൃത്യമായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത്. അതിനുള്ള എല്ലാ നികുതികളും അടച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
ഇതെല്ലാം വ്യക്തമായ രേഖയിലുള്ള കാര്യങ്ങളാണ്. അതിൽ പറയുന്ന ഘട്ടത്തിലൊന്നും മുഹമ്മദ് റിയാസ് വീണയുടെ ഭർത്താവായിരുന്നിട്ടു പോലുമില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.